13 November Wednesday

കർഷകർക്ക്‌ ആനുകൂല്യപ്പെയ്‌ത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
നെടുമങ്ങാട് 
കർഷകർക്ക്‌ കൈനിറയെ ആനുകൂല്യങ്ങളുമായി നെടുമങ്ങാട്‌ നഗരസഭ. 2019-–-20 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കൃഷിഭവൻ വഴിയാണ് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നു. വിലപിടിപ്പുള്ള കവര്‍ തെങ്ങിന്‍ തൈകളുടെ വിതരണം, സബ്സിഡിയോടുകൂടിയ ജൈവവളം ലഭ്യമാക്കല്‍, ബയോഗ്യാസ് യൂണിറ്റിന്റെ വിതരണം, ഗ്രോബാഗ്, നടീല്‍ വസ്തുക്കള്‍ എന്നിവ ലഭ്യമാക്കല്‍, ഹരിതഭവനം പദ്ധതി പ്രകാരമുള്ള വിവിധ ആനുകൂല്യങ്ങള്‍, കിണര്‍ റീ ചാര്‍ജിങ് തുടങ്ങിയ ആനുകൂല്യങ്ങളാണ്‌ നല്‍കുന്നത്.
 
124 രൂപ വിലയുള്ള കവര്‍ തെങ്ങിന്‍തൈ ലഭിക്കുന്നതിന് ഗുണഭോക്തൃ വിഹിതമായ 31 രൂപ,ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവയും അസുഖം ബാധിച്ച തെങ്ങ്‌ മുറിച്ചുമാറ്റുന്നതിനുള്ള 1000 രൂപയുടെ സഹായം ലഭിക്കുന്നതിന് കരമൊടുക്കിയ രസീത്, ആധാര്‍, ബാങ്ക് പാസ് ബുക്കുകള്‍ എന്നിവയുടെ പകര്‍പ്പ് എന്നിവയുമായി കൃഷിഭവനില്‍ എത്തിച്ചേരണം. 8000 രൂപ ചെലവുള്ള കിണര്‍ ജലസമൃദ്ധമാക്കല്‍ സഹായത്തിന് പൊതുവിഭാഗത്തിലുള്ളവര്‍ ഗുണഭോക്തൃവിഹിതമായ 800 രൂപയും റേഷന്‍ കാര്‍ഡിന്റെയും ആധാറിന്റെയും പകര്‍പ്പുകളും സഹിതം കൃഷിഭവനിൽ എത്തണം. പട്ടികജാതിവിഭാഗത്തില്‍പ്പെട്ടവര്‍ ഗുണഭോക്തൃവിഹിതം അടയ്ക്കേണ്ടതില്ല. ആനുകൂല്യത്തിന് ജാതിസര്‍ട്ടിഫിക്കറ്റ്, ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ഹാജരാക്കണം. 
 
25 സെന്റിനുമേല്‍ പച്ചക്കറി കൃഷിയുള്ള കര്‍ഷകര്‍ക്കാണ് ജൈവവള സബ്സിഡി ലഭിക്കുക.അവര്‍ക്ക് വാങ്ങുന്ന ജൈവവളത്തിന്റെ 75 ശതമാനം സബ്സിഡി ലഭിക്കും. കരമൊടുക്കിയ രസീത്, റേഷന്‍ കാര്‍ഡ്, ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവ ഹാജരാക്കണം. ഗാര്‍ഹിക മാലിന്യം സംസ്കരിച്ച് ജൈവവളവും ഗ്യാസും ഉല്പാദിപ്പിക്കുന്നതിനുള്ള ബയോഗ്യാസ് യൂണിറ്റ്, ഗ്രോബാഗ്, നടീല്‍ വസ്തുക്കളുടെ ലഭ്യതയ്‌ക്ക് രേഖകളും  ഹരിത ഭവനം പദ്ധതി ആനുകൂല്യം എന്നിവയ്ക്ക് അനുബന്ധ രേഖകളും ഹാജരാക്കണം.
ആനുകൂല്യത്തിന് അതത് വാര്‍ഡ് കൗണ്‍സിലര്‍മാരെയോ കൃഷി ഫീല്‍ഡ് ഓഫീസര്‍മാരെയോ 26ന് മുമ്പ് സമീപിക്കണമെന്നും വാര്‍ഡ് സഭവഴി അപേക്ഷ സമര്‍പ്പിച്ച് ഗുണഭോക്തൃ പട്ടികയില്‍ പേരുള്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും നഗരസഭാ വികസന സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയര്‍മാന്‍ ആര്‍ മധു അറിയിച്ചു.
പ്രധാന വാർത്തകൾ
 Top