31 October Saturday

‘രണ്ടാം അപകടം ജോസഫിനെയും കൊണ്ടുപോയി’

എം ഒ ഷിബുUpdated: Thursday Sep 17, 2020
ചിറയിൻകീഴ്
ബുധനാഴ്‌ച അഞ്ചുതെങ്ങ് മാമ്പള്ളിയിലുണ്ടായ ബോട്ടപകടത്തിൽ മരിച്ച ജോസഫിനെ രക്ഷിക്കാനാകാത്ത വിഷമത്തിലാണ്‌ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ. 1994ൽ നടന്ന ബോട്ടപകടത്തിൽ ജോസഫിന്റെ  ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റ് സ്വാധീനകുറവുണ്ടായിരുന്നു. എന്നിട്ടും കുടുംബം പോറ്റാൻവേണ്ടിയാണ്‌ മീൻപിടിക്കാനിറങ്ങിയത്‌. ബുധനാഴ്‌ചയുണ്ടായ അപകടത്തിൽനിന്ന്‌ രക്ഷപ്പെടുന്നതിനും തടസ്സമായത്‌ കാലിന്റെ സ്വാധീനക്കുറവാണെന്ന്‌ സുഹൃത്തുക്കൾ പറയുന്നു.
 
‘‘ബുധനാഴ്ച രാവിലെ ആറിന്‌ മാമ്പള്ളിയിൽനിന്ന്‌ ഞങ്ങൾ ആറുപേരാണ് മത്സ്യബന്ധനത്തിന് പോയത്. കുറച്ചുദൂരം പിന്നിട്ടപ്പോൾ  ചെറിയ തിര വന്നു.  അത് ആരും ശ്രദ്ധിച്ചില്ല. പിന്നീട്‌ അപ്രതീക്ഷിതമായി വലിയ തിരവന്ന് വള്ളത്തെ എടുത്തെറിഞ്ഞു. വള്ളത്തിലെ എൻജിൻ ഭാഗത്താണ്‌ ജോസഫ് അങ്കിൾ ഇരുന്നത്. ഇടിയുടെ ആഘാതത്തിൽ അദ്ദേഹത്തിന്റെ തലയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കാലിന് സ്വാധീനക്കുറവുണ്ടായിരുന്നതിനാൽ നീന്തി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ജോസഫ് അങ്കിൾ ഒരുവശത്തും ബാക്കി അഞ്ച് പേർ മറുവശത്തുമാണ് വീണത്. എൻജിൻ ഇടിച്ചതിന്റെ ആഘാതത്തിൽ ജോസഫ് അങ്കിൾ വെള്ളത്തിൽ കൈയിട്ടടിച്ച് മുങ്ങിമരിക്കുന്നത് നോക്കി നിലവിളിക്കാനേ ഞങ്ങൾക്ക്‌ കഴിഞ്ഞുള്ളു’’–- ബോട്ടപകടത്തിൽനിന്ന് രക്ഷപ്പെട്ട ബിനോയിയുടെ വാക്കുകൾ ഇങ്ങനെ. ജോസഫിന്റെ മകൻ ജോബിന്റെ സുഹൃത്താണ് ബിനോയി.
 
‘‘ഞങ്ങൾക്കും പരിക്കേറ്റിരുന്നതിനാലാണ്‌ രക്ഷപ്പെടുത്താൻ കഴിയാതിരുന്നത്‌. എന്റെ തുടയിൽ ബോട്ടിന്റെ ഒരു ഭാഗം ശക്തിയായി ഇടിച്ചു’’–-ബിനോയി പറഞ്ഞു. 
ജോസഫിന്റെ മകൻ ജോബിൻ 17–-ാം വയസ്സിൽ പഠനം അവസാനിപ്പിച്ച്  മത്സ്യബന്ധനത്തിനിറങ്ങി. പത്താംക്ലാസിൽ നല്ല മാർക്കോടെ പാസായ ജോബിൻ വീട്ടിലെ പ്രാരാബ്ധങ്ങൾ കാരണമാണ്‌  പഠനം നിർത്തിയത്‌.  മൂന്നുദിവസം മുമ്പ്‌  ഉൾക്കടലിലുണ്ടായ അപകടത്തിൽ ജോബിനും പരിക്കേറ്റ്‌ വിശ്രമത്തിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top