15 October Tuesday

മാർ ഇവാനിയോസിൽ കാറിടിച്ച്‌ രണ്ട്‌ വിദ്യാർഥികൾക്ക്‌ പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019
തിരുവനന്തപുരം
നാലാഞ്ചിറ മാർ ഇവാനിയോസ് കോളജിൽ അമിതവേഗതയിൽ കാറോടിച്ച് രണ്ട് സ്കൂൾ കുട്ടികളെ ഇടിച്ചിട്ട കോളേജ് വിദ്യാർഥി കസ്റ്റഡിയിൽ. സ്കൂൾ വിട്ട് പോകുകയായിരുന്ന അഭിനവ്‌ സാബു, റിത ഷെരീഫ്‌ എന്നീ വിദ്യാർഥികൾക്കാണ് അപകടത്തിൽ പരിക്കേറ്റത്. മാർ ഇവാനിയോസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയും കുന്നുകഴി സ്വദേശിയുമായ രാഗേഷ് (19) നെയാണ് മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇടിയുടെ ആഘാതത്തിൽ അഞ്ചാംക്ലാസ് വിദ്യാർഥി റിത ഷെരീഫിന്റെ നട്ടെല്ലിന്‌ പരിക്കേറ്റു. അഭിനവിന്റെ കാലൊടിഞ്ഞു. ഇരുവരേയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന്  അധികൃതർ അറിയിച്ചു. 
തിങ്കളാഴ്ച വൈകിട്ട്‌ നാലോടെയാണ്‌ സംഭവം. മാർ ഇവാനിയോസ് ക്യാമ്പസിലുള്ള സർവോദയ വിദ്യാലയത്തിലെ  കുട്ടികളെയാണ് രാഗേഷ്‌ ഓടിച്ച കാർ ഇടിച്ചത്‌. തലസ്ഥാനത്ത് ഓണാഘോഷ സമാപനത്തോടനുബന്ധിച്ച് തിങ്കളാഴ്‌ച  ഉച്ചവരെ മാത്രമേ വിദ്യാലയങ്ങളിൽ ക്ലാസുണ്ടായിരുന്നുള്ളൂ. 
വിദ്യാർഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാഗേഷിനെയും ഓടിച്ച വാഹനമായ മാരുതി വാഗണറും പൊലീസ്  കസ്‌റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. ക്യാമ്പസുകളിൽ അമിത വേഗതയിൽ വാഹനമോടിച്ചുള്ള അപകടങ്ങൾ പെരുകിയതിനെ തുടർന്ന് പല കോളേജുകളിലും വാഹനങ്ങളിൽ വിദ്യാർഥികൾ എത്തുന്നതിൽ വിലക്കുണ്ട്‌.  സ്കൂളും കോളജും ഉള്ള ക്യാമ്പസാണ് മാർ ഇവാനിയോസിന്റേത്‌.
 
പ്രധാന വാർത്തകൾ
 Top