25 April Thursday

നെടുമങ്ങാട്‌ താലൂക്കിൽ മഴയിൽ വ്യാപകനാശം

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018
വിതുര > പെരിങ്ങമ്മല പഞ്ചായത്തിലെ ബ്രൈമൂർ, കല്യാണിക്കരിക്കകം, ഇടിഞ്ഞാർ പ്രദേശവാസികളെയും തൊളിക്കോട് പഞ്ചായത്തിലെ ചിറ്റിപ്പാറയുടെ താഴ്‌വാരത്ത് താമസിക്കുന്നവരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പെരിങ്ങമ്മല പഞ്ചായത്തിൽ ഇടിഞ്ഞാർ ഗവ. ട്രൈബൽ ഹൈസ്കൂളിലാണ് ദുരിതാശ്വാസ ക്യാമ്പ് തുറന്നത്.163 പേരെ മാറ്റി പാർപ്പിച്ചു. ഡി കെ മുരളി എം എൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു, പഞ്ചായത്ത് പ്രസിഡന്റ് ചിത്രകുമാരി തുടങ്ങിയവർ ക്യാമ്പിലെത്തി.
തൊളിക്കോട് പഞ്ചായത്തിലെ വിനോബാനികേതൻ യുപിഎസിലും കടുക്കാക്കുന്ന് എൽപിഎസിലുമാണ് ക്യാമ്പ് തുറന്നത്. 27 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇതിൽ 21 കുടുംബം എസ്ടി വിഭാഗത്തിൽപ്പെടുന്നു. ചിറ്റിപ്പാറയിലെ വൻപാറകളിലെ ഒരു ഭാഗം വർഷം മുമ്പ് അടർന്നുവീണിരുന്നു. കെ എസ് ശബരീനാഥൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി കെ മധു എന്നിവർ ക്യാമ്പ് സന്ദർശിച്ചു.
തൊളിക്കോട് ഊളൻകുടി കിഴക്കുംകര വീട്ടിൽ ലീല ,ആനപ്പെട്ടി പരപ്പാറ മൺപുറത്തുവീട്ടിൽ ഉഷ രഘുനാഥ് എന്നിവരുടെ വീടുകൾ മരംവീണ് തകർന്നു. മലയടി വിനോബാനികേതൻ കെ എസ് ഭവനിൽ എസ് ബീനയുടെ വീടിന്റെ ചുമരുകൾ ഇടിഞ്ഞുവീണു.
പാലോട്ട‌്  ആറ് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. വാമനപുരം നദി കര കവിഞ്ഞ് ഒഴുകുന്നു. മുണ്ടൻപാലം മുങ്ങി. പാലോട്‌ കല്ലറ റോഡിൽ ഗതാഗതം മുടങ്ങി.
വിളപ്പിൽ
 കനത്ത മഴയിലും കാറ്റിലും അരുവിക്കര പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. മണ്ണിടിച്ചിലിലും കാറ്റിലുമാണ് വീടുകൾ പ്രധാനമായി തകർന്നത്. കളത്തറ വാർഡിൽ 27 വീടാണ് തകർന്നത്. മേൽക്കൂരകൾ പറന്നുപോയി. വൻ മരങ്ങൾ കടപുഴകി. കരുമരക്കോട് പ്രദേശത്ത് കുന്നിൽനിന്ന് മണ്ണിടിഞ്ഞ് നടരാജൻ പാസ്റ്ററുടെ വീട് തകർന്നു. സമീപത്തെ രണ്ട് വീട‌് അപകടാവസ്ഥയിലാണ്. അഴീക്കോട് തെച്ചിക്കോട്ട‌്  മൂന്ന‌് വീട‌് ഭാഗികമായി തകർന്നു. മണമ്പൂർ, മൂഴിനട, മുണ്ടേല, കൊക്കോതമംഗലം, ഇരുമ്പ, ചെറിയ കൊണ്ണി പ്രദേശങ്ങളിലും വീടുകൾ ഭാഗികമായി തകർന്നു. കടമ്പനാട് കലമാനൂർ റോഡ്, കുമ്പളംമൂട് റോഡ് തുടങ്ങിയ റോഡുകളും തകർന്നു. പഞ്ചായത്തിലാകെ വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. ഓണത്തിന് വിളവെടുക്കാനിരുന്നത് മുഴുവൻ നശിച്ചു.
നെടുമങ്ങാട്
മണ്ണിടിഞ്ഞു വീടുതകര്‍ന്ന്  കുട്ടികളുള്‍പ്പെടെയുള്ള കുടുംബം വീടിനുള്ളില്‍ കുടുങ്ങി. അനവധി വീടുകളാണ് മേഖലയില്‍ തകര്‍ന്നത്. ഏക്കറു കണക്കിനു കൃഷി നശിച്ചു. ഏലാകളും വയലോരങ്ങളും പുരയിടങ്ങളും പലയിടത്തും വെള്ളത്തിനടിയിലാണ്. കൂറ്റന്‍ മരങ്ങളും കരിങ്കല്‍ കെട്ടുകളും മണ്‍കൂനകളും നിലംപൊത്തി പലയിടങ്ങളിലും ഗതാഗതവും വൈദ്യുതബന്ധങ്ങളും താറുമാറായി. ആറുകളും തോടുകളും കരകവിഞ്ഞു. തീരവാസികല്‍ കൊടിയ ഭീതിയിലാണ് കഴിയുന്നത്. 
വെമ്പായം പഞ്ചായത്തിലെ ചരുവിള ഇടുക്കുംകര കീഴ്പ്പറ്റയില്‍ മനോജും കുടുംബവുമാണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയത്. മണ്‍തിട്ട കൂറ്റന്‍ കരിങ്കല്ലുകളുമായി വീടിനു മുകളില്‍ പതിക്കുകയായിരുന്നു. ചുവരുകളും ടെറസ്സും തകര്‍ന്ന് കുടുംബം കിടക്കുകയായിരുന്ന മുറിയില്‍ പതിച്ചു. ഒരു കട്ടിലിലായിരുന്നു നാലംഗ കുടുംബം ഉറങ്ങിയത്. കട്ടിലിന് ഇരുവശത്താണ‌് കോണ്‍ക്രീറ്റു പാളികള്‍ അടര്‍ന്നുവീണത്. മനോജ്, ഭാര്യ നിഖില, മക്കളായ യമീമ (എട്ട്), ആമി(മൂന്ന്)എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പൂവത്തൂര്‍ ചിറയ്ക്കാണിയിലെ കോറിയില്‍ നിന്നാണ് കൂറ്റന്‍ കരിങ്കല്‍ച്ചീള് പതിച്ചത്. അടഞ്ഞുകിടക്കുന്ന കോറിയാണിത്. 
ആനാട്, പനവൂര്‍, വെമ്പായം പഞ്ചായത്തു മേഖലകളിലും നെടുമങ്ങാട് നഗരസഭാ പ്രദേശത്ത് ഉള്‍പ്പെട്ട ഗ്രാമീണമേഖലകളിലും വന്‍ ദുരിതങ്ങളാണ് പ്രളയം വിതച്ചത്. സി ദിവാകരൻ എംഎൽഎ  മണ്ഡലത്തിലെ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.
കാട്ടാക്കട  
കാട്ടാക്കട  താലൂക്കിൽ 269 വീട‌് തകർന്നു. ആറു വീട‌് പൂർണമായും 267 വീട‌് ഭാഗീകമായും നശിച്ചു. 
കുളത്തുമ്മൽ വില്ലേജിലാണ് കൂടുതൽ വീടുകൾ തകർന്നത്. ഒറ്റശേഖരമംഗലത്ത് 65, കീഴാറൂർ വില്ലേജിൽ 60 വീടും ഭാഗീകമായി തകർന്നു. ഒറ്റശേഖരമംഗലത്ത് മൂന്ന് വീട‌് പൂർണമായി തകർന്നു. അമ്പൂരി‐ പത്ത്, കള്ളിക്കാട്‐ നാല്, മണ്ണൂർകര‐ രണ്ട്, മലയിൻകീഴ‌്‐ നാല്, മാറനല്ലൂർ‐ 17, വിളപ്പിൽ‐ 13, വിളവൂർക്കൽ‐ നാല്, വാഴിച്ചൽ‐ ഏഴ്, പെരുകുളത്ത് ഒരു വീടും തകർന്നു.
പ്രധാന വാർത്തകൾ
 Top