തിരുവനന്തപുരം
കേന്ദ്ര ഗവൺമെന്റ് പ്രഖ്യാപിച്ച 100 ദിന കർമപരിപാടികളുടെ ഭാഗമായി റെയിൽവേയിൽ നടക്കുന്ന ത്വരിതഗതിയിലുള്ള സ്വകാര്യവൽക്കരണ പരിപാടികൾക്കെതിരായി ഓൾ ഇന്ത്യാ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) കേന്ദ്ര കമ്മിറ്റി ആഹ്വാനപ്രകാരം ദേശവ്യാപകമായി റണ്ണിങ് ജീവനക്കാർ നടത്തിയ ഉപവാസ സമരം സമാപിച്ചു.
തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ ഓഫീസ് പടിക്കൽ നടക്കുന്ന ഉപവാസസമരം തിങ്കളാഴ്ച അഡ്വ. എ സമ്പത്ത് ഉദ്ഘാടനംചെയ്തു. കോൺഫെഡറേഷൻ സെക്രട്ടറി ജനറൽ എം കൃഷ്ണൻ, എഐഎൽആർഎസ് നേതാക്കളായ കെ എ എസ് മണി, എം എം റോളി, ബിജു ജോർജ്, ജി ശ്രീകണ്ഠൻ, പി പ്രദീപ്, ജെ വേണുഗോപാൽ, പി എൻ സോമൻ തുടങ്ങിയവരും ഉണ്ണികൃഷ്ണൻ (ഡിആർഇയു), സജീവ്കുമാർ (എൻജിഒ യൂണിയൻ), അശോക്കുമാർ (കോൺഫെഡറേഷൻ), ആർ എസ് ബാബു (ആർസിഎൽയു) എന്നിവരും സംസാരിച്ചു.
കെ പി പുരുഷോത്തമൻ, ആർ എസ് അനിൽ, എം ഡി മനോജ്കുമാർ, എൻ എൻ ഗിരീഷ്കുമാർ തുടങ്ങിയ ജീവനക്കാരാണ് വിവിധ ഡിപ്പോകളെ പ്രതിനിധാനംചെയ്ത് നിരാഹാരമനുഷ്ഠിച്ചത്. റെയിൽവെയിലെ 68 ഡിവിഷനിലും ജീവനക്കാരും ഉപവസിച്ചു.ചൊവ്വാഴ്ച ഉപവാസ സമരം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എ എ റഹിം ഇളനീര് നൽകി സമാപിച്ചു.