23 July Tuesday
കടലിലേക്ക്‌ ഖരമാലിന്യം

75 ശതമാനവും പ്ലാസ്‌റ്റിക്‌

സ്വന്തം ലേഖകൻUpdated: Monday Jun 17, 2019
തിരുവനന്തപുരം
കടലിലേക്ക‌് ഒഴുകിയെത്തുന്ന ഖരമാലിന്യങ്ങളിൽ 75 ശതമാനവും പ്ലാസ‌്റ്റിക്കെന്ന‌് പഠനം. കാര്യവട്ടം പരിസ്ഥിതിശാസ്ത്ര വകുപ്പ‌് സമുദ്രമാലിന്യങ്ങളെക്കുറിച്ച‌് നടത്തിയ ശിൽപ്പശാലയുടെ ഭാഗമായാണ‌് പഠനം നടത്തിയത‌്. കരമനയാറിലും മേനംകുളം കടൽതീരത്തും നടത്തിയ ദ്രുതപഠനങ്ങളിലാണ‌് ഞെട്ടിപ്പിക്കുന്ന കണക്കുകൾ. 
 
കരമന നദീതീരത്തെ 500 ചതുരശ്ര മീറ്ററിൽ നടത്തിയ ദ്രുതപഠനത്തിൽ 1,537 ഖരമാലിന്യങ്ങൾ ശേഖരിച്ചതിൽ 78 ശതമാനവും പ്ലാസ്റ്റിക്കായിരുന്നു. ഇതിൽ  32 ശതമാനം ഫിലിം പ്ലാസ്റ്റികും 16 ശതമാനം പ്ലാസ്റ്റിക് കുപ്പികളുമായിരുന്നു. മേനംകുളം കടലോരത്തെ 2000 ചതുരശ്ര മീറ്റർ സ്ഥലത്തുനിന്ന‌് 6,321 ഖരമാലിന്യം ശേഖരിച്ചതിൽ 89 ശതമാനത്തോളം പ്ലാസ്റ്റിക്കായിരുന്നു. ഇതിൽ 36 ശതമാനം സ്റ്റൈറോഫോമും 32 ശതമാനം പ്ലാസ്റ്റിക് ഫിലിമുകളുമാണ്. 
 
 കേരള സർവകലാശാലയും അമേരിക്കയിലെ ഹാർട്ഫോഡ് സർവകലാശാലയും സംയുക്തമായാണ് പഞ്ചദിന ശിൽപ്പശാല സംഘടിപ്പിച്ചത്. 
വിദഗ‌്ധരുടെ സേവനം പ്രയോജനപ്പെടുത്തി ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യപ്രശ്നത്തിന് അവസാനം കുറിക്കണമെന്ന ആഹ്വാനത്തോടെയാണ് ശിൽപ്പശാല സമാപിച്ചത്. 
 
 കടലിലേക്ക് ഇനിയും പ്ലാസ്റ്റിക് ഒഴുക്കിവിടാത്ത പ്ലാസ്റ്റിക് മുക്ത സ്മാർട് സിറ്റിക്കായുള്ള ശ്രമങ്ങൾ ഉണ്ടാവണമെന്നും ശിൽപ്പശാലയിൽ ആവശ്യമുയർന്നു. മത്സ്യഫെഡ് എം ഡി ഡോ. ലോറൻസ് ഹരോൾഡ് സമാപന സമ്മേളനം ഉദ‌്ഘാടനം ചെയ‌്തു. ഹാർട‌്ഫോർഡ‌് സർവകലാശാല അസോ. പ്രൊഫ. കാതറിൻ എ ഓവൻസ്, പോർട‌്ലാൻഡ‌് സർവകലാശാല ഗവേഷണ വിദ്യാർഥി കാറ്റീ കോൺലൺ, പരിസ്ഥിതിശാസ‌്ത്ര വകുപ്പ‌് പ്രൊഫസർ ഡോ. ഡി എസ് ജയ, അക്വാട്ടിക‌് ബയോളജി ആൻഡ‌് ഫിഷറീസ‌് വകുപ്പ‌് അധ്യാപിക ഡോ.അഖില എസ് നായർ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top