20 November Wednesday

വാഹനങ്ങള്‍ പണയത്തിനെടുത്ത് മറിച്ച് വില്‍ക്കുന്ന സംഘം അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019
തിരുവനന്തപുരം 
സംസ്ഥാനവ്യാപകമായി വാഹനം പണയത്തിൽ എടുത്ത് മറിച്ച് വിൽക്കുന്ന സംഘം അറസ്റ്റിൽ.  കൊല്ലം ചവറ ഇടപ്പള്ളിക്കോട്ട ദാറുൽ സാബീൽ വീട്ടിൽ അമീൻ (29), ​ഗുരുവായൂർ  ബ്രഹ്മകുളം പുളിച്ചാരം വീട്ടിൽ ഷമീർ (33), തിരുവനന്തപുരം മുട്ടത്തറ മാണിക്യവിളാകം ബദരിയ ന​ഗർ ഷീബ മൻസിലിൽ മുഹമ്മദ് സിറാജ് (23) എന്നിവരാണ് വലിയതുറ പൊലീസിന്റെ പിടിയിലായത്.
 
കരുനാ​ഗപ്പള്ളി സ്വദേശി അനസിന്റെ കെഎൽ 23 ക്യൂ 5524 നമ്പർ ഹ്യൂണ്ടായി ഇയോൺ കാർ, തൃശൂർ സ്വദേശി ജിഷികുമാറിന്റെ കെ എൽ 46 ക്യൂ 3084 നമ്പർ മാരുതി സുസുക്കി വാ​ഗൺ ആർ, അങ്കമാലി സ്വദേശി പി ജെ സുനിലിന്റെ ഉടമസ്ഥതയിലുള്ളതും തൃശൂർ സ്വദേശി ആൽബിൻ കരാർ പ്രകാരം വിലയ്ക്കുവാങ്ങി ഉപയോ​ഗിക്കുന്ന കെഎൽ 07 ബിഎക്സ് 100 നമ്പർ ഇന്നോവ കാർ എന്നിവ രണ്ടുദിവസത്തേക്ക് വാടകയ്ക്കെടുത്ത പ്രതികൾ  വാ​ഗണർ, ഇന്നോവ എന്നിവമറിച്ച് വില്‍ക്കുന്നതിനായി തിരുവനന്തപുരത്തെത്തിക്കുകയായിരുന്നു.  
സിറാജുമായി വാഹനം വിൽപ്പനയ്ക്കായി ശ്രമിക്കുകയും പേരൂർക്കട സ്വദേശിയെ സമീപിക്കുകയും ചെയ്തു. മതിയായ രേഖകൾ ഇല്ലാത്തതിനാൽ വിൽപ്പന നടന്നില്ല. തുടർന്ന‌് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കി. 
 
ഇതിനിടെ ഇന്നോവ കാർ വാങ്ങാൻ ആളെത്തിയപ്പോൾ പ്രതികൾ വാഹനങ്ങൾ തിരികെ ആവശ്യപ്പെടുകയായിരുന്നു.
വിവാ​ഹ ആവശ്യത്തിനായി വാഹനം വാടകയ‌്ക്ക‌് നൽകിയെന്നും രണ്ടുദിവസത്തിനകം മടക്കിനൽകാമെന്നും വാടകയ്ക്ക് എടുത്തയാള്‍ ഉറപ്പ‌് നൽകിയെങ്കിലും പ്രതികൾ വാഹനം ബലമായി  തട്ടിയെടുത്ത‌്  മടങ്ങും വഴി പൊലീസിന്റെ പിടിയിലാകുകയായിരുന്നു.
 
മുഹമ്മദ് സിറാജിന്റെ പേരില്‍ സംസ്ഥാനത്തെ നിരവധി സ്റ്റേഷനുകളില്‍ കേസുണ്ട്.  2018 ജൂലൈയിൽ ഉളിയനാട് സ്വദേശി അതുൽ പ്രസാദിന്റെ വീട്ടിൽനിന്ന് എൽഇഡി ടിവി, ഡിവിഡി പ്ലെയർ, ഹോം തിയറ്റർ എന്നിവ മോഷ്ടിച്ചതിന് ചാത്തന്നൂർ  സ്റ്റേഷനിലും  പള്ളിത്തുറ സ്വദേശി സിയാദിന്റെ സഹോദരിയുടെ  വീട്ടിൽനിന്ന്  ഒന്നരലക്ഷം രൂപയുടെ എൽഇഡി ടിവി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ചതിന്  തുമ്പ പൊലീസ് സ്റ്റേഷനിലും 2018 ജൂണിൽ നെടുമങ്ങാട് സ്വദേശി മധുസൂദനൻനായരുടെ കടയുടെ ഷട്ടർ കുത്തിത്തുറന്ന‌് 92,860 രൂപ മോഷ്ടിച്ചതിനും  കല്ലുംപാറ പ്രഭാകരൻനായരുടെ കട കുത്തിത്തുറന്ന് രൂപ മോഷ്ടിച്ചതിനും നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലും കേസുണ്ട്.  ആലുവ തോട്ടുംകര ജങ്ഷനിലെ ബാബുവിന്റെ വീട് കുത്തിത്തുറന്ന് സ്വർണമാല, മോതിരം, ലാപ്ടോപ്പ് എന്നിവ മോഷ്ടിച്ചതിന് ആലുവ സ്റ്റേഷനിലുമാണ് സിറാജിനെതിരെ കേസുള്ളത്.  
 
വലിയതുറ പൊലിസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ കെ ഷെറി, സബ് ഇൻസ്പെക്ടർ പ്രദീപ്കുമാർ, ഫ്രാൻസിസ്, അശോകൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഇമാമുദ്ദീൻ, സണ്ണി, സിവിൽ പൊലീസ് ഉദ്യോ​ഗസ്ഥരായ ബിനു, അനീഷ്, അനസ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top