25 June Tuesday

പ്രതാപം വീണ്ടെടുക്കാൻ കൊട്ടാരക്കുളം

സുധീർ വർക്കലUpdated: Friday May 17, 2019

വർക്കല കൊട്ടാരക്കുളം കാട്കയറി നശിച്ച നിലയിൽ

വർക്കല 
വർക്കലയിലെ ചരിത്രപ്രാധാന്യമുള്ള കൊട്ടാരക്കുളം കാടുകയറിയും മാലിന്യം നിറഞ്ഞും നശിക്കുന്നു. ടൂറിസം വകുപ്പിന്റെ അധീനതയിൽ വർക്കല ഗസ്റ്റ്ഹൗസിന‌് സമീപമാണ് രാജഭരണകാലത്ത്  ഉപയോഗിച്ചിരുന്ന കുളം സ്ഥിതിചെയ്യുന്നത്. സംരക്ഷിക്കാൻ നടപടികളില്ലാത്തതാണ് 150 വർഷത്തിലധികം പഴക്കമുള്ള കുളത്തിന്റെ ദുരവസ്ഥയ്ക്ക‌് കാരണം.
വളരെ  വിസ്തൃതമായിരുന്ന കുളം ഇന്ന‌് ചുരുങ്ങിയ നിലയിലാണ‌്.  ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ കുളം നവീകരിക്കാനുള്ള തയ്യാറെടുപ്പിലാണ‌്. 
 
രാജഭരണകാലത്ത‌് രാജാവിന്റെ വിശ്രമ മന്ദിരമായിരുന്നു ഇന്നത്തെ ഗസ്റ്റ്ഹൗസ്. കടൽക്കാറ്റേറ്റ‌് വിശ്രമിക്കാനായി രാജാവ് വർക്കലയിലെത്തുമ്പോൾ തങ്ങിയിരുന്നത് ഇവിടെയാണ്. കൊട്ടാരവാസികളും പരിചാരകരും ഉൾപ്പെടെയുള്ള സ്ത്രീകൾക്ക് കുളിക്കാനും മറ്റുമാണ് കൊട്ടാരക്കുളം ഉപയോഗിച്ചിരുന്നത്. കുളത്തിന് നാലുവശവും കെട്ടി അടച്ചുറപ്പുള്ളതായിരുന്നു കുളം. എന്നാൽ, കാലക്രമേണ ഇവ ഓരോന്നായി നശിക്കാൻ തുടങ്ങി. ജലസമൃദ്ധമായിരുന്ന കുളം രാജഭരണം അവസാനിച്ചശേഷം പ്രദേശവാസികൾ ഉപയോഗിച്ചു തുടങ്ങി. പാപനാശം കുന്നിലെ നീരുറവകളിലെ വെള്ളമാണ് കുളത്തിൽ അധികവും എത്തിയിരുന്നത്. 
 
ചക്രതീർഥക്കുളത്തിലെപ്പോലെ വെള്ളം നിറയുന്നതനുസരിച്ച് ഒഴുകി വയലിലേക്ക‌് പോകാനുള്ള സംവിധാനമുണ്ടായിരുന്നു. ഇതിനുസമീപം വസ്ത്രങ്ങൾ അലക്കാനായി കുളമുണ്ട്. പ്രധാന കുളം നശിച്ചത് സമീപത്തെ ജലസ്രോതസ്സുകളെയും ബാധിച്ചു. മതിൽ കെട്ടുകൾ പല ഭാഗത്തും ഇടിഞ്ഞ് കുളത്തിലേക്ക‌് വീണിട്ടുണ്ട്. കുളം സംരക്ഷിക്കണമെന്ന‌ ആവശ്യം ശക്തമാണ‌്. അത‌് പ്രദേശത്ത‌് ജല ലഭ്യത ഉറപ്പാക്കാനും സഹായകരമാകും.
 
കുളത്തിന‌് മധ്യഭാഗത്ത് മാത്രമാണ് ഇപ്പോൾ വെള്ളമുള്ളത്. മധ്യഭാഗത്ത‌് ഒരു കിണറുമുണ്ട്. പരിസരവും കുളത്തിനകവും കാടുമൂടിയതിനാൽ മാലിന്യം നിറഞ്ഞു. വർക്കലയിൽ സെന്റർ ഫോർ പെർഫോമിങ‌് ആർട്സ് നിർമിക്കുന്നതിന‌് വിട്ടുനൽകിയ രണ്ടേക്കർ സ്ഥലത്താണ‌് കുളമുള്ളത്. രംഗകലാകേന്ദ്രത്തിന്റെ നിർമാണം പൂർത്തിയാക്കുന്ന മുറയ്ക്ക് കൊട്ടാരക്കുളവും സംരക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട‌്.
പ്രധാന വാർത്തകൾ
 Top