17 June Monday

തുറന്ന ജയിലിൽ മത്സ്യക്കൃഷി വിളവെടുപ്പ‌്

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
കാട്ടാക്കട
നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നടന്ന മത്സ്യക്കൃഷി വിളവെടുപ്പ്  സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നെയ്യാർ ഡാമിൽ നെട്ടുകാൽത്തേരി ജയിൽ വളപ്പിനുള്ളിലെ അഞ്ചേക്കറോളം വരുന്ന സ്ഥലത്ത് ജലം സംഭരിക്കാനുള്ള ചെക്ക് ഡാമിൽ ആണ് മത്സ്യക്കുഞ്ഞുങ്ങളെ 11 മാസം മുമ്പ് നിക്ഷേപിച്ചത്. കൃത്യമായ പരിചരണത്തിലൂടെ  3500 കിലോ മത്സ്യമാണ് വ്യാഴാഴ്ച വിളവെടുത്തത്. ഗ്രാസ്, കട്ട്‌ല, സിലോപിയ, സൈപ്രസ്, രോഗു തുടങ്ങിയ ഇനം മത്സ്യങ്ങളാണ്  വിളവെടുത്തത‌്. വിളവെടുത്ത മത്സ്യങ്ങൾ  ജില്ലയിലെ അഞ്ചു ജയിലുകളിൽ എത്തിച്ചു. പൊതുജനങ്ങൾക്ക് കിലോയ്ക്ക് 50 മുതൽ 150 രൂപ വരെ വിലനിരക്കിൽ ജയിൽവളപ്പിൽത്തന്നെ വിപണനം നടത്തി. അഡ്വ. ഗോപകുമാറിന്റെ നേതൃത്വത്തിൽ ഇന്റേണൽ ഷിപ്പിന്റെ ഭാഗമായി തിരുവനന്തപുരം ലോ കോളേജ് ലോ അക്കാദമി, കാരക്കോണം ലോ അക്കാദമി, പാലക്കാട് ലോ കോളേജ് എന്നിവിടങ്ങളിൽനിന്നുള്ള 29 നിയമവിദ്യാർഥികളും വിളവെടുപ്പിന് സാക്ഷികളായി.   ഇത്തരം കൃഷികൾ ജയിൽ അന്തേവാസികൾക്ക്  മാനസിക സ്വസ്ഥതയ്ക്കും സന്തോഷത്തിനും കൂടുതൽ സഹായകരമാകുമെന്ന‌് ജയിൽ സൗത്ത് സോൺ ഡിഐജി സന്തോഷ് പറഞ്ഞു. 
 
ജയിൽവളപ്പിൽ പച്ചക്കറികൾ, കപ്പ  ഉൾപ്പെടെയുള്ള  കൃഷിയും നന്നായി നടക്കുന്നുണ്ട‌്.  സെൻട്രൽ ജയിൽ സൂപ്രണ്ട് വിനോദ്, നെട്ടുകാൽത്തേരി തുറന്ന ജയിൽ സൂപ്രണ്ട് ബി സുനിൽകുമാർ, ജോയിന്റ‌് സൂപ്രണ്ട് എസ് സജീവ്, അസിസ്റ്റന്റ‌് സൂപ്രണ്ട് പാട്രിക്, റിജിൻ മോഹൻ, അഗ്രികൾച്ചർ ഓഫീസർ അജിത് സിങ‌്, റീജ്യണൽ വെൽഫെയർ ഓഫീസർ സന്തോഷ്, ഫിഷറീസ് വകുപ്പ‌് ഉദ്യോഗസ്ഥ ബീന, കോ ഓർഡിനേറ്റർ അജയകുമാർ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ‌് അജിത, വൈസ് പ്രസിഡന്റ‌് ശ്യാംലാൽ തുടങ്ങിയവർ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top