17 September Tuesday
ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ

ഹരിതകർമസേനയുടെ പേരിൽ അനധികൃത പണപ്പിരിവ്: നാട്ടുകാരുടെ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
വിളപ്പിൽ
ആരോഗ്യ ഇൻഷുറൻസ് പുതുക്കലിനിടെ വെള്ളനാട് ഗ്രാമപഞ്ചായത്തിൽ നടന്ന അനധികൃത പണപ്പിരിവ്  സംഘർഷത്തിനിടയാക്കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ‌് ഹരിത കർമസേന അംഗത്തെ ആക്രമിച്ചതായാണ‌് ആരോപണം. വെള്ളനാട് ഗവ.എൽപി സ്കൂളിൽ വ്യാഴാഴ്ച ആരംഭിച്ച ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കലിനിടെയാണ് ഹരിതകർമസേനയുടെ പേരിൽ അനധികൃതപിരിവുമായി പഞ്ചായത്ത് അധികൃതർ എത്തിയത്. കാർഡ് പുതുക്കുന്നതിന് സർക്കാർ നിശ്ചയിച്ച 50 രൂപയ്ക്ക‌് പുറമെ 30 രൂപ കൂടി ഇടാക്കി ഹരിതകർമസേന യൂസർഫീ രസീത് നൽകുകയായിരുന്നു. വീടുകളിലെ മാലിന്യങ്ങൾ നീക്കംചെയ്യുന്നതിന് ഹരിതകർമസേന നൽകുന്ന 30 രൂപയുടെ രസീതാണിത്.
 
ഹരിതകർമസേനയ്ക്ക് മാലിന്യങ്ങൾ നീക്കം ചെയ്യാൻ നൽകാത്തവരും ഒരിക്കൽ പണം നൽകിയവരും വീണ്ടും യൂസർഫീ നൽകാൻ നിർബന്ധിതരായി. ഇതിനെതിരെ നാട്ടുകാർ  പ്രതിഷേധവുമായി രംഗത്തെത്തി.
 
പ്രതിഷേധത്തെ തുടർന്ന്  പിരിവ് നിർത്തിവച്ചു. പിരിവ് നിർത്തിയത‌് ചോദ്യം ചെയ്തെത്തിയ പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ വെള്ളനാട് ശശി ഹരിതകർമസേനാംഗമായ വനിതയെ മർദിച്ചതായി നാട്ടുകാർ പറഞ്ഞു.
 
സിപിഐ എം വെള്ളനാട് സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും അനധികൃത പണപ്പിരിവിൽനിന്ന‌് പിന്മാറി. നാട്ടുകാരിൽനിന്ന‌് പഞ്ചായത്ത് അധികൃതർ പിരിച്ചെടുത്ത പണം അടിയന്തരമായി തിരികെ നൽകണമെന്ന് സിപിഐ എം വെള്ളനാട്‌ സൗത്ത് ലോക്കൽ സെക്രട്ടറി എസ് എൽ അനിൽകുമാർ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top