25 March Monday
നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കും

വില്ലുവണ്ടി യാത്രാസമര വാർഷികം വൻ ഘോഷയാത്രയോടെ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 17, 2018

മഹാത്മാ അയ്യൻകാളിയുടെ വില്ലുവണ്ടിയാത്രയുടെ 125 ാം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ നടന്ന ഘോഷയാത്രയുടെ മുൻനിര

കോവളം > സാമൂഹ്യ അസമത്വത്തിനെതിരെയും  അധഃസ്ഥിത ജനവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന‌ു വേണ്ടിയും നവോത്ഥാന നായകൻ അയ്യൻ‌കാളി നടത്തിയ വില്ലുവണ്ടി യാത്രാസമരത്തിന്റെ 125ാം വാർഷികാഘോഷങ്ങൾക്ക‌് ഉജ്വല സമാപനം.  വെങ്ങാനൂരിൽ ആയിരങ്ങൾ അണിനിരന്ന സാംസ‌്കാരിക ഘോഷയാത്രയോടെയായിരുന്നു ഒരു മാസത്തിലേറെ നീണ്ട ആഘോഷ പരിപാടികൾ സമാപിച്ചത‌്. തുടർന്ന‌് നടന്ന നവോത്ഥാന ബഹുജന സംഗമം  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ‌്തു. നവോത്ഥാന  മുന്നേറ്റത്തിലെ സുപ്രധാന ഏടായി   1893ൽ വെങ്ങാനൂരിൽനിന്നാണ‌്  അയ്യൻകാളി വില്ലുവണ്ടിയാത്ര നടത്തിയത്. വിലയ‌്ക്കു വാങ്ങിയ വില്ലുവണ്ടിയിൽ  കാളകളെ  ബന്ധിച്ച് അവയുടെ കഴുത്തിലും കൊമ്പിലും മണികൾ കെട്ടി   മുണ്ട് നീട്ടിയുടുത്ത്  കോട്ടും  മേൽമുണ്ടും തലപ്പാവും ധരിച്ചായിരുന്നു അയ്യൻകാളിയുടെ  സമരം. ചാലിയാർത്തെരുവുവഴി ആറാലുംമൂട് ചന്തയിലേക്കും തിരികെ വെങ്ങാനൂരിലേക്കും  തുടർന്ന‌്  തലസ്ഥാനത്തേക്കും  അദ്ദേഹം നടത്തിയ യാത്ര ചരിത്രസംഭവമായി. നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും വർഗീയ ഫാസിസം ഉയർത്തുന്ന  വെല്ലുവിളികൾക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനുമുള്ള ആഹ്വാനത്തോടെയായിരുന്നു വില്ലുവണ്ടി സമരവാർഷികാഘോഷങ്ങൾ സമാപിച്ചത‌്. 

സിപിഐ എം,  കെഎസ‌്‌കെടിയു, പികെഎസ് കോവളം ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷപരിപാടികൾ. ബുധനാഴ‌്ച വൈകിട്ട‌് വിഴിഞ്ഞം മുക്കോലയിൽനിന്നാണ‌് വർണാഭമായ ഘോഷയാത്ര ആരംഭിച്ചത‌്. സ‌്ത്രീകളും കുട്ടികളമടക്കം വൻ ജനാവലി പങ്കെടുത്തു. പതിനൊന്നു വില്ലുവണ്ടികൾ ഘോഷയാത്രയിലണിനിരന്നു. ചെണ്ടമേളം, തെയ്യം തുടങ്ങി പരമ്പരാഗത കലാരൂപങ്ങളും ഫ‌്ളോട്ടുകളും ഘേഷായാത്രക്ക‌് മിഴിവേകി. നവോത്ഥാന ബഹുജനസംഗമത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ അധ്യക്ഷനായി. പ്രമുഖ എഴുത്തുകാരൻ കാഞ്ച ഐലയ്യ മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാർ, വി ശിവൻകുട്ടി, ഹരിതകേരളമിഷൻ വൈസ‌് ചെയർപേഴ‌്സൺ ഡോ. ടിഎൻ സീമ, നേതാക്കളായ സി ജയൻ ബാബു, ബിപി മുരളി, എൻ രതീന്ദ്രൻ, കെ ആൻസലൻ എംഎൽഎ, പുല്ലുവിള സ്റ്റാൻലി, പി രാജേന്ദ്രകുമാർ, കെ ശശാങ്കൻ, വണ്ടിത്തടം മധു, കാഞ്ഞിരംപാറ രവി  എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ അഡ്വ. പി എസ‌് ഹരികുമാർ സ്വാഗതം പറഞ്ഞു. ആഘോഷ പരിപാടികളുടെ ഭാഗമായി  ആയിരത്തിലധികം വീട്ടുമുറ്റ കൂട്ടായ്മകൾ നടത്തിയിരുന്നു. പ്രചാരണജാഥകളും  ഗൃഹസന്ദർശനവും ലഘുലേഖ വിതരണവും നടത്തി. പുരാവസ്തുവകുപ്പും കേരള ലളിതകലാ അക്കാദമിയും  ചേർന്ന് ചരിത്ര ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ചു. ചരിത്ര ചിത്രപ്രദർശനവും ഉണ്ടായിരുന്നു.  അയ്യൻകാളിയുടെ ജന്മസ്ഥലമായ മുക്കോല പെരുങ്കാറ്റുവിളയിൽ  അയ്യൻകാളി പ്രതിമ സ്ഥാപിക്കും.  സിപിഐ എം സം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ശിലാസ്ഥാപനം നടത്തി.

പ്രധാന വാർത്തകൾ
 Top