23 January Wednesday

മാർക്‌സിലേക്ക് തുറന്ന അക്ഷരജാലകം

സ്വന്തം ലേഖകൻUpdated: Wednesday Jan 17, 2018
തിരുവനന്തപുരം > ഒക്ടോബർ വിപ്ലവത്തിനും അഞ്ചുവർഷംമുമ്പെ കാൾ മാർക്‌സിന്റെ ജീവിതത്തിലേക്ക് മലയാളത്തിന്റെ അക്ഷരജാലകം തുറന്ന ചരിത്രഭൂമികയിൽ പുരോഗമന വിപ്ലവ പ്രസ്ഥാനത്തിന്റെ ജില്ലാ സമ്മേളനത്തിന് വേദിയൊരുങ്ങുന്നു. മാർക്‌സിന്റെ ജീവചരിത്രം മലയാളത്തിൽ എഴുതിയ സ്വദേശാഭിമാനിയുടെ തുടിക്കുന്ന ഓർമകൾ സിപിഐ എം ജില്ലാ സമ്മേളനത്തിന് ആവേശം പകരും. മലയാളികൾ മാർക്‌സിനെ അടുത്തറിയുന്നത് നെയ്യാറ്റിൻകരയിൽ ജനിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയിലൂടെയാണ്. 1912 ലാണ് അദ്ദേഹം മാർക്‌സിന്റെ ജീവചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിച്ചത്. മാർക്‌സിന്റെ ജീവിതത്തെയും കമ്യൂണിസ്റ്റ് തത്വങ്ങളെയും മലയാളിക്ക് പരിചയപ്പെടുത്തിയ സ്വദേശാഭിമാനി ജില്ലയിൽ പ്രസ്ഥാനത്തിന് വിത്തുപാകി. 
സാംസ്‌കാരികപ്പെരുമയുടെയും പഴമയുടെയും സംഗമഭൂമിയായ തലസ്ഥാന മണ്ണ് പണിയെടുക്കുന്നവന്റെ അവകാശപ്പോരാട്ടങ്ങൾക്കും സാക്ഷ്യം നിന്നു. ജാതി മേധാവിത്വത്തിനെതിരായ നിവർത്തന പ്രക്ഷോഭംമുതൽ വിദ്യാർഥി സമരംവരെ എണ്ണമറ്റ ജനകീയ പോരാട്ടങ്ങൾക്കാണ് ഇവിടെ തിരികൊളുത്തിയത്. തിരുവിതാംകൂറിലെ ഉത്തരവാദിത്ത പ്രക്ഷോഭത്തിന് നേതൃത്വം വഹിച്ച ധീരവനിത ആനി മസ്‌ക്രീന്റെ കർമഭൂമിയും ഇവിടെ. നവോത്ഥാന നായകരായ ചട്ടമ്പി സ്വാമികൾ (1853), ശ്രീനാരായണ ഗുരു(1856), അയ്യൻകാളി (1863) എന്നിവരും ജനിച്ചത് തിരുവനന്തപുരത്തിന്റെ മണ്ണിൽ. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലൂടെ ഇന്നും ജ്വലിക്കുന്ന ഓർമയായ വേലുത്തമ്പി, സംഗീത ചക്രവർത്തി സ്വാതി തിരുനാൾ, പത്രപ്രവർത്തനരംഗത്തും കലാതത്വചിന്തയിലും നട്ടെല്ലു വളയ്ക്കാത്ത ഋഷിതുല്യനായ കേസരി ബാലകൃഷ്ണപിള്ള, മഹാകവി കുമാരനാശാൻ... ഇവരെല്ലാം കടന്നുപോയത് ഈ മണ്ണിലൂടെ.
 
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ രൂപീകരണത്തിന് മുന്നോടിയായി കമ്യൂണിസ്റ്റ് ലീഗിന്റെ പിറവിക്ക് വേദിയായ മണ്ണാണ് തലസ്ഥാനം. 1931 ഏപ്രിലിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപം തൈക്കാട്ടെ രഹസ്യകേന്ദ്രത്തിലാണ് കമ്യൂണിസ്റ്റ് ലീഗ് രൂപംകൊണ്ടത്. തുടർന്ന് 1938ൽ പാർടി സെൽ നിലവിൽ വന്നു. കാട്ടായിക്കോണം ശ്രീധർ, പി ഫക്കീർഖാൻ, ഉള്ളൂർ ഗോപി, മണ്ണന്തല കരുണാകരൻ, തൈക്കാട് ഭാസ്‌കർ, പുതുപ്പള്ളി രാഘവൻ, പൊന്നറ ശ്രീധർ തുടങ്ങിയവരുടെ മുൻകൈയിലാണ് സെൽ രൂപീകരിച്ചത്. പി കൃഷ്ണപിള്ള, ഇ എം എസ്, എ കെ ജി, ഇ കെ നായനാർ, കെ ദാമോദരൻ, കെ സി ജോർജ്, എം എൻ ഗോവിന്ദൻനായർ, സി ഉണ്ണിരാജ  തുടങ്ങി  ഒട്ടേറെ നേതാക്കൾക്ക് ജില്ല ഒളിത്താവളമൊരുക്കി. 
 
വേളി റെയിൽവേ സ്റ്റേഷന് സമീപം ഉള്ളൂർ ഗോപിയുടെ വീട്ടിൽ ഇ എം എസ് മാസങ്ങളോളം ഒളിവിൽ കഴിഞ്ഞു. പൊലീസ് വീട് വളഞ്ഞപ്പോൾ അദ്ദേഹം വേളി കായൽ നീന്തിയാണ് രക്ഷപെട്ടത്. പേട്ടയിൽ മണ്ണന്തല കരുണാകരന്റെ വീടിനോട് ചേർന്ന നെയ്ത്തുശാല ഒളിവുകേന്ദ്രമാക്കിയ ഇ കെ നായനാർ അവിടെനിന്നാണ് കള്ളപ്പേരിൽ കേരളകൗമുദിയിൽ ജോലിക്കെത്തിയത്. വിപ്ലവപ്രസ്ഥാനത്തിന്റെ വഴിത്താരയിൽ ത്യാഗത്തിന്റെയും ധീരതയുടെയും ഏടുകൾ തലസ്ഥാനത്ത് ഇനിയുമേറെ. 
 
 
പ്രധാന വാർത്തകൾ
 Top