13 November Wednesday

"വയനാടൻ പുലി' സഫാരി പാർക്കിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2019

കാട്ടാക്കട  

വയനാട്ടിൽ ഭീതിപരത്തിയ പുലി ഇനി നെയ്യാർ ഡാം സിംഹ സഫാരിപാർക്കിലെ കൂട്ടിൽ. തിങ്കളാഴ്ചയാണ് വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സിംഹ സഫാരിപാർക്കിൽ ഏഴു വയസ്സുള്ള പുലിയെ എത്തിച്ചത്. ബത്തേരി ചെതലയം മാതമംഗലത്തുള്ള ബൊമ്മൻ കോളനിയിൽനിന്നാണ്‌ പിടിച്ചത്‌. ആദ്യം വയനാട് വന്യജീവി സങ്കേതത്തിൽ ഉൾവനത്തിൽ തുറന്നുവിട്ട പുലി വീണ്ടും നാട്ടിലിറങ്ങുകയായിരുന്നു. വളർത്തുമൃഗങ്ങളെയാണ് പുലി കൂടുതലും ആക്രമിച്ചത്. വയനാട് വന്യജീവി സങ്കേതം ലാബ് അങ്കണത്തിൽ പുലിയെ നിരീക്ഷണത്തിലാക്കി. കാട്ടിൽ  വിട്ട പുലി തിരികെ എത്തിയതിനാൽ വീണ്ടും കാട്ടിൽ വിടുന്നത് പ്രായോഗികമല്ല എന്നതിനാലാണ്‌ സഫാരിപാർക്കിലേക്ക്‌ വിട്ടത്‌. അതേസമയം, സിംഹങ്ങളെ തുറന്നുവിടുന്ന പാർക്കിൽ പുലിയെ തുറന്നുവിടാനാകില്ല. അതിനാൽ, പൊതുജനങ്ങൾക്ക്‌ പുലിയെ പ്രദർശിപ്പിക്കില്ല. മുമ്പ്‌ ഇത്തരത്തിൽ പിടികൂടി വയനാട്ടിൽനിന്നെത്തിച്ച പത്തു വയസ്സുള്ള പെൺകടുവയും പാർക്കിലുണ്ട്‌.

പ്രധാന വാർത്തകൾ
 Top