31 July Saturday

ഓർമകൾക്ക് ഇടമൊരുങ്ങി, 
ഒറ്റവർഷത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 16, 2021
തിരുവനന്തപുരം 
നിലയ്ക്കാത്ത ഓർമകളുടെ അടിക്കല്ലിലാണ് ഈ മന്ദിരം ഉയർന്നിരിക്കുന്നത്. അനുഭവങ്ങളും പാളിച്ചകളും വെള്ളിത്തിരയുടെ കരുത്താക്കിയ അഭിനയ വിസ്‌മയമായ സത്യ​ന്റെ സ്മാരകം. വിടവാങ്ങി 50 വർഷം പിന്നിട്ടിട്ടും ഓർമക്കടലും കടന്നെത്തുന്നു, പ്രേക്ഷകരുടെ "പളനി'. മലയാളമനസിൽ ചേക്കേറിയ അനശ്വര നടൻ സത്യന്‌ സ്‌മാരകം യാഥാർഥ്യമാക്കിയത്‌ എൽഡിഎഫ്‌ സർക്കാർ. 
 
സ്‌മാരകം ജന്മനാടായ തിരുവനന്തപുരത്തുതന്നെ വേണമെന്നത്‌ ചലച്ചിത്ര–-സാംസ്‌കാരിക ലോകത്തിന്റെ ദീർഘകാല ആവശ്യമായിരുന്നു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ്‌ വീഡിയോ പാർക്കിൽ സത്യന്റെ സ്മാരകമായാണ്‌ സംസ്ഥാന ചലച്ചിത്ര അക്കാദമി ആസ്ഥാന മന്ദിരവും സെന്റർ ഫോർ ഇന്റർനാഷണൽ ഫിലിം റിസർച്ച് ആൻഡ്‌ ആർക്കൈവ്സ്‌ (സിഫ്ര) എന്ന ചലച്ചിത്ര ഗവേഷണ കേന്ദ്രവും കഴിഞ്ഞ സർക്കാർ നിർമ്മിച്ചത്‌. 
 
2016ൽ സാംസ്‌കാരിക മന്ത്രിയായിരുന്ന എ കെ ബാലനോട്‌ സ്‌മാരകം തലസ്ഥാനത്ത്‌ വേണമെന്ന്‌ സത്യന്റെ മകനും സത്യൻ ഫൗണ്ടേഷൻ ഭാരവാഹിയുമായ ജീവൻ സത്യൻ ആവശ്യപ്പെട്ടിരുന്നു. 2017ലെ അനുസ്‌മരണ ചടങ്ങിൽ നടൻ മധുവും ഇക്കാര്യം ഓർമ്മിപ്പിച്ചു. ഒരു വർഷത്തിനകം കിൻഫ്ര പാർക്കിൽ സ്‌മാരകം ഉയർന്നു. 2017 ജൂൺ രണ്ടിന് തറക്കല്ലിട്ട മന്ദിരം 2018 നവംബർ 21ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ തുറന്നു നൽകി. 
 
11,500 ചതുരശ്ര അടി വിസ്തീർണമുള്ള ഈ കെട്ടിടത്തിൽ 50 പേർക്ക് ഇരിക്കാവുന്ന മിനി തിയേറ്റർ, 10,000 ക്ലാസിക്‌ സിനിമകളുടെ ശേഖരമുള്ള ഡിജിറ്റൽ ആർക്കൈവ്സ്, 6000 പുസ്തകങ്ങളുള്ള ലൈബ്രറി, കോൺഫറൻസ് ഹാൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌. 
 
കേരളത്തിലെ ചലച്ചിത്ര പ്രദർശന ചരിത്രത്തിന്റെ ഭാഗമായ ആദ്യകാല പ്രൊജക്ടർ, മൂവിയോള പോലുള്ള ചലച്ചിത്ര നിർമ്മാണ ഉപകരണങ്ങൾ, അവാർഡ് ജേതാക്കളുടെയും മുതിർന്ന ചലച്ചിത്ര പ്രവർത്തരുടെയും ഫോട്ടോകൾ എന്നിവയും ഇവിടെ പ്രദർശനത്തിനുണ്ട്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top