17 July Wednesday

മരണത്തിനും ജീവിതത്തിനുമിടയിലെ ഒന്നരമണിക്കൂർ...

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
കിളിമാനൂർ
കോൺക്രീറ്റ്  സ്ലാബിനടിയിൽ പെട്ട് ഏത് നിമിഷവും മരിക്കാമെന്ന ഭയത്തിൽ കഴിഞ്ഞ ഒന്നര മണിക്കൂർ നേരത്തെക്കുറിച്ച് ഇപ്പോഴും ഒരു ഞെട്ടലോടെയേ ചന്ദ്രബാബുവിന് (കുറുപ്പിന്) ഓർക്കാൻ കഴിയുന്നുള്ളൂ. മടവൂർ മാങ്കോണത്ത് വീടിന്റെ ഗേറ്റ‌് നിർമാണത്തിനിടെ സ്ലാബ‌് തകർന്ന് ശരീരത്തിൽവീണ് പരിക്കേറ്റ ന​ഗരൂർ ദർശനാവട്ടം ​ഗേറ്റുമുക്ക് കൊച്ചുവിളവീട്ടിൽ കുറുപ്പ് എന്ന ചന്ദ്രബാബുവിന് ജീവൻ തിരികെ കിട്ടി എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല. വളരെക്കാലമായി  ഒരുമിച്ച് ജോലിചെയ്തിരുന്ന ആത്മാർഥ സുഹൃത്ത് കൊടുവഴന്നൂർ പന്തുവിള ഇടവിള പുത്തൻവീട്ടിൽ ജയകുമാർ (തങ്കൻ, 47) അപകടത്തിൽ മരിച്ചതിന്റെ ഞെട്ടലിലാണ് കുറുപ്പ് ഇപ്പോഴും. ആ ദുരന്തനിമിഷത്തെക്കുറിച്ച് കുറുപ്പ് ഓർത്തെടുക്കുന്നത് ഇങ്ങനെ: ഏതാണ്ട് പത്തുവരെ ഇരുവരും ഒരുമിച്ച് കോൺക്രീറ്റ് കമാനത്തിന്റെ രണ്ട് തട്ടുകളുടെ ഇടയിലിരുന്ന് മുകളിലെ പാളി പൂശുകയായിരുന്നു. ഇതിനിടയിൽ പ്രഭാതഭക്ഷണത്തിനായി കുറുപ്പ് താഴെ ഇറങ്ങുകയും തുടർന്ന് പത്തരയോടെ വീണ്ടും ജോലിയിൽ ഏർപ്പെടുകയുമായിരുന്നു. പ്രഭാതഭക്ഷണത്തിന് ശേഷം കുറുപ്പ് കോൺക്രീറ്റ് പാളിയുടെ സൈഡിലായാണ് നിന്നിരുന്നത്. 
 
അധികം വൈകാതെ വലിയ ശബ്ദംകേട്ടത് മാത്രമേ കുറുപ്പിന് ഓർമയുള്ളൂ. കനമുള്ള എന്തോ ശരീരത്തിൽ അമരുന്നതായി തോന്നി. ഇതിനിടയിൽ അടർന്നുവീണ കോൺക്രീറ്റ് പാളി മരണപ്പെട്ട ജയകുമാറിന്റെ തലയിൽ പതിച്ചിരുന്നു. അപകടത്തിൽ ജയകുമാറിന്റെ കഴുത്ത് ഒടി‍‍ഞ്ഞു. ഏതാണ്ട‌് ഒന്നരമണിക്കൂർ നേരമാണ് ഇരുവരും സ്സാബിനുള്ളിൽ കുടുങ്ങിക്കിടന്നത്. ശ്വസിക്കാൻ നന്നെ പണിപ്പെട്ടിരുന്ന കുറുപ്പിനെ ബോധം മറയുന്നുവെന്ന ഘട്ടത്തിലാണ് പുറത്തെടുത്തത്. അപകടത്തിൽ മരിച്ച ജയകുമാറിന്റെ തുച്ഛവരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. പരേതന്റെ കുടുംബത്തിന് സഹായമെത്തിക്കുമെന്ന് ബി സത്യൻ എംഎൽഎ അറിയിച്ചു. പ്രവാസി വ്യവസായി മടവൂർ മാങ്കോണം റസീബാ മൻസിലിൽ സിയാദിന്റെ പുതിയ വീടിന് മുന്നിലുള്ള അലങ്കാര ആർച്ചാണ് തകർന്നത്. സിയാദും കുടുംബവും വർഷങ്ങളായി പ്രവാസജീവിതം നയിക്കുന്നവരാണ്. 
 
ആർച്ചിന് മുകളിൽ പണിത കോൺക്രീറ്റ് ബീമിന് ആവശ്യാനുസരണം കമ്പിയും സിമന്റും ഉപയോ​ഗിച്ചില്ലെന്ന ആക്ഷേപവും ആവശ്യത്തിന് താങ്ങ് തൂണുകൾ നൽകിയിരുന്നില്ല എന്ന ആക്ഷേപവും ഉയരുന്നുണ്ട്. മുകൾനില കോൺക്രീറ്റിങ‌്‌ നടത്തി അത് ഉറയ‌്ക്കാനുള്ള സാവകാശംകൂടി നൽകാത്തതോടെയാണ് ദുരന്തം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top