16 July Tuesday
ബാലഭാസ‌്കറിന്റെ മരണം

അപകടസ്ഥലവും വാഹനവും ഫോറൻസിക‌് സംഘം പരിശോധിച്ചു

സ്വന്തം ലേഖകൻUpdated: Sunday Jun 16, 2019
തിരുവനന്തപുരം
വയലിനിസ‌്റ്റ‌്‌ ബാലഭാസ‌്കറിന്റെ അപകടമരണത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി ഫോറൻസിക‌് സംഘം അപകട സ്ഥലവും വാഹനവും പരിശോധിച്ചു. വാഹനം ഇടിച്ച മരം ഉൾപ്പെടെ പരിശോധിച്ചു. വൃക്ഷത്തിൽ തറച്ചിരിക്കുന്ന വാഹനത്തിന്റെ അവശിഷ്ടത്തിൽനിന്ന‌് സാമ്പിളുകൾ ശേഖരിച്ചു. തുടർന്ന‌് ഇന്നോവ സൂക്ഷിച്ചിരിക്കുന്ന മംഗലപുരം സ‌്റ്റേഷനിലും എത്തി. രണ്ടരമണിക്കൂറോളം ഇവിടെ പരിശോധന നീണ്ടു.
 
വാഹനം ഓടിച്ചത‌് ആരെന്ന‌് കണ്ടെത്തുന്നതിനാണ‌് തെളിവെടുപ്പ‌്. ഫോറൻസിക‌് റിപ്പോർട്ട‌് ഉടൻ തയ്യാറാകും. ഒരുവട്ടം കൂടി സ്ഥലത്തെത്തി തെളിവെടുപ്പ‌് നടത്തണമെന്ന‌് ക്രൈംബ്രാഞ്ച‌് ഫോറസിക‌് വിഭാഗത്തോട‌് അഭ്യർഥിച്ചിരുന്നു. അപകടം സംബന്ധിച്ച ചില സംശയങ്ങൾ ദൂരീകരിക്കുന്നതിനു വേണ്ടിയാണിത‌്. അന്വേഷണത്തിന‌് നേതൃത്വം നൽകുന്ന ക്രൈംബ്രാഞ്ച‌് ഡിവൈഎസ‌്പി കെ ഹരികൃഷ‌്ണനും എസ‌്ഐ ആർ പി അനൂപ‌് കൃഷ‌്ണയും ഒപ്പമുണ്ടായിരുന്നു.
 
അന്വേഷണം അന്തിമഘട്ടത്തിലാണ‌്. ഫോറൻസിക‌് റിപ്പോർട്ടിന്റെയും മൊബെൽഫോൺ കോളുകളുടെയും പരിശോധനാ ഫലം പൂർത്തിയാകാൻ കാക്കുകയാണ‌് അന്വേഷകസംഘം. ഇതിൽനിന്ന‌് വാഹനം ഓടിച്ചത‌് ആരെന്ന‌് ഉറപ്പിക്കാൻ കഴിയും. 25 പേരുടെ ഫോൺകോളുകൾ പരിശോധിച്ചതിൽ 15 പേരുടെ ഫലം ശനിയാഴ‌്ച ക്രൈംബ്രാഞ്ചിന‌് ലഭിച്ചു. അർജുനാണ‌് വാഹനം ഓടിച്ചതെന്ന‌് തെളിഞ്ഞാൽ ഇയാളെ കസ‌്റ്റഡിയിലെടുത്ത‌് വിശദമായി ചോദ്യം ചെയ്യും. നിലവിൽ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ‌് ഇയാൾ. 
 
മൂന്നുവട്ടമാണ‌് ഇയാൾ മൊഴിമാറ്റിയത‌്. അപകടത്തിന‌ുശേഷം ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ വാഹനം ഓടിച്ചത‌് താനാണെന്ന‌് ആദ്യം പറഞ്ഞു. പൊലീസിന‌് മുന്നിൽ ബാലഭാസ‌്കറാണെന്നും അവസാനം ക്രൈംബ്രാഞ്ചിന‌് മുന്നിൽ ഓർമയില്ലെന്നുമാണ‌് മൊഴി നൽകിയത‌്. അന്വേഷണം ഊർജിതമായതോടെ അസമിലേക്ക‌് കടന്നെങ്കിലും പിന്നീട‌് തിരിച്ചെത്തുകയായിരുന്നു. ബാലഭാസ‌്കറിന്റെ അച്ഛൻ കെ സി ഉണ്ണിയുൾപ്പെടെയുള്ള ബന്ധുക്കളാണ‌് അപകടത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടത‌്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top