17 July Wednesday

കെഎസ്ആർടിസി ബസ‌് ലോറിയിൽ ഇടിച്ച‌് കത്തിയമർന്നു

സ്വന്തം ലേഖകൻUpdated: Sunday Jun 16, 2019

കൊട്ടാരക്കര എംസി റോഡിൽ വയക്കലിൽ കൂട്ടിയിടിച്ച്‌ കത്തുന്ന കെഎസ്ആർടിസി ബസും കോൺക്രീറ്റ്‌ മിക്‌സർ ടാങ്കറും

 കൊട്ടാരക്കര

എംസി റോഡിൽ വയക്കലിൽ കെഎസ്ആർടിസി ബസും റെഡിമിക്സ് ടാങ്കർലോറിയും കൂട്ടിയിടിച്ച് വൻ തീപിടിത്തം. ഇരുവാഹനങ്ങളും പൂർണമായും കത്തിയമർന്നു. 20 പേർക്ക‌് പരിക്കേറ്റു. 
 
ഗുരുതര പൊള്ളലേറ്റ കെഎസ്ആർടിസി കിളിമാനൂർ ഡിപ്പോയിലെ ഡ്രൈവർ കാരേറ്റ് സ്വദേശി പ്രകാശ് (50), പരിക്കേറ്റ കണ്ടക്ടർ തിരുവനന്തപുരം പള്ളിക്കൽ സ്വദേശി സജീം (41) എന്നിവരെ തിരുവനന്തപുരം മെഡിക്കൽകോളേജ‌്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊള്ളലേറ്റ ലോറിഡ്രൈവർ രാജേന്ദ്രൻ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. 
 
ബസ് യാത്രക്കാരായ നെയ്യാറ്റിൻകര വർഷ നിവാസിൽ ജെ സൂരജ് (34), അഞ്ചൽ പുത്തയം പുത്തൻവിളയിൽ ഷറഫുദീൻ (65) എന്നിവർ വാളകത്തെ സ്വകാര്യ ആശുപത്രിയിലും ലോറിയിലുണ്ടായിരുന്ന ബംഗാൾ ആരംഖന്ന സ്വദേശി ഖലിപുത്ത റാവു (22) കൊട്ടാരക്കര താലൂക്കാശുപത്രിയിലും ബസ‌് യാത്രക്കാരി ഇളംപഴഞ്ഞൂർ താന്നിപൊയ്കയിൽ വീട്ടിൽ ജാസ്മി (22)  കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. 
 
ചടയമംഗലം മുല്ലശേരിൽ വീട്ടിൽ രശ്മി (43), ആര്യ (20), മേപ്പുറത്ത് വീട്ടിൽ അനുഷ (26), രജിത (32), ബേബി (62), തിരുവനന്തപുരം സ്വദേശി കൃഷ്ണകുമാർ (33), പട്ടാഴി സ്വദേശി ജ്യോത്സ‌്ന (25), കടപ്പാക്കട സ്വദേശിനി ഡോ. അനില (30), തട്ടാമല അമൃതശൈലത്തിൽ മിനി (38), ആറ്റിങ്ങൽ ബീനാനിവാസിൽ വിദ്യ(18), വീണ (42), പാപ്പാല അഖിൽ നിവാസിൽ വി അഖിൽ  (20) എന്നിവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 
ശനിയാഴ്ച പകൽ 2.15ന് വയക്കൽ എൽഎംഎസ് ജങ‌്ഷനിലായിരുന്നു അപകടം.  റെഡിമിക്സ് ടാങ്കർ ലോറിയുടെ ഡീസൽ ടാങ്കിൽ ബസ് ഇടിച്ചുകയറിയതാണ‌് തീപിടിക്കാനിടയാക്കിയത‌്. ലോറിയും ബസും പൂർണമായും കത്തിയമർന്നു. എംസി റോഡിന്റെ നിർമാണപ്രവൃത്തി നടത്തുന്ന  സ്വകാര്യ കമ്പനിയുടേതാണ് ലോറി. 
 
നിർമാണപ്രവർത്തനങ്ങൾക്കുള്ള കമ്പനി യാർഡിൽനിന്ന് കോൺക്രീറ്റ് മിക്സുമായി ലോറി പുറത്തിറങ്ങിയപ്പോഴായിരുന്നു സംഭവം. ബസിന്റെ മുൻസീറ്റുകളിൽ ഇരുന്നവർക്കാണ് പൊള്ളലേറ്റത്. പിന്നിലിരുന്നവർക്ക് ഇടിയുടെ ആഘാതത്തിൽ ഉണ്ടായ പരിക്കുകളാണ്. ബസിനുള്ളിലേക്ക് തീ ആളിപ്പടർന്നപ്പോഴേക്കും നാട്ടുകാരും സമീപത്തുള്ളവരും ചേർന്ന് യാത്രക്കാരെ പുറത്തിറക്കി. പൊലീസും  ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏറ്റെടുത്തു. ഏറെനേരത്തെ ശ്രമഫലമായാണ് തീ അണയ്ക്കാനായത്. മൂന്നുമണിക്കൂർ എംസി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.
പ്രധാന വാർത്തകൾ
 Top