22 October Tuesday

12 പേർക്ക‌് ജീവനായി അവർ മൂന്ന‌ുപേർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019
തിരുവനന്തപുരം
സംസ്ഥാന സര്‍ക്കാരിന്റെ അവയവദാനപദ്ധതിയായ മൃതസഞ്ജീവനിയിലൂടെ കഴിഞ്ഞദിവസം മാത്രം പുതുജീവൻ കിട്ടിയത‌് പന്ത്രണ്ടോളം പേര്‍ക്ക്. ഇടുക്കി വണ്ടന്‍മേട് ചേറ്റുകുഴി കരിമ്പനയ്ക്കല്‍  നിബിയ മേരി ജോസഫ് (25), കണ്ണൂർ കക്കറ ചേപ്പാത്തോട് സ്വദേശി മല്ലിക (37), എറണാകുളം പാനായിക്കുളം ചിറയം എട്ടുപറയിൽ അല്ലി തങ്കപ്പനെ (65) എന്നിവരുടെ അവയവങ്ങളാണ‌് വിവിധ ആശുപത്രികളിലായി 12 പേർക്ക‌ായി ജീവൻ പകുത്തുനൽകിയത‌്. മൃതസഞ്ജീവനി പദ്ധതിയിലൂടെയാണ‌് വിവിധ ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയകള്‍ ഏകോപിപ്പിച്ചത്.   
 
സ്വപ്നം കണ്ട ജീവിതത്തിലേക്ക‌് കാലെടുത്ത‌ുവയ‌്ക്കുന്നതിന‌ുമുമ്പേ ജീവിതം നഷ്ടമായെങ്കിലും ഇടുക്കി സ്വദേശിനി നിബിയയുടെ അവയവങ്ങൾ ഏഴ‌ു പേർക്ക‌ായാണ‌് പകുത്തുനൽകിയത‌്.  
 
അടുത്തമാസം വിവാഹജീവിതത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കവെയാണ് നിബിയ മേരി ജോസഫ് കാറപകടത്തില്‍ മരിച്ചത്. വിവാഹത്തിന് സ്വര്‍ണാഭരണം വാങ്ങാനായി കുടുംബാംഗങ്ങള്‍ക്കൊപ്പം പോകുമ്പോള്‍ തിങ്കളാഴ്ചയായിരുന്നു അപകടം. നിബിയയുടെ അച്ഛന്‍ ജോസഫ് ചാക്കോ സംഭവദിവസം തന്നെ മരിച്ചു. നിബിയയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ ബന്ധുക്കള്‍ അവയവങ്ങള്‍ ദാനംചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കല്‍ കോളേജിലും കരള്‍ നിബിയ ചികിത്സയില്‍ കഴിഞ്ഞ കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലും ഒരു വൃക്കയും പാന്‍ക്രിയാസും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും കണ്ണുകള്‍ കൊച്ചി ഗിരിധര്‍ ആശുപത്രിയിലുമടക്കം ഏഴുപേര്‍ക്ക് ദാനം ചെയ്താണ് നിബിയ ലോകത്തോട് വിടപറഞ്ഞത്. 
 
കണ്ണൂർ സ്വദേശിനിയായ മല്ലിക (37) കിണറ്റിൽ വീണ് പരിക്കേറ്റ് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് മല്ലികയുടെ ഭർത്താവ് മനോജ് അവയവം ദാനംചെയ്യാൻ സന്നദ്ധനായി. മല്ലികയുടെ ഓർമകൾ നിലനിർത്താനുള്ള ബേക്കറി ജീവനക്കാരനായ മനോജിന്റെയും മക്കളുടെയും ശ്രമം കൂടിയാണിത‌്. മല്ലികയുടെ വൃക്കകളും കരളും മിംസ് ആശുപത്രിക്കു നൽകി.
 
തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് എറണാകുളം സ്വദേശിനി അല്ലി തങ്കപ്പനെ (65) എറണാകുളം അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്കമരണം ഉറപ്പാക്കിയതോടെ ഭർത്താവ് തങ്കപ്പനും മൂന്നുമക്കളും ചേർന്ന് അവയവം ദാനംചെയ്യാൻ തീരുമാനിച്ചു. അങ്ങനെ കരൾ ദാനം ചെയ്യുകയായിരുന്നു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top