16 July Tuesday

നടുക്കം

സ്വന്തം ലേഖകൻUpdated: Thursday May 16, 2019
തിരുവനന്തപുരം
ബുധനാഴ‌്ച പുലർച്ചെവരെ കനറാ ബാങ്കിനെതിരെയുള്ള പ്രതിഷേധത്തിൽ എരിയുകയായിരുന്നു മാരായിമുട്ടം മലയിക്കട നിവാസികൾ. ഫോറൻസ‌ിക‌് വിദഗ‌്ധരും പൊലീസിന്റെയും വിശദമായ തെളിവെടുപ്പിൽ ചന്ദ്രന്റെ വീട്ടിൽനിന്ന‌് ലേഖയുടെയും മകളുടെയും ആത്മഹത്യക്കുറിപ്പ‌് കണ്ടെടുത്തതോടെ അവരുടെ രോഷം ഒരുവേള നടുക്കമായി മാറി. കനറാ ബാങ്കിനെതിരെയുള്ള  രോഷം ചന്ദ്രനും അമ്മയ‌്ക്കും മറ്റുബന്ധുക്കൾക്കും എതിരെയുള്ള പ്രതിഷേധാഗ്നിയായി. 
തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ലേഖയുടെയും മകൾ വൈഷ‌്ണവിയുടെയും പോസ‌്റ്റുമോർട്ടം. പോസ‌്റ്റുമോർട്ടത്തിനുശേഷം ഇരുവരുടെയും മൃതദേഹം പകൽ ഒന്നോടെയാണ‌് മഞ്ചവിളാകത്തെ വസതിയിൽ എത്തിയത‌്. അതിനകം വീടും പരിസരവും ലേഖയെയും മകളെയും അവസാനമായി ഒരുനോക്ക‌് കാണാൻ എത്തിയവരെ കൊണ്ട‌് നിറഞ്ഞിരുന്നു. ലേഖയുടെ മുഖത്തിന്റെ കുറച്ച‌് ഭാഗം മാത്രമാണ‌് പൊതുദർശനത്തിന‌് വച്ചപ്പോൾ കാണിച്ചത‌്. വൈഷ‌്ണവിയുടെ മുഖമുൾപ്പെടെ പൂർണമായി മറച്ചിരുന്നു. വൈ‌ഷ‌്ണവിയുടെ മൃതദേഹം കണ്ടതോടെ കൂട്ടുകാരികൾ അലമുറയിട്ടു. കൂട്ടുകാരിയുടെ പേര‌് ചൊല്ലിയുള്ള നിലവിളി ഹൃദയഭേദകമായിരുന്നു. നാടിന്റെ വിവിധ മേഖലകളിലുള്ളവർ ആദരാഞ‌്ജലിയർപ്പിച്ചു. ഇതിനിടയിൽ ലേഖയുടെ സഹോദരിയെ ബന്ധുക്കൾ മൃതദേഹങ്ങൾക്ക‌് അരികിൽ എത്തിച്ചു. ‘നീ എന്തിനാടി പിള്ളേം കൊണ്ടുപോയെ, ഇത്രയൊക്കെ സഹിച്ചില്ലെടീ’ എന്ന‌് പറഞ്ഞ‌് നിലവിളിച്ച ബിന്ദുവിനെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. 
ഏറ്റവും ഒടുവിലാണ‌് ബന്ധുക്കൾ സമ്മതം അറിയിച്ചതോടെ ചന്ദ്രനെ മൃതദേഹം കാണിക്കാൻ പൊലീസ‌് കൊണ്ടുവന്നത‌്. ചന്ദ്രനെ മാത്രമേ കാണാൻ അനുവദിക്കൂ എന്ന‌് ബന്ധുക്കൾ നിബന്ധനവച്ചിരുന്നു. തുടർന്ന‌് കനത്ത സുരക്ഷയിൽ ചന്ദ്രനെയും എത്തിച്ചു. 
സിപിഐ എം നേതാക്കളും ജനപ്രതിനിധികളും ചൊവ്വാഴ്ചമുതലേ ആശുപത്രിയിലും മറ്റെല്ലാ ആവശ്യങ്ങൾക്കും ഒപ്പമുണ്ടായിരുന്നു. 
വീട്ടുവളപ്പിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ എംഎൽഎമാരായ സി കെ ഹരീന്ദ്രൻ, കെ ആൻസലൻ, സിപിഐ എം ഏരിയ സെക്രട്ടറി കടകുളം ശശി, കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് വൈ ലേഖ, വൈസ് പ്രസിഡന്റ് വി എസ് ബിനു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി ബേബി, ഐ സുരജാദേവി, സിപിഐ എം ഏരിയ കമ്മിറ്റിയംഗങ്ങളായ അഡ്വ. എസ് അജയകുമാർ, വി താണുപിള്ള, എൻ എസ് നവനീത്കുമാർ, എസ് വിക്രമൻ തുടങ്ങി വിവിധ രാഷ്ട്രീയ പാർടി നേതാക്കളുൾപ്പെടെ വൻ ജനാവലി അന്ത്യോപചാരമർപ്പിച്ചു.
പ്രധാന വാർത്തകൾ
 Top