16 July Tuesday

ഡോക്ടറാകാൻ മോഹിച്ച കൂട്ടുകാരികളുടെ സ്വന്തം ‘കരാട്ടെ വൈഷ‌്ണവി’

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

ലേഖയുടെയും മകൾ വൈഷ്‌ണവിയുടെയും ചിതയ്‌ക്ക്‌ ലേഖയുടെ സഹോദരിയുടെ മകനായ ശ്യാം തീകൊളുത്തുന്നു

അവസാനമായി കോളേജിൽവച്ച‌് കണ്ടപ്പോൾ ‘ഞാനിനി വരില്ലെന്ന് പറഞ്ഞ‌്’ അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു. അതിങ്ങനെയാകുമെന്ന‌്...’ സ‌്നേഹയുടെയും ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളുടെയും വാക്കുകൾ മുറിഞ്ഞു

 

പാറശാല
‘കരാട്ടെ വൈഷ‌്ണവി’ സ‌്നേഹത്തോടെ കൂട്ടുകാരികൾ അവളെ വിളിച്ച പേരായിരുന്നു അത‌്. സഹപാഠികൾക്ക‌് മനക്കരുത്തിന്റെയും നിശ്ചയദാർഢൃത്തിന്റെയും നല്ല മാതൃകയായ മിടുമിടുക്കിയായിരുന്നു വൈഷ‌്ണവി. വൈഷ‌്ണവി ആത്മഹത്യ ചെയ്തുവെന്ന‌് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല സുഹൃത്തുക്കൾക്ക‌്.
ക്ലാസ‌് ലീഡറും കോളേജ‌് യൂണിയൻ വൈസ‌്ചെയർപേഴ‌്സണുമായ എന്തിനും ഏതിനും മുന്നിൽ നിൽക്കുന്ന ചുറുചുറുക്കുള്ള വൈഷ‌്ണവിയുടെ മുഖമാണ‌് കൂട്ടുകാരികളുടെ മനസ്സിൽ. 
പനച്ചമൂട‌് വൈറ്റ‌് മെമ്മോറിയൽ കോളേജിലെ ഒന്നാംവർഷ ബികോം വിദ്യാർഥിനിയായിരുന്നു വൈഷ‌്ണവി. കരാട്ടെ പഠിച്ചിട്ടുണ്ടെന്നറിഞ്ഞപ്പോൾ കൂട്ടുകാരികൾ അവൾക്ക‌് ഒരു ഓമനപ്പേരിട്ടു, കരാട്ടെ വൈഷ‌്ണവി. കരാട്ടെയിൽ ബ്ലാക‌്ബെൽറ്റ‌് നേടിയിട്ടുണ്ട‌്. ‘നന്നായി പഠിക്കും. അമ്മയായിരുന്നു അവൾക്ക‌് എല്ലാം’ കൂട്ടുകാരിയായ സ‌്നേഹ പറഞ്ഞു. ഡോക്ടറാകണമെന്നായിരുന്നു ആഗ്രഹം. എംബിബിഎസ‌് പ്രവേശന പരീക്ഷയ‌്ക്ക‌് തയ്യാറെടുത്തിരുന്നു. ഇതിനിടയിലും ബികോം പഠനവുമായും മുന്നോട്ട‌ു പോയി. രണ്ടാം സെമസ‌്റ്റർ പരീക്ഷയ‌്ക്ക‌് ഫീസടച്ചിരുന്നു. ഒരിക്കലും വീട്ടിലോട്ട‌് അവൾ ക്ഷണിച്ചിരുന്നില്ല. പ്രശ‌്നമാണെന്ന‌് മാത്രം പറയും. വീട‌് വിൽക്കാൻ പോകുന്ന കാര്യം പറഞ്ഞിരുന്നു. കടം കാരണമാണെന്നും പറഞ്ഞു. എന്നാൽ, അവർ ഇത്രയും പ്രശ‌്നങ്ങൾ അനുഭവിച്ചിരുന്നതായി തോന്നിയിരുന്നില്ല. അമ്മയെ കുറിച്ച‌് ഒരുപാടും അച്ഛനെ കുറിച്ച‌് വളരെ കുറച്ചും മാത്രമെ അവൾ സംസാരിക്കുമായിരുന്നുള്ളു. പെട്ടെന്ന‌് ദേഷ്യപ്പെടുകയും സങ്കടം വരികയും ചെയ്യുന്ന പ്രകൃതമായിരുന്നു. ചെറുതായി പിണങ്ങിയാലും വൈഷ‌്ണവി  ഉടൻ വന്ന‌് അത‌് അവസാനിപ്പിക്കും. അവസാനമായി കോളേജിൽവച്ച‌് കണ്ടപ്പോൾ ‘ഞാനിനി വരില്ലെന്ന് പറഞ്ഞ‌്’ അവൾ കെട്ടിപ്പിടിച്ചു കരഞ്ഞു. 
അതിങ്ങനെയാകുമെന്ന‌്...’ സ‌്നേഹയുടെയും ഒപ്പമുണ്ടായിരുന്ന മറ്റു സുഹൃത്തുക്കളുടെയും വാക്കുകൾ മുറിഞ്ഞു. പിന്നീട‌് ചാറ്റിൽ സംസാരിച്ചിരുന്നു. എന്നാൽ, അതെല്ലാം കുശലാന്വേഷണം മാത്രമായിരുന്നു. ആത്മഹത്യയെപ്പറ്റി ഒരുസൂചന പോലും വൈഷ‌്ണവി നൽകിയില്ല. പ്രിയകൂട്ടുകാരിയെ അവസാനമായി ഒരുനോക്ക‌ുപോലും കാണാൻ കഴിയാത്ത സങ്കടത്തിൽ അലമുറയിട്ട‌് കൂട്ടുകാർ കരഞ്ഞപ്പോൾ കണ്ടുനിന്നവരിലും കണ്ണീർ നനവ‌് പടർന്നു.
 
പ്രധാന വാർത്തകൾ
 Top