16 September Monday

ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019
ആര്യനാട്
യുഡിഎഫ് ഭരണസമിതി അധികാരത്തിലിരിക്കുന്ന ആര്യനാട് പഞ്ചായത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആര്യനാട് മേഖല കമ്മിറ്റി പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എ എം അൻസാരി ഉദ്ഘാടനം ചെയ്തു. മികച്ച പഞ്ചായത്തിനുള്ള കേന്ദ്രസർക്കാരിന്റെ സ്വരാജ് ട്രോഫി ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള പഞ്ചായത്താണ് ആര്യനാട്. കഴിഞ്ഞ മൂന്ന‌് വർഷക്കാലത്തെ ഭരണംകൊണ്ട് അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും അരങ്ങായി പഞ്ചായത്തിനെ കോൺഗ്രസ് മാറ്റി. 
നിയോജക മണ്ഡലത്തിലെ ഒരു സ്കൂളിനെ ഹൈടെക്കാക്കി മാറ്റുന്നതിന്റെ ഭാഗമായി ആര്യനാട് സ്കൂളിനെ തീരുമാനിച്ചെങ്കിലും എംഎൽഎയും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് അതിനെ അട്ടിമറിച്ചു. 
ഉത്തരവാദിത്തമില്ലായ്മയും അഴിമതിയും പഞ്ചായത്തിൽ അരങ്ങേറുമ്പോൾ അതിന് ഒത്താശ ചെയ്തു കൊടുക്കുകയാണ് സ്ഥലം എംഎൽഎ. മണ്ഡലത്തിന്റെ ആവശ്യങ്ങളിലൊന്നും ഇടപെടാതെ, ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന നിലപാടാണ് എംഎൽഎയുടേത്. 
പ്രതിഷേധ മാർച്ചും ധർണയും സൂചനയാണെന്നും അഴിമതിയും കെടുകാര്യസ്ഥതയും തുടർന്നാൽ ജനകീയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായ ത്ത് മെമ്പർ വിജുമോഹൻ, ഡിവൈഎഫ്ഐ വിതുര ബ്ലോക്ക് ട്രഷറർ എം ഷാജി, മേഖലാ ഭാരവാഹികളായ ശ്രീജിത്ത്, മഹേഷ്, അരുൺ മനോഹർ, സിപിഐ എം ആര്യനാട് ലോക്കൽ  സെക്രട്ടറി എസ് ദീക്ഷിദ്, സിപിഐ എം ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ ശ്രീധരൻ, എം എൽ കിഷോർ തുടങ്ങിയവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top