15 May Saturday

കരുതുക... വീണ്ടും വരുന്നു

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

മാസ്സ് കോവിഡ് ടെസ്റ്റിന് ആവശ്യമായ സാമഗ്രികൾ അടങ്ങിയ കിറ്റുകൾ തയ്യാറാക്കുന്ന ആരോഗ്യ പ്രവർത്തകർ

തിരുവനന്തപുരം  

കോവിഡ്‌ വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലയിൽ പരിശോധനകൾ കർശനമാക്കുന്നു. ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും രാത്രി ഒമ്പതുവരെ പകുതി സീറ്റുകളിലേ ആളുകളെ അനുവദിക്കൂ. എന്നാൽ‌ ടേക് എവേ കൗണ്ടറുകൾ രാത്രി 11 വരെ ആകാം. വസ്ത്രശാലകളിൽ വസ്ത്രങ്ങൾ അണിഞ്ഞുനോക്കാൻ പാടില്ല. വിവാഹ, ഗൃഹപ്രവേശം ഉൾപ്പെടെയുള്ള പൊതുപരിപാടികൾ നടത്തുന്നതിന്‌ സ്ഥലത്തെ പൊലീസ‍് സ്റ്റേഷനിൽ  മുൻകൂട്ടി അറിയിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന്‌ കലക്ടർ നവ്‌ജ്യോത്‌ ഖോസ അറിയിച്ചു. സൂപ്പർ മാർക്കറ്റുകളടക്കം എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ആൾക്കൂട്ടമുണ്ടാകുന്ന സാഹചര്യങ്ങൾ പൂർണമായി ഒഴിവാക്കണം. മെഗാ സെയിലുകളും ഓഫറുകളും രണ്ടാഴ്ചത്തേക്ക് അനുവദിക്കില്ല. ജില്ലയിലെ വ്യാപാര മേഖലയിലെ വിവിധ സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ്‌ തീരുമാനങ്ങൾ. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാത്രി ഒമ്പതിന് അടയ്ക്കണം. സ്ഥാപനങ്ങളിലെ മുഴുവൻ ജീവനക്കാർക്കും ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. 45 വയസ്സിൽ താഴെയുള്ള എല്ലാ ജീവനക്കാർക്കും 15 ദിവസം കൂടുമ്പോൾ ആർടിപിസിആർ നടത്തി കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പാക്കണം. വ്യാപാരികളുടെ സൗകര്യാർഥം ചാല, പാളയം തുടങ്ങിയ തിരക്കേറിയ മാർക്കറ്റുകളിൽ മൊബൈൽ ടെസ്റ്റിങിന് സൗകര്യമുണ്ടാക്കും. യോഗത്തിൽ ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ജി കെ  സുരേഷ് കുമാർ, സെക്ടറൽ മജിസ്‌ട്രേട്ടുമാരുടെ നോഡൽ ഓഫീസർ ബി അനീഷ് കുമാർ, വ്യാപാര മേഖലയിലെ സംഘടനാ നേതാക്കളായ ബി ജയധരൻ നായർ, ബി വിജയകുമാർ, വീരഭദ്രൻ, ബി മധുസൂദനൻ നായർ, എൻ സുധീന്ദ്രൻ, എം ബാബുജാൻ, എ ശശികുമാർ, ഡാനിഷ് ചന്ദ്രൻ, വൈ വിജയൻ, പെരിങ്ങമ്മല രാമചന്ദ്രൻ, ജെ കെ ഖാലിദ്, ടി വി അഭയൻ, പാളയം അശോക്, എം വിജയ് തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top