15 May Saturday

നഗരസഭയ്ക്കായി കൂടുതൽ വാക്സിൻ ആവശ്യപ്പെടും

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

തിരുവനന്തപുരം  

തലസ്ഥാനഗരമെന്ന നിലയിൽ തിരുവനന്തപുരം കോർപറേഷനിൽ കൂടുതൽ കോവിഡ്‌ വാക്സിനേഷൻ സൗകര്യം ഏർപ്പെടുത്താൻ ആരോഗ്യവകുപ്പിനോട്‌ ആവശ്യപ്പെടുമെന്ന്‌ മേയർ ആര്യാ രാജേന്ദ്രൻ. വ്യാഴാഴ്‌ച ചേർന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഡൽഹിയിൽനിന്ന്‌ വാക്സിൻ എത്തുന്നത് വൈകിയതിനാലാണ് ചില വാക്സിനേഷൻ കേന്ദ്രങ്ങൾ നിർത്തേണ്ടിവന്നത്‌. വെള്ളിയാഴ്‌ച കൂടുതൽ വാക്സിൻ എത്തുമെന്ന്‌ ആരോഗ്യവകുപ്പ്‌ ഉറപ്പുനൽകിയിട്ടുണ്ട്‌. വാർഡുകളിൽ ക്യാമ്പുകൾ നടത്താൻ വാക്സിൻ ദൗർലഭ്യമുണ്ടെന്ന്‌ കൗൺസിലർമാർ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നായിരുന്നു മേയർ ഇക്കാര്യം അറിയിച്ചത്‌. നഗരസഭ മുഴുവൻ വാർഡിലും കോവിഡ്‌ ബോധവൽക്കരണത്തിനായി അനൗൺസ്‌മെന്റ്‌ നടത്തും. കണ്ടെയ്‌ൻമെന്റ്‌ സോണായ വാർഡുകളിൽ പ്രത്യേകം അനൗൺസ്‌മെന്റ് നടത്താൻ വാർഡുതലത്തിൽ ക്രമീകരണം നടത്തും. ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനിയർമാരെയും കരാർ അടിസ്ഥാനത്തിലെങ്കിലും ആർക്കിടെക്ടുമാരെയും നഗരസഭയിൽ നിയമിക്കാൻ സർക്കാരിന്‌ കത്തയക്കുമെന്നും മേയർ  അറിയിച്ചു. നഗരസഭയുടെ ആസ്തിയിൽപ്പെടുന്ന വിവിധ സ്ഥാപനങ്ങളുടെ വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ബില്ലുകൾ അടയ്ക്കാൻ ഓൺലൈൻ സംവിധാനമേർപ്പെടുത്തും. കൗൺസിലിൽ ധനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ 56 അജണ്ടയും ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ 25 അജണ്ടയും നഗരാസൂത്രണ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ 19 അജണ്ടയും പാസാക്കി. ആരോഗ്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ രണ്ട്‌ അജണ്ടയും നഗരാസൂത്രണ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ മൂന്ന്‌ അജണ്ടയും അടുത്ത കൗൺസിലിലേക്ക്‌ മാറ്റിവച്ചു. വെട്ടുകാട്‌ കൗൺസിലർ സാബു ജോസ്‌ അവതരിപ്പിച്ച കടൽദുരന്തങ്ങൾ തടയുന്നതിനുള്ള മാസ്റ്റർ പ്ലാൻ രൂപീകരിക്കാൻ സർക്കാരിനോട്‌ ആവശ്യപ്പെടുന്ന പ്രമേയവും കൗൺസിലിൽ പാസാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top