18 May Tuesday

സിപിഐ എം നേതാവിനെ
അപമാനിക്കാൻ പൊലീസ് ശ്രമം

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

കിളിമാനൂർ 

മാസ്ക് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് സിപിഐ എം നേതാവിനെ പൊതുസ്ഥലത്ത് അപമാനിക്കാനും ബലമായി ജീപ്പിൽ പിടിച്ചുകയറ്റി സ്റ്റേഷനിൽ കൊണ്ടുപോയി കേസ് എടുക്കാനും ശ്രമം. ചൊവ്വാഴ്ച രാവിലെ പത്തോടെ കുടവൂർ ഡീഡന്റ് മുക്കിലാണ് സംഭവം.  സിപിഐ എം കിളിമാനൂർ ഏരിയ കമ്മിറ്റിയം​ഗം ഇ ജലാലും കുടവൂർ ലോക്കൽ കമ്മിറ്റിയം​ഗം വിജിനും  ഒരു മരണവീട്ടിൽപോയി ബൈക്കിൽ തിരിച്ചുവരുന്ന വഴിക്ക്‌ കല്ലമ്പലം പൊലീസ്‌ തടഞ്ഞുനിർത്തി. ഗ്രേഡ് എസ് ഐ ജയരാജിന്റെയും സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു പരാക്രമം. പൊലീസ് സംഘം വിജിനെ അസഭ്യം വിളിച്ച് ജീപ്പിൽ ബലംപ്രയോ​ഗിച്ച് കയറ്റാൻ ശ്രമിച്ചു.  ജീപ്പിനുള്ളിൽ കയറ്റിയശേഷവും എസ്ഐയും സംഘവും വിജിനെ  അസഭ്യം വിളിച്ചു. വി ജോയി എംഎൽഎയുടെ നേതൃത്വത്തിൽ നേതാക്കൾ കല്ലമ്പലം സ്റ്റേഷനിൽ എത്തി എസ്എച്ച്ഒയുമായി സംസാരിച്ചതിനെ തുടർന്നാണ് വിജിനെ വിട്ടയക്കാൻ എസ്ഐ ജയരാജ് തയ്യാറായത്.  നേതാക്കളുടെ മുന്നിൽവച്ചും  വിജിനെതിരെയും സിപിഐ എമ്മിനെതിരെയും ഗ്രേഡ് എസ്ഐ അസഭ്യംവർഷം തുടർന്നു. പൊതുപ്രവർത്തകരോടുപോലും മാന്യമായി പെരുമാറാൻ കഴിയാത്ത ഇത്തരം സബ് ഇൻസ്പെക്ടർമാരും സംഘവും നീതിക്കായി സ്റ്റേഷനിൽ എത്തുന്ന സാധാരണക്കാരോട് ഏത് വിധത്തിലാകും പെരുമാറുകയെന്ന് സിപിഐ എം കിളിമാനൂർ ഏരിയ സെക്രട്ടറി എസ് ജയചന്ദ്രൻ ചോദിച്ചു.  പൊതുപ്രവർത്തകനെ കൊടുംകുറ്റവാളിയെ കൊണ്ടുവരുന്നപോലെ അപമാനിച്ച എസ്ഐയെ സസ്പെൻഡ്‌ ചെയ്യണമെന്ന് ഏരിയ സെക്രട്ടറി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top