20 February Wednesday

യുവതിയുടെ മരണം കൊലപാതകം: ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019
കഴക്കൂട്ടം
കഠിനംകുളം ചാന്നാങ്കര അണക്കപിള്ള പാലത്തിനുസമീപം ആറ്റരികത്തു വീട്ടിൽ വാടകയ‌്ക്ക് താമസിച്ചിരുന്ന ജസീന്ത (48) വീടിനുള്ളിൽ മരിച്ച സംഭവം കൊലപാതകം.  കൂടെ താമസിച്ചിരുന്നയാളെ അറസ്റ്റ‌് ചെയ്തു.  ഷമീറി (44)നെയാണ് കഠിനംകുളം എസ്ഐ ബിനീഷ്‌ലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ‌് ചെയ്തത്. കഴിഞ്ഞ നാല് വർഷമായി  ഭർത്താവുമായി പിണങ്ങി ഷമീറുമായാണ് ജസീന്ത താമസിച്ചിരുന്നത്. വ്യാഴാഴ്ച പകൽ ഇരുവരും  വീട്ടിനുള്ളിൽ ഇരുന്ന‌്  മദ്യപിക്കുകയും മദ്യലഹരിയിൽ ഷമീർ ജസീന്തയെ അടിക്കുകയും ചവിട്ടുകയും ചെയ്തു.  
 
ഇതിനുശേഷം വീട് പുറത്തുനിന്ന‌് പൂട്ടിയശേഷം ഷമീർ കടന്നുകളഞ്ഞു. തുടർന്ന്, രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ  ജസീന്തയുടെ മൃതദേഹം  പോസ്റ്റുമോർട്ടം നടത്തിയശേഷം  സംസ്കരിച്ചു. പോസ്റ്റുമോർട്ടം നടത്തിയ  ഡോക്ടറുടെ  മൊഴിയുടെ അടിസ്ഥാനത്തിൽ  അസ്വാഭാവിക മരണത്തിന‌് കേസെടുത്തു. വയറിലും നെഞ്ചിലും    മാരകമായ  മുറിവ് പറ്റിയതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു. തുടർന്ന് ഒളിവിൽപോയ പ്രതിയെ കസ്റ്റഡിയിലെടുത്ത‌് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയായിരുന്നു. സ്ഥിരമായി വീട്ടിൽ മദ്യപിച്ച‌് അടിപിടി കൂടാറുള്ളതിനാൽ സംഭവ ദിവസവും പരിസരവാസികൾ ബഹളം കേട്ടെങ്കിലും കാര്യമാക്കിയിരുന്നില്ല. പ്രതിയെ  ബുധനാഴ‌്ച ആറ്റിങ്ങൽ കോടതിയിൽ  ഹാജരാക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top