---വെഞ്ഞാറമൂട്
വ്യക്തിപരമായ കാരണങ്ങളിൽ ആത്മഹത്യ ചെയ്തയാളെ ബലിദാനിയാക്കി ചിത്രീകരിച്ച‌് ബിജെപി ആഹ്വാനംചെയ്ത ഹർത്താൽ, സംഭവം നടന്ന തലസ്ഥാനജില്ലയിലും ഏശിയില്ല. അനാവശ്യ ഹർത്താലിനെതിരെ ജനം ഒന്നടങ്കം പ്രതിഷേധിച്ചതോടെ ഹർത്താൽ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ ബിജെപിക്കാരെ ജനം തുരത്തി. കല്ലറ പാങ്ങോട്ടാണ‌് ഹർത്താൽ അനുകൂലികളെ ജനങ്ങളും കച്ചവടക്കാരും ഒന്നായി നിന്ന‌് ഓടിച്ചത‌്. പാങ്ങോട്ട‌് കട അടപ്പിക്കാൻ വന്ന ബിജെപിക്കാരോട‌് കട അടയ്ക്കില്ലെന്നും ഹർത്താലിനോട് സഹകരിക്കില്ലെന്നും കച്ചവടക്കാർ നിലപാടെടുത്തു. ഹർത്താൽ അനാവശ്യമാണെന്നും ആത‌്മഹത്യ ചെയ‌്ത വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്തുവന്നിട്ടുണ്ടെന്നും വ്യാപാരികൾ പറഞ്ഞു. ജനങ്ങളുംകൂടി സംഘടിച്ചെത്തിയതോടെ ബിജെപിക്കാർ സ്ഥലംവിട്ടു. പാങ്ങോട്ട കടകളെല്ലാം തുറന്ന‌് പ്രവർത്തിച്ചു. തലസ്ഥാന നഗരത്തിൽ പാതിരാത്രി ഒരാൾ തീകൊളുത്തി ആത‌്മഹത്യ ചെയ‌്ത സംഭവത്തെ രാഷ്ട്രീയവൽക്കരിച്ച‌് ഹർത്താലിന‌് ആഹ്വാനം ചെയ‌്തപ്പോൾ ജില്ലയിലെങ്ങും ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവർ ബിജെപിക്കാർക്കെതിരെ തിരിഞ്ഞു.
സെക്രട്ടറിയറ്റ‌്, കലക്ടറേറ്റ‌്, മറ്റ‌് സർക്കാർ സ്ഥാപനങ്ങളും തൊഴിൽ സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. മിക്കയിടങ്ങളിലും കടകൾ അടഞ്ഞുകിടന്നെങ്കിലും നഗരത്തിൽ ചാല കമ്പോളമുൾപ്പെടെ തുറന്ന‌് പ്രവർത്തിച്ചു. നീറ്റ‌് ദന്തൽ പിജി നീറ്റ‌് പരീക്ഷയും തലസ്ഥാനത്ത‌് നടന്നു. ഗ്രാമീണ മേഖലകളിൽ പഞ്ചായത്ത് ഓഫീസുകൾ, ബാങ്കുകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയവ പ്രവർത്തിച്ചു. ഗ്രാമങ്ങളിൽ കടകൾ തുറന്നു.
വർക്കലയിൽ ഓട്ടോ ഡ്രൈവർമാരും ഹർത്താൽ അനുകൂലികളും ഏറെ നേരം വാക്കേറ്റമായി. വർക്കല റെയിൽവെ സ്റ്റേഷൻ, വർക്കല പാർക്ക് ജങ‌്ഷൻ, മൈതാനം, പുത്തൻചന്ത എന്നിവിടങ്ങളിലായി സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളിൽ യാത്രക്കാരെ കയറ്റിയതിനാലാണ് ഹർത്താൽ അനുകൂലികളും ഓട്ടോ ഡ്രൈവർമാരും വാക്കേറ്റവും കയ്യാങ്കളിയുടെ വക്കോളവുമെത്തിയത്. കടകമ്പോളങ്ങളും തുറന്ന് പ്രവർത്തിച്ചു. സ്വകാര്യ വാഹനങ്ങളും ഇരു ചക്രവാഹനങ്ങളും നിരത്തിലിറങ്ങി.നെയ്യാറ്റിൻകരയിൽ അക്രമവും നഷ്ടവും ഒഴിവാക്കാൻ കെഎസ്ആർടി പമ്പ സർവീസ് ഒഴികെ ഒന്നും ഓടിച്ചില്ല. പൊലീസ് കാവലിലായിരുന്നു സർവീസ്. ജനം ഹർത്താലിനെതിരെ തിരിഞ്ഞതോടെ മുഖം രക്ഷിക്കാൻ വിരലിലെണ്ണാവുന്ന ആളുകളുമായി ബിജെപി ടൗണിൽ പ്രകടനം നടത്തി സ്ഥലം കാലിയാക്കി. നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് മുന്നിൽ തുറന്ന കടകൾ അടപ്പിക്കാനെത്തിയതിൽ ജനം പ്രതിഷേധിച്ചതോടെ ബിജെപിക്കാർ പിൻവാങ്ങി. അപ്രതീക്ഷിത ഹർത്താലിൽ തിരുവനന്തപുരം നഗരത്തിലെത്തിയവരെ പൊലീസ‌് ലക്ഷ്യസ്ഥലങ്ങളിൽ എത്തിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..