06 December Friday
കൃത്രിമ ഭൂജല പരിപോഷണം

ചാമ്പ്യനായി കാട്ടാക്കട മണ്ഡലം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

പൊതുസ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പരിപോഷണം പൂർത്തീകരിച്ച ആദ്യ മണ്ഡലമായി കാട്ടാക്കടയെ മന്ത്രി കെ കൃഷ്ണൻകുട്ടി പ്രഖ്യാപിക്കുന്നു

 
വിളപ്പിൽ
പൊതുസ്ഥാപനങ്ങളിൽ കൃത്രിമ ഭൂജല പരിപോഷണം പൂർത്തീകരിച്ച സംസ്ഥാനത്തെ ആദ്യ മണ്ഡലമായി കാട്ടാക്കട. നേമം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ  ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് പ്രഖ്യാപനം നടത്തിയത്. ഉയർന്ന പ്രദേശങ്ങളിൽ ഭൂഗർഭജലത്തിന്റെ തോത് വർധിപ്പിക്കുന്നതിനായി കുഴൽക്കിണറുകൾ റീച്ചാർജ് ചെയ്യുന്നതിനുള്ള സാധ്യതകൂടി ആരായണമെന്ന് മന്ത്രിപറഞ്ഞു. ഐ ബി സതീഷ് എംഎൽഎ അധ്യക്ഷനായി.
ജലസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് മണ്ഡലത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും കൃത്രിമ ഭൂജല പരിപോഷണം നടപ്പാക്കിയത്‌. മഴവെള്ളം ഭൂമിക്കടിയിലെത്തിച്ച് ഭൂഗർഭജലത്തിന്റെ തോത് ഉയർത്തുകയാണ് ലക്ഷ്യം. 
മണ്ഡലത്തിലെ 73 പൊതുസ്ഥാപനങ്ങളിൽ ഭൂജലവകുപ്പ് ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ പഠനം നടത്തി 40 സ്ഥാപനങ്ങൾ അനുയോജ്യമാണെന്ന് കണ്ടെത്തി. 
സംസ്ഥാന സർക്കാരിന്റെയും ഭൂജലവകുപ്പിന്റെയും സഹായത്തോടെ നാല് ഘട്ടങ്ങളിലായി പദ്ധതി പൂർത്തീകരിച്ചു. ഓരോ സ്ഥാപനങ്ങളിലും  8000 ലിറ്റർ വെള്ളം ശേഖരിക്കാൻ കഴിയുന്ന രണ്ടും മൂന്നും പിറ്റുകൾ നിർമിച്ച്  സ്ഥാപനത്തിന്റെ കെട്ടിടത്തിന് മുകളിൽ പെയ്യുന്ന മഴവെള്ളം ഇതിലേക്ക് എത്തിച്ചാണ് പദ്ധതി നടപ്പിലാക്കിയത് . 
യോഗത്തിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  വിളപ്പിൽ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു . ഭൂജലവകുപ്പ് ഡയറക്ടർ ജോഷി മൃൺമയി ശശാങ്ക് , നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ ശകുന്തള കുമാരി, ഭൂവിനിയോഗ ബോർഡ് കമീഷണർ എ നിസാമുദ്ദീൻ, ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ജി ബിന്ദു , നേമം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജികുമാർ എന്നിവർ സംസാരിച്ചു.
 
പ്രധാന വാർത്തകൾ
 Top