25 September Saturday

ഭൂവുടമകളായി 86 കുടുംബം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 15, 2021

നബീസയും ഹസൻകണ്ണും പട്ടയവുമായി

തിരുവനന്തപുരം
ജില്ലയിൽ ഭൂരഹിതരായ 86 കുടുംബങ്ങൾക്കുകൂടി സ്വന്തം പേരിൽ ഭൂമിയായി. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി വിവിധ താലൂക്കുകളിൽ സംഘടിപ്പിച്ച ചടങ്ങിൽ പട്ടയം വിതരണം ചെയ്തു. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖയെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായാണ്‌ ഭൂരഹിതർക്ക്‌ പട്ടയങ്ങളും കൈവശാവകാശ രേഖകളും വിതരണം ചെയ്‌തത്.
 
ജില്ലാതല പട്ടയ വിതരണം നെടുമങ്ങാട് ടൗൺ ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. 20 പട്ടയം ചടങ്ങിൽ വിതരണം ചെയ്തു. ഡി കെ മുരളി എംഎൽഎ അധ്യക്ഷനായി. നെയ്യാറ്റിൻകര താലൂക്കിൽ ആറും കാട്ടാക്കടയിൽ- 11 ഉം ചിറയിൻകീഴിൽ 10 ഉം തിരുവനന്തപുരത്ത്‌ -36ഉം വർക്കലയിൽ -മൂന്നും പട്ടയം വിതരണം ചെയ്‌തു. ചിറയിൻകീഴിൽ ഒരാൾക്ക്‌ കൈവശാവകാശ രേഖയും കൈമാറി. 
 
തിരുവനന്തപുരം താലൂക്കിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു പട്ടയം വിതരണം ചെയ്തു. വി കെ പ്രശാന്ത് എംഎൽഎ. അധ്യക്ഷനായി. നെയ്യാറ്റിൻകരയിൽ എംഎൽഎമാരായ സി കെ  ഹരീന്ദ്രൻ, കെ ആൻസലൻ, കാട്ടാക്കടയിൽ ഐ ബി സതീഷ്, ജി സ്റ്റീഫൻ, ചിറയിൻകീഴിൽ വി ശശി, ഒ എസ് അംബിക, വർക്കലയിൽ വി  ജോയി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
 
 

നിറകണ്ണോടെ ഹസൻകണ്ണും നബീസയും

 

ബീമാപ്പള്ളി ആസാദ് നഗറിലെ ഹസൻ കണ്ണ്, നബീസ ദമ്പതികളുടെ 32 വർഷത്തെ കാത്തിരിപ്പിന് വിരാമം. സർക്കാർ ഇടപെടലിൽ ഇവർക്ക്‌ സ്വന്തം പേരിൽ ഭൂമി ലഭിച്ചു.
 
സർക്കാരിന്റെ 100 ദിന കർമപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പട്ടയ വിതരണ ചടങ്ങിൽ മന്ത്രി ആന്റണി രാജുവിൽനിന്ന് സ്വന്തം പേരിലുള്ള ഭൂമിയുടെ പട്ടയം ഏറ്റുവാങ്ങിയപ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാകില്ലെന്ന് ദമ്പതികൾ.രണ്ടു സെന്റ് ഭൂമിയിൽ തകരഷീറ്റ് മേഞ്ഞ ചെറിയ വീട്ടിലാണ് ഹസൻ കണ്ണും ഭാര്യയും മൂന്നുമക്കളും മരുമക്കളും അവരുടെ ആറ് കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. 
 
മഴ പെയ്താൽ വീട്ടിൽ വെള്ളം കയറും. അടച്ചുറപ്പുള്ള വീടിനായി വർഷങ്ങളായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. പട്ടയമില്ലെന്ന കാരണത്താൽ അവകാശപ്പെട്ട ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. പട്ടയം ലഭിച്ചതിലൂടെ അതിനെല്ലാം പരിഹാരമായി. ഇനി വീട് എന്ന സ്വപ്നമാണുള്ളതെന്ന് ദമ്പതികൾ പറയുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top