20 September Friday

വരുമാന വർധനയില്ല; വലയുന്നത്‌ യാത്രക്കാർ

സ്വന്തം ലേഖകൻUpdated: Thursday Aug 15, 2019
നെടുമങ്ങാട് 
നെടുമങ്ങാട് താലൂക്കിലെ വിവിധ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വരുത്തിയ  സർവ ീസ്‌ പുനർക്രമീകരണം യാത്രക്കാരെ വലയ്‌ക്കുന്നു. 
നെടുമങ്ങാട്, വിതുര, ആര്യനാട്, വെള്ളനാട് ഡിപ്പോകളിലാണ് അശാസ്ത്രീയ പരിഷ്കാരങ്ങള്‍ നടത്തിയത്‌. നെടുമങ്ങാട് ഡിപ്പോയിലെ ഒമ്പത്‌ ഫാസ്റ്റ്‌ സര്‍വീസും പുനർക്രമീകരിച്ചു. വിതുര ഡിപ്പോയില്‍ അഞ്ച്‌ ഫാസ്റ്റു  സര്‍വീസിന്റെ റൂട്ടുകള്‍ മാറ്റി. ആര്യനാട്, വെള്ളനാട്‌ ഡിപ്പോകളിലും അനവധി ഫാസ്റ്റ്‌ സര്‍വീസുകളെ വഴിതിരിച്ചുവിട്ടു.
താലൂക്ക് കേന്ദ്രത്തിലെ ഡിപ്പോ എന്ന നിലയില്‍ കൂടുതല്‍ യാത്രക്കാരും ആശ്രയിച്ചിരുന്നത് നെടുമങ്ങാട് ഡിപ്പോയെയാണ്. കൊട്ടാരക്കര- വഴി പുനലൂര്‍, വെമ്പായം വെഞ്ഞാറമൂട് വഴി കൊല്ലം, കൊട്ടാരക്കര വഴി -ചക്കുളത്തുകാവ്, ആറ്റിങ്ങല്‍ വഴി കൊല്ലം, ആലപ്പുഴ വഴി എറണാകുളം, കൊട്ടാരക്കര വഴി എറണാകുളം, കല്ലറ, തിരുവനന്തപുരം, തിരുവനന്തപുരം –- പനയ്ക്കോട് എന്നീ സർവീസുകളാണ്‌ മുന്നറിയിപ്പില്ലാതെ പരിഷ്കരിച്ചത്. നേരിട്ടുള്ള ദീർഘദൂര സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കി. പകരം നെടുമങ്ങാടുനിന്നും തിരുവനന്തപുരം ഡിപ്പോയില്‍ എത്തിയശേഷം അവിടെനിന്നു പുറപ്പെടുംവിധം ക്രമീകരിച്ചു. അരമണിക്കൂര്‍ കൊണ്ട് വെഞ്ഞാറമൂട്ടിലോ ആറ്റിങ്ങലിലോ എത്തിയിരുന്ന യാത്രക്കാര്‍ തിരുവനന്തപുരത്തേക്കും അവിടെനിന്ന്‌ അത്രയുംദൂരം തിരിച്ചും അധികം യാത്രചെയ്ത്‌ സമയവും പണവും അധികം ചെലവഴിക്കേണ്ടിവരികയാണിപ്പോൾ.
നിലവില്‍ ഡിപ്പോയില്‍ ഉണ്ടായിരുന്ന പല ദീര്‍ഘദൂര സര്‍വീസുകളും നേരത്തെതന്നെ റദ്ദുചെയ്തിരുന്നു. എറണാകുളത്തേക്ക് ഉണ്ടായിരുന്ന രണ്ട്‌  സര്‍വീസ്‌ ഏതാനുംനാള്‍മുമ്പ്‌ റദ്ദാക്കി. ചെയിന്‍ സര്‍വീസുകളെ ഏകീകരിക്കുകയെന്ന ലക്ഷ്യത്തിലാണ് പരിഷ്കരണമെന്നാണ് വിശദീകരണം. കൂടുതൽ വരുമാനം ലഭിക്കുമെന്ന്‌ പ്രഖ്യാപിച്ചു നടത്തിയ ക്രമീകരണം തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്‌. 
യാത്രക്കാരുടെ വ്യാപക പരാതിയെ തുടര്‍ന്ന് സിപിഐ എം ഏരിയ സെക്രട്ടറി  ആര്‍ ജയദേവന്റെ നേതൃത്വത്തില്‍ ഗതാഗത മന്ത്രിക്കും കെഎസ്ആര്‍ടിസി അധികാരികള്‍ക്കും പരാതി നല്‍കി. ഡിപ്പോ അധികൃതരുമായും ചര്‍ച്ച നടത്തി. ചില സര്‍വീസുകള്‍ പുനരാരംഭിക്കാമെന്ന് അധികൃതർ ഉറപ്പുനല്‍കിയെങ്കിലും പാലിച്ചിട്ടില്ല. 
യാത്രാബുദ്ധിമുട്ടിന്‌ എത്രയുംവേഗം പരിഹാരം കാണണമെന്നും അല്ലെങ്കിൽ കടുത്ത ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സിപിഐ എം ഏരിയ സെക്രട്ടറി ആര്‍ ജയദേവന്‍ അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top