05 July Tuesday

പ്രായത്തെ തോൽപ്പിച്ച 
ചിലങ്കക്കിലുക്കം

സ്വന്തം ലേഖികUpdated: Sunday May 15, 2022

നിർമല ജെയിംസ്‌ നൃത്താവതരണത്തിനിടെ

തിരുവനന്തപുരം
അറുപതാം വയസ്സിൽ അരങ്ങേറ്റം. 65–-ാം വയസ്സിലും പ്രായം തളർത്താതെ നൃത്തമാടുകയാണ്‌ കാട്ടായിക്കോണം ജയ്‌നഗർ മാമ്പുഴയിൽ നിർമല ജെയിംസ്‌. അധ്യാപികയായി വിരമിച്ചതിനുശേഷം വ്യായാമം എന്നനിലയിൽ 58–-ാം വയസ്സിൽ നൃത്തം ചെയ്‌തുതുടങ്ങിയതാണ്‌ നിർമല. പിന്നീട്‌ ലഹരിയായി. വയസ്സായെന്നു പറഞ്ഞ്‌ ആഗ്രഹങ്ങളോട്‌ നോ പറയരുതെന്നാണ്‌ അവരുടെ പക്ഷം. മനസ്സിലെ സ്വപ്‌നം  കൈയെത്തിപ്പിടിക്കാനുള്ള ആഗ്രഹത്തിനു പുറത്താണ്‌ പോത്തൻകോട്‌ ചിലമ്പ്‌ ഡാൻസ്‌ സ്‌കൂളിൽ എൻ സി അശ്വതിയുടെ കീഴിൽ പരിശീലനം തുടങ്ങിയത്‌. 60–-ാം വയസ്സിൽ വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ അരങ്ങേറി. ഇപ്പോൾ നാലുവർഷമായി പ്രകൃതി സ്‌കൂൾ ഓഫ്‌ ഡാൻസിൽ വിശ്വശ്രീയുടെ കീഴിലാണ്‌ പഠനം. ഒ എൻ വി കുറുപ്പിന്റെ ആരുനീ എന്ന കവിത നൃത്തവും അഭിനയവും ചേർന്ന്‌ അവതരിപ്പിച്ചിട്ടുണ്ട്‌. കോഴിക്കോട്‌ രൂപതയുടെ വിവിധ സ്‌കൂളുകളിൽ പഠിപ്പിക്കുമ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്ന നിർമല ജെയിംസ്‌ 21 പുസ്‌തകവും രചിച്ചിട്ടുണ്ട്‌. അശരണരുടെ ആകാശം (നോവൽ ), ഒരുപിടി രഹസ്യങ്ങൾ (ചെറുകഥാ സമാഹാരം), സ്നേഹത്തിന്റെ പൂക്കൾ, കൊച്ചിലാത്തിയും കാട്ടാളനും, മിതാലി എന്ന മത്സ്യകന്യക തുടങ്ങിയവ ചിലത്‌. ഡോ. ഇ കെ ജാനകിയമ്മാളിന്റെ ഇംഗ്ലീഷ് ജീവചരിത്രത്തിന്റെ പണിപ്പുരയിലാണ്. മികച്ച അധ്യാപികയ്‌ക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top