27 June Monday

പരീക്ഷ സൂപ്പർ, 
മലയാളം എളുപ്പം

സ്വന്തം ലേഖികUpdated: Sunday May 15, 2022

തുല്യതാ പരീക്ഷയിൽ ഭിന്നശേഷിക്കാരിയായ പി ഉത്തര സ്‌ക്രൈബായ പി ആർ പ്രജുവലിന്‌ ഉത്തരം പറഞ്ഞുകൊടുക്കുന്നു

തിരുവനന്തപുരം
‘പരീക്ഷ സൂപ്പറായി, മലയാളമായിരുന്നു എളുപ്പം’–-  നാലാംതരം തുല്യതാ പരീക്ഷ കഴിഞ്ഞിറങ്ങിയ ഭിന്നശേഷിക്കാരിയായ പി ഉത്തരയ്ക്ക്‌ അധ്യാപിക ഇ ഷൈലജയോട്‌ പറയാൻ തിടുക്കം. ഇനി ഏഴാം ക്ലാസും പത്താം ക്ലാസും എഴുതണ്ടേയെന്ന ചോദ്യത്തിന്‌ വേണമെന്ന്‌ തലയാട്ടി.  
സാക്ഷരതാ മിഷന്റെ നാല്‌, ഏഴ്‌ ക്ലാസുകളിലെ തുല്യതാ പരീക്ഷയാണ്‌ ഉത്തരയും പാളയത്തെ സെന്റർ ഫോർ റീഹാബിലിറ്റേഷൻ ഓഫ്‌ ഡിസേബിൾസിലെ വിദ്യാർഥികളുമെഴുതിയത്‌. അധ്യാപകർക്കൊപ്പം പ്രേരക്‌മാരും ഉണ്ടായിരുന്നെങ്കിലും വിദ്യാർഥികൾ കൂളായി പരീക്ഷയെഴുതി.  ഓരോ ചോദ്യത്തിനും മണി മണിയായി സ്‌ക്രൈബിനോട്‌ ഉത്തരം പറഞ്ഞു കൊടുത്തു. 
ഫർഹാന, ഐശ്വര്യ സജീവ്‌, സെയ്‌ദലി, എസ്‌ സജിനി, അനൂപ്‌ അനിൽകുമാർ, എസ്‌ സോന, കെ ബാലു, അജിൻ ദേവ്‌, സൂര്യ, എൻ നസെൽ, ജെ ജോൺ എന്നിവർ ഏഴാംതരം പരീക്ഷയും നമാൻ എസ്‌ പിള്ള, ഷിജോ രാജ്‌, പി ഉത്തര, ശ്രീക്കുട്ടി എന്നിവർ നാലാംതരം പരീക്ഷയുമാണ്‌ എഴുതിയത്‌. 28 വയസ്സുള്ള കെ ബാലുവാണ്‌ ഏറ്റവും മുതിർന്ന പഠിതാവ്‌. 90 ശതമാനം ഡിസബിലിറ്റിയുള്ളവരും കൂട്ടത്തിലുണ്ട്‌.  
കുട്ടികളുടെ സൗകര്യാർഥമാണ്‌ സെന്റർ ഫോർ റീഹാബിലിറ്റേഷൻ ഓഫ്‌ ഡിസേബിൾസിൽത്തന്നെ പരീക്ഷ നടത്തിയതെന്ന്‌ ജില്ലാ കോ–-ഓർഡിനേറ്റർ റ്റോജോ ജേക്കബ്‌ പറഞ്ഞു. ഏഴാം തരം വിദ്യാർഥികൾക്കുള്ള പരീക്ഷ ഞായറും തുടരും.
375 പേർ പരീക്ഷയെഴുതി
തിരുവനന്തപുരം
സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പാക്കുന്ന നാലാം തരം, ഏഴാം തരം തുല്യതാ പരീക്ഷ ആരംഭിച്ചു. ജില്ലയിൽ 16 കേന്ദ്രത്തിലായി 375 പേർ പരീക്ഷയെഴുതി. 246 പഠിതാക്കളാണ്‌ നാലാം തരം പരീക്ഷയെഴുതിയത്‌. ഇവരിൽ 35 പേർ പുരുഷൻമാരും 211 പേർ സ്ത്രീകളുമാണ്‌. മൂന്നുപേർ ഭിന്നശേഷിയുള്ളവരാണ്‌. 129 പഠിതാക്കളാണ് ഏഴാംതരം പരീക്ഷയെഴുതിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ വിഷയങ്ങളിലുള്ള പരീക്ഷയാണ് നടന്നത്. 
സാമൂഹ്യ ശാസ്‌ത്രം, അടിസ്ഥാന ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളിലെ പരീക്ഷ ഞായറാഴ്‌ച നടക്കും. ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ പരീക്ഷാകേന്ദ്രം നഗരസഭാ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിങ്‌ കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ എസ്‌ റീന, സാക്ഷരതാ മിഷൻ ജില്ലാ കോ-–-ഓർഡിനേറ്റർ റ്റോ ജോ ജേക്കബ്, ജില്ലാ അസി. കോ-ഓർഡിനേറ്റർ ബി സജീവ് എന്നിവർ സന്ദർശിച്ചു. 
നഗരസഭാ നോഡൽ പ്രേരക് സി പ്രസന്ന, പി വിജയലക്ഷ്മി ഭിന്നശേഷി പുനരധിവാസ കേന്ദ്രത്തിലെ അധ്യാപകർ തുടങ്ങിയവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top