18 June Friday

കടലാക്രമണത്തിലും കാറ്റിലും 
നിരവധി വീടുകള്‍ തകര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

ചിറയിൻകീഴ് താലൂക്കിൽ കടലാക്രമണം നേരിട്ട പ്രദേശങ്ങൾ നിയുക്ത എംഎൽഎ ഒ എസ് അംബിക സന്ദർശിക്കുന്നു

ആറ്റിങ്ങൽ
ചിറയിന്‍കീഴ് താലൂക്കിലെ തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിലും കാറ്റിലും നിരവധി വീടുകള്‍ തകര്‍ന്നു. കടലാക്രമണത്തിൽ ഇരുനൂറോളം വീടുകളിലാണ് വെള്ളം കയറിയത്. അഞ്ചുതെങ്ങ് പഞ്ചായത്തിലെ അഞ്ചുതെങ്ങുമുതല്‍ വേലിമുക്കുവരെയുള്ള പ്രദേശങ്ങളിലുള്ള നൂറ്റമ്പതോളം വീടുകളിലും ചിറയിന്‍കീഴ് പഞ്ചായത്തിലെ നാല്പതോളം വീടുകളിലും വെള്ളം കയറി വാസയോഗ്യമല്ലാതായി. ശക്തമായ കടലാക്രമണത്തിൽ അഞ്ചുതെങ്ങ് തീരദേശപാത പൂര്‍ണമായും തകര്‍ന്നു. തീരത്തെ വീടുകള്‍ മിക്കവയും പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. വീടുകളില്‍ വെള്ളം കയറിയതോടെ ഇവര്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലേക്കും മാറിക്കഴിഞ്ഞു.
കടലാക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് അഞ്ചുതെങ്ങില്‍ മൂന്ന് ക്യാമ്പ്‌ തുറന്നിട്ടുണ്ട്. ഏഴ് കുടുംബത്തെ മാറ്റിപ്പാര്‍പ്പിച്ചു. അഞ്ചുതെങ്ങ് സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അഞ്ച് കുടുംബത്തെയും വിവിഎൽപി സ്‌കൂളില്‍ രണ്ടുകുടുംബത്തെയുമാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചിറയിന്‍കീഴ് പഞ്ചായത്തില്‍ ശാര്‍ക്കര വില്ലേജില്‍ മുഞ്ഞമൂട് പ്രദേശത്തെ 40 വീട്ടില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക്‌ താമസം മാറി. ശാര്‍ക്കര യുപിഎസിലാണ് ചിറയിന്‍കീഴ് പഞ്ചായത്തിലെ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. കടൽ ക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ നിയുക്ത എംഎൽഎമാരായ ഒ എസ് അംബിക, വി ശശി, ചിറയിന്‍കീഴ് തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് ഫിറോസ് ലാൽ, ബിഡിഒ എൽ ലെനിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി മോഹനൻ എന്നിവർ സന്ദർശിച്ചു. 
വെള്ളിയാഴ്ച രാത്രിയോടെ ശക്തമായ കാറ്റ് തീരമേഖലയും കടന്ന് ചിറയിന്‍കീഴ് താലൂക്ക് പ്രദേശങ്ങളിലാകെ അടിക്കുയാണ്. മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവീണും മിക്കയിടത്തും വൈദ്യുതി തടസ്സപ്പെട്ടു. വെള്ളിയാഴ്ച പകൽ 12 മണിയോടെ കീഴാറ്റിങ്ങള്‍ സുബ്രഹ്മണ്യന്‍ ക്ഷേത്രത്തിന് സമീപംനിന്ന മരം പതിനൊന്ന് കെവി ലൈനിനും റോഡിനും കുറുകെ വീണ് വൈദ്യുതി മുടങ്ങി. താലൂക്കിലെ മഴക്കെടുതികള്‍ നേരിടാന്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top