18 June Friday

കനത്തമഴയിൽ വർക്കലയിൽ
വൻ നാശനഷ്ടം

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

ഇടവ വെറ്റക്കട മേഖലയിലെ കടലാക്രമണ പ്രദേശങ്ങൾ വി ജോയി എംഎൽഎ സന്ദർശിക്കുന്നു

വർക്കല 
വർക്കലയിലും സമീപ പ്രദേശങ്ങളിലുമായി തുടരെ പെയ്യുന്ന കനത്തമഴയിൽ വൻ നാശനഷ്ടം. നിരവധി പ്രദേശത്തെ റോഡുകളിൽ കൂറ്റൻ വൃക്ഷങ്ങൾ കടപുഴകി. പലയിടത്തും വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. പാളയംകുന്ന് പുത്തൻവീട്ടിൽ വസന്തൻ, ചാവർകോട് എസ്ആർ ഭവനിൽ ഷെർളി, വെട്ടൂർ വലയന്റകുഴി കൊച്ചൻകോണത്ത് കൃഷ്ണൻകുട്ടി, കുടവൂർ എസ്എംവി ഹോമിൽ ഹരിദാസ് എന്നിവരുടെ വീട്‌ ഭാഗികമായി തകർന്നു. മാവിൻമൂട് ഹൗസ് നമ്പർ–-154-ൽ രാജേന്ദ്രബാബുവിന്റെ വീട്ടിലെ മീറ്ററും മോട്ടോറും മിന്നലിൽ കത്തിപ്പോയി. വെട്ടൂർ പുന്നവിള വീട്ടിൽ അൽ അമീന്റെ വീടിന്റെ മതിൽ തകർന്നു. കടൽക്ഷോഭത്താൽ ഇടവ വെറ്റക്കട കടപ്പുറത്ത് മുല്ലാക്കയുടെ ഉടമസ്ഥതയിലുള്ള വള്ളവും ഓടയം കടപ്പുറത്ത് സജീദീന്റെ ഉടമസ്ഥതയിലുള്ള വള്ളവും തകർന്നു. തീരദേശ മേഖലയിലെ വീടുകളിൽ വെള്ളം കയറി. 
കൂറ്റൻ ആൽമരം 
കടപുഴകി
വർക്കല 
വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം ഗണപതി ക്ഷേത്രത്തിന് പിറകുവശത്ത്‌ കൂറ്റൻ ആൽമരം നടുറോഡിൽ കടപുഴകി വീണു. ആളപായമില്ല. ലോക്ഡൗണായതിനാൽ വാഹനങ്ങളോ പൊതുജനങ്ങളോ റോഡിൽ ഉണ്ടായിരുന്നില്ല. 200 വർഷത്തിലേറെ പഴക്കമുള്ള മരമാണ് കടപുഴകിയത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ചെമ്മരുതി കല്ലണയാർ കരകവിഞ്ഞൊഴുകി. മുട്ടപ്പലം ഏലായിൽ വൻ കൃഷി നാശം സംഭവിച്ചു. മണ്ണിടിച്ചിൽ മൂലം തോടുകളിൽ മണ്ണ് കുമിഞ്ഞ്മൂടി ഒഴുക്കുകൾ നിലച്ചു. മുട്ടപ്പലം പട്ടരുമുക്ക് രേഖ നിവാസിൽ വേണുഗോപാലന്റെ വീട്ടിലെ കുടിവെള്ള കിണർ തകർന്നു.
വീടിന്റെ സംരക്ഷണഭിത്തി തകര്‍ന്നുവീണു
കിളിമാനൂർ
ന​ഗരൂർ പഞ്ചായത്തിലെ കടവിള എംആർഎ ഭവനിൽ ബി മണികണ്ഠൻനായരുടെ വീടിന്റെ സംരക്ഷണ ഭിത്തി മഴയിൽ തകർന്നുവീണു. 15 മീറ്റർ നീളവും 13 അടി ഉയരവുമുള്ള കൂറ്റൻ ഭിത്തിയാണ് തകർന്നത്. ഏതാണ്ട് മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംരക്ഷണ ഭിത്തിതകർന്നതോടെ വീടും അപകടാവസ്ഥയിലാണ്.
ഇലക്ട്രിക് ലൈനിൽ മരംവീണു
ഇലക്ട്രിക് ലൈനിൽ റബർമരംവീണ് വൈദ്യുതിവിതരണം തടസ്സപ്പെട്ടു. രാലൂർക്കാവ് ഉദയകുന്നം റോഡിൽ കൊടുവഴന്നൂർ ചെമ്പ്രാംകാട്  ഇലക്ട്രിക് ലൈനിലേക്കാണ് മരംവീണത്. കെഎസ്ഇബി ജീവനക്കാർ എത്തി മരം മുറിച്ച് മാറ്റി.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top