24 May Friday

സിപിഐ എം -പ്രവർത്തകരെ ഐഎൻടിയുസിക്കാർ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019
പാറശാല - 
സിപിഐ എം–--ഡിവൈഎഫ്ഐ പ്രവർത്തകരെ ഐഎൻടിയുസി പ്രവർത്തകർ വീടുകയറി മർദിച്ചതായി പരാതി. ചെങ്കൽ കാട്ടിലുവിളയിൽ ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് ആസൂത്രിതമായ ആക്രമണം നടന്നത്. സിപിഐ എം ചെങ്കൽ ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായ രാഹിൽ ആർ നാഥ്, സിപിഐ എം കാട്ടിലുവിള ബ്രാഞ്ച‌് അംഗം ഷൈജു, ഡിവൈഎഫ്ഐ ചെങ്കൽ ലോക്കൽ കമ്മിറ്റി അംഗം സിജിൻ എന്നിവർക്കാണ് ക്രൂരമർദനമേറ്റത്. ചെങ്കൽ പ്ലാവിലമൂലയിലെ ഇഷ്ടികച്ചൂളയിലെ തർക്കവുമായി ബന്ധപ്പെട്ടാണ് അകാരണമായി ഐഎൻടിയുസിക്കാർ പാർടി പ്രവർത്തകരെ മർദിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് രാഹിൽ ആർ നാഥും ഷൈജുവും രാഹിലിന്റെ വീട്ടിലിരിക്കുമ്പോഴാണ് വീടുകയറി ആക്രമണം നടത്തിയത്. ഐഎൻടിയുസി പ്രവർത്തകരായ ഇരുപത്തിയഞ്ചോളം വരുന്ന സംഘം കാട്ടിലുവിള ജങ‌്ഷനിൽ ഒത്തുകൂടി ആസൂത്രണം ചെയ്തശേഷം കത്തിയും ചുടുകല്ലുമായി ആക്രമണം നടത്തുകയായിരുന്നു. വീടിന് മുന്നിലെ ജനൽചില്ലും കടയും തകർത്ത സംഘം വീടിനുള്ളിൽ കയറി രാഹിൽ ആർ നാഥിനെയും ഷൈജുവിനെയും മർദിക്കുകയായിരുന്നു. ബഹളം കേട്ട് അതുവഴിവന്ന രാഹിൽ അക്രമം തടയാൻ ശ്രമിച്ചപ്പോഴാണ് ഇയാളെയും മർദിച്ചത്. മൂവർക്കും ചുടുകല്ലുകൊണ്ട് ദേഹമാസകലം മർദനമേറ്റു. തുടർന്ന് അക്രമിസംഘം രാഹുൽ ആർ നാഥിന്റെ മൂന്നര പവൻ മാലയും സിജിന്റെ മൊബൈൽ ഫോണും അപഹരിച്ചു. 
  ഗുരുതരമായി മർദനത്തിനിരയായ മൂന്ന് പേരെയും പാറശാല ഗവ.താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം നേരിട്ട് ഗുരുതരാവസ്ഥയിലായ സിജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ‌് ആശുപത്രിയിലേക്ക് മാറ്റി.ആശുപത്രിയിൽ ചികിത്സയിലുള്ളവരെ സി കെ ഹരീന്ദ്രൻ എംഎൽഎ, സിപിഐ എം ഏരിയ സെക്രട്ടറി കടകുളം ശശി, ജില്ലാ പഞ്ചായത്തംഗം അഡ്വ.എസ് കെ ബെൻഡാർവിൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ആർ സലൂജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സുരേഷ്, ഏരിയ കമ്മിറ്റിയംഗം പി ടി ശാന്തകുമാർ, ചെങ്കൽ ലോക്കൽ സെക്രട്ടറി ആർ വിൽസന്റ് എന്നിവർ സന്ദർശിച്ചു. 
ഐഎൻടിയുസിക്കാർ ശനിയാഴ്ച ഡിവൈഎഫ്ഐ ചെങ്കൽ പ്ലാവിലമൂല യൂണിറ്റ് വൈസ് പ്രസിഡന്റ് ജിബിനെയും മർദിച്ചിരുന്നു. ചെങ്കൽ പ്ലാവിലമൂല ഭാഗങ്ങളിലെ ഇഷ്ടികക്കളങ്ങളിൽ കഴിഞ്ഞ മുപ്പത് വർഷമായി സിഐടിയു തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. എന്നാൽ, തൊഴിൽ കാർഡ് ഇല്ലാത്ത ചില ഐഎൻടിയുസിക്കാർ സിഐടിയു പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയും തൊഴിലെടുക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നതും പതിവാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഐഡി കാർഡുള്ള ഐഎൻടിയുസി തൊഴിലാളികൾക്ക് പൊലീസിന്റെ നിർദേശത്തെ തുടർന്ന് ചെങ്കൽ ഭാഗത്തെ പ്രത്യേക ഏരിയ തിരിച്ച് ചൂ‌ളയിൽ തൊഴിലെടുക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനെ തുടർന്നുള്ള വൈരാഗ്യത്താലാണ് പ്രകോപനമില്ലാതെ ഐഎൻടിയുസിക്കാർ പ്രദേശത്തെ പാർടിപ്രവർത്തകർക്ക് നേരെ അടിക്കടി ആക്രമണം നടത്തുന്നത്. പാറശാല പൊലീസിൽ പരാതി നൽകി.
 
 
പ്രധാന വാർത്തകൾ
 Top