തിരുവനന്തപുരം
‘‘എനിക്ക് കരാട്ടേ പഠിക്കണം, എന്നെ ആക്രമിച്ചവനെ ഇടിക്കണം’’.... കോടതിയോട് അത്രയും പറഞ്ഞപ്പോഴേക്കും അവളുടെ ശബ്ദം ഇടറി. ജീവിതം തകർത്ത പീഡനം ഓർത്ത് അവൾ നിശ്ശബ്ദയായി. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയിലാണ് ഈ രംഗം. പോക്സോ കേസിൽ മൊഴി നൽകാനെത്തിയ പെൺകുട്ടിയാണ് വികാരഭരിതയായത്. സംഭവത്തെക്കുറിച്ച് ജഡ്ജി ആർ ജയകൃഷ്ണൻ ചോദിച്ചപ്പോഴാണ് അവൾ ഇത്രയും പറഞ്ഞത്.
2013 ൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ പെൺകുട്ടിയുടെ ജീവിതം നരാധമൻമാർ തകർത്തത്. ജന്മനാ ഭിന്നശേഷിക്കാരിയായ കുട്ടിയെ സമീപത്തെ രണ്ടുപേർ പീഡിപ്പിക്കുകയായിരുന്നു. മനോരോഗിയായ അമ്മ തടഞ്ഞിട്ടും വെറുതെ വിട്ടില്ല. പീഡനശ്രമം എതിർത്തപ്പോൾ മർദിച്ചു. ഇതോടെ കുട്ടിയുടെ മാനസികനില തകരാറിലായി. അമ്മയും 90 വയസ്സായ അമ്മൂമ്മയും മാത്രമാണ് കൂട്ടിനുള്ളത്. ചികിത്സയ്ക്ക് കൊണ്ടുപോകാൻ ആളുമില്ല, പണവുമില്ല. കുറച്ച് വർഷങ്ങളായി കുട്ടി സംസാരിക്കുന്നുണ്ടായിരുന്നില്ല.
കോടതിയിലാണ് അവൾ മനസ്സുതുറന്നത്. കുട്ടിക്ക് വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹന്റെ ആവശ്യം പരിഗണിച്ച് അടിയന്തര ചികിത്സ നൽകണമെന്ന് കോടതി ഉത്തരവിട്ടു. സഹായം നൽകാൻ പൂജപ്പുര പൊലീസിന് നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..