29 May Sunday

മക്കളെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതികളും കാമുകൻമാരും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കിളിമാനൂർ
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ വീടുകളിൽ ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം കടന്നുകളഞ്ഞ യുവതികൾ പിടിയിൽ.  ഇവരുടെ കാമുകൻമാരെയും പള്ളിക്കൽ പൊലീസ് പിടികൂടി. പള്ളിക്കൽ കെ കെ കോണം ഹിബാ മൻസിലിൽ ജീമ (29), ഇളമാട് ചെറുവയ്ക്കൽ വെള്ളാവൂർ നാസിയ മൻസിലിൽ നാസിയ (28) വർക്കല, രഘുനാഥപുരം ബി എസ് മൻസിലിൽ ഷാൻ (38), കരുനാ​ഗപ്പള്ളി തൊടിയൂർ മുഴങ്ങോട് മീനത്തേതിൽ വീട്ടിൽ റിയാസ് (34) എന്നിവരാണ് പിടിയിലായത്.  
 ജീമയ്ക്ക് ഒന്നരവയസ്സുള്ള ഒരു പെൺകുട്ടിയും നാലും പന്ത്രണ്ടും വീതം വയസ്സുള്ള രണ്ടുകുട്ടികളുമുണ്ട്. നാസിയക്ക് അ‍ഞ്ചുവയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഇരുവരുടെയും ഭർത്താക്കൻമാർ വിദേശത്താണ്. ഭർത്താക്കൻമാർ നാട്ടിലില്ലാത്ത സ്ത്രീകളെ വശത്താക്കി കടത്തുന്ന സംഘത്തിലുള്ളവരാണ് ഷൈനും റിയാസും. 
ഇവർ യുവതികളുമായി ബംഗളൂരു, മൈസൂർ, ഊട്ടി, കോയമ്പത്തൂർ, തെന്മല, കുറ്റാലം എന്നീ സ്ഥലങ്ങളിൽ കറങ്ങി. യാത്രാച്ചെലവിന്‌ യുവതികൾ അരലക്ഷംരൂപയും വിവിധയിടങ്ങളിൽനിന്ന്‌ സമാഹരിച്ച് കാമുകൻമാർക്ക് കൈമാറിയിരുന്നു. യുവതികൾ മുങ്ങിയതോടെ ഇവരുടെ കുട്ടികൾ പട്ടിണിയായി. തുടർന്ന്‌ പള്ളിക്കൽ പൊലീസ് കേസെടുത്ത് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു.
കുറ്റാലത്തുള്ള ഒരു റിസോർട്ടിൽനിന്നാണ്‌ ഇവരെ കസ്റ്റഡിയിൽ എടുത്തത്‌. ഇവർ ഉപയോ​ഗിച്ച ബൊലേറോ ജീപ്പും പിടിച്ചെടുത്തു. ഷൈന് എഴുകോൺ, ഏനാത്ത് എന്നീ സ്റ്റേഷനുകളിലും റിയാസിന് കരുനാ​ഗപ്പള്ളി, ശാസ്താംകോട്ട, ചവറ, ശൂരനാട്, പോത്തൻകോട് എന്നീ സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്‌. 
 പോത്തൻകോട് അച്ഛനെയും മകളെയും നടുറോഡിൽ കാർ തട‌ഞ്ഞ് മർദിച്ച സംഭവത്തിലെ മൂന്നു പ്രതികളെ സംരക്ഷിച്ചത്‌ റിയാസായിരുന്നു. 
യുവതികളെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുന്നതിന്‌ യുവാക്കൾ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. വർക്കല ഡിവൈഎസ്‌പി നിയാസിന്റെ മേൽനോട്ടത്തിൽ പള്ളിക്കൽ എസ്എച്ച്ഒ പി ശ്രീജിത്, എസ്ഐ എം സാഹിൽ, സിവിൽ പൊലീസ് ഓഫീസർമാരായ രാജീവ്, ഷമീർ, അജീസ്, മഹേഷ്, അനുമോഹൻ, ഷംല എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ  അറസ്റ്റ് ചെയ്തത്. കുട്ടികളുടെ പരാതിയിൽ ബാലനീതി നിയമപ്രകാരം കേസെടുത്ത് വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാൻഡ്‌ ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top