24 January Friday

എസ്എടിയിൽ നടപ്പാക്കിയത് 150 കോടിയുടെ വികസനം: - മന്ത്രി ശൈലജ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

എസ്‌എടി ആശുപത്രിയിൽ നവീകരിച്ച കാഷ്വാലിറ്റി ബ്ലോക്കിന്റെ ഉദ്‌ഘാടനം നിർവഹിച്ച്‌ മന്ത്രി കെ കെ ശൈലജ സ്‌കാനിങ്‌ മെഷീൻ പ്രവർത്തിപ്പിച്ചപ്പോൾ

തിരുവനന്തപുരം
എസ്എടി ആശുപത്രിയിൽ സംസ്ഥാന സർക്കാർ ഇതുവരെ 150 കോടിയിലേറെ രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ പറഞ്ഞു. നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം, കെഎഎസ് പി കൗണ്ടര്‍, മിഠായി ക്ലിനിക്‌, നവീകരിച്ച മെഡിക്കല്‍ റെക്കോര്‍ഡ് ലൈബ്രറി, അള്‍ട്രാസൗണ്ട് സ്‌കാനിങ്‌ മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
 
 സംസ്ഥാനത്ത് ആർദ്രം പദ്ധതിയുടെ ഭാഗമായി ആദ്യമായി രോഗീ സൗഹൃദ ഒ പി ആരംഭിച്ചത് എസ് എ ടി യിലാണ്. മാസ്റ്റർ പ്ലാനിന്റെ ഭാഗമായി വിവിധ വികസന പ്രവർത്തനങ്ങൾ നടന്നുവരുന്നു. നവീകരിച്ച മെഡിക്കൽ റെക്കോഡ് ലൈബ്രറി അടുത്ത ഘട്ടത്തിൽ ഡിജിറ്റലൈസ് ചെയ്യും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മാതൃശിശു ആശുപത്രിയായ എസ് എ ടി ആശുപത്രിയിലെ സ്ഥലപരിമിതിമൂലം ഏറെ ബുദ്ധിമുട്ടുന്ന പീഡിയാട്രിക് വിഭാഗത്തില്‍ ഇതോടെ വലിയ സൗകര്യങ്ങളാണ് ഉണ്ടാകുന്നത്. എസ്എടി ആശുപത്രിയുടെ സമഗ്ര വികസനത്തിന്അഞ്ചുകോടി രൂപയുടെ ഭരണാനുമതിയാണ്  നല്‍കിയത്. എസ്എടി ആശുപത്രി ഉള്‍പ്പെടെയുളള മെഡിക്കല്‍ കോളേജിന്റെ നവീകരണങ്ങള്‍ക്കായി 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കി വരികയാണ്‌.കുട്ടികളുടെ ഹൃദ്രോഗ ചികിത്സയ്ക്കായി പീഡിയാട്രിക് കാത്ത് ലാബ് അനുവദിച്ചുണ്ടെന്നും  മന്ത്രി പറഞ്ഞു. 
 
  ബി എസ് രാജീവിന്റെ സ്മരണാർഥം എസ്എടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി എംപ്ലോയിസ് യൂണിയനും ചെക്കാലമുക്ക് കരിയം റസിഡൻസ് അസോസിയേഷനുംചേർന്ന്‌ പുതിയ അത്യാഹിത വിഭാഗത്തിന് ആവശ്യമായ വീൽച്ചെയറുകളും ട്രോളികളും  നൽകി.
 
 മെഡിക്കൽ കോളേജ് പിടിഎ വിദ്യാർഥികൾക്കായി വാങ്ങിയ പുതിയ ബസിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മറ്റി ചെയർപേഴ്സൺ എസ് എസ് സിന്ധു അധ്യക്ഷയായി. ഉള്ളൂർ വാർഡ് കൗൺസിലർ ജോൺസൺ ജോസഫ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ്, എച്ച് ഡി എസ് അംഗങ്ങളായ ഡി ആർ അനിൽ, അഡ്വ. അനിത, നേഴ്സിങ്‌ ഓഫീസർ എസ് അനുരാധ, എസ് എ ടി സൂപ്രണ്ട് ഡോ. എ സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top