24 June Thursday

നിറങ്ങളാണ്‌ ഷാനവാസിന്റെ ജീവൻ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 15, 2020

വഞ്ചിയൂർ

മുഖ്യമന്ത്രി പിണറായി വിജയന്റെ ഛായാചിത്രം വരയ്‌ക്കുക എന്നത്‌ ഷാനവാസ്‌ റഹീമിന്റെ വലിയ ആഗ്രഹമായിരുന്നു. തന്റെ പരിമിതികളെ വെല്ലുവിളിച്ച്‌ ഒരാഴ്ചയോളം എടുത്ത്‌ കേരള മുഖ്യമന്ത്രിയുടെ ചിത്രം പൂർത്തീകരിച്ചു. ഇനി ഒരാഗ്രഹംകൂടി ബാക്കിയുണ്ട്‌. ഈ ചിത്രം എന്നെങ്കിലും അദ്ദേഹത്തിന്‌ നേരിട്ട്‌ സമ്മാനിക്കണം.

പക്ഷേ, ആകെയുണ്ടായ ഒരു ആശ്രയം വീൽചെയറായിരുന്നു. അതും പണിമുടക്കിയതോടെ വീടിനുള്ളിൽതന്നെയായി ജീവിതം. ഒരു കൈത്താങ്ങായ അമ്മയും കിടപ്പായതോടെ വീടിനുള്ളിൽതന്നെ തളച്ചിടപ്പെടുകയാണ്‌ ഷാനവാസ്‌.

28 വയസ്സുകാരനായ ഷാനവാസിന്റെ ജീവിതത്തിൽ വില്ലനായത്‌ മൂന്നാം വയസ്സിൽ പിടികൂടിയ മസ്കുലർ ഡിസ്ട്രോഫി എന്ന രോഗമാണ്‌.

കുട്ടിക്കാലം മുതൽ ചിത്രരചനയോട്‌ കമ്പമേറി. ഷാനവാസിന്റെ ചിത്രങ്ങൾകണ്ട്‌ ഇഷ്ടപ്പെട്ട ഒരു വിദേശ വനിത അത്‌ വാങ്ങിയത്‌ വഴിത്തിരിവായി. അമേരിക്കയിലെ റോട്ടറി ക്ലബ് ഓഫ് ആൻ ആർബറും പിയറി പോൾ ആർട്ട് ഗാലറിയും ചേർന്ന് നടത്തിയ ചിത്രപ്രദർശനത്തിൽ ഷാനവാസിന്റെ  മുഴുവൻ ചിത്രങ്ങളും വിറ്റുപോയി. യോഗീസ്‌ ഓൺ വീൽസ്‌ സംഘടനയാണ്‌ അമേരിക്കയിൽ ചിത്രപ്രദർശനത്തിന്‌ അവസരം ഒരുക്കിയത്‌.

രണ്ടു നഷ്‌ടങ്ങളാണ്‌ ഷാനവാസിന്റെ ജീവിതത്തിൽ തിരിച്ചടിയായത്‌. എന്നും പ്രോത്സാഹനമേകിയ ഉപ്പ റഹിം ന്യുമോണിയ ബാധിച്ച് മരിച്ചു. തന്റെ അതേ അസുഖമുണ്ടായിരുന്ന സഹോദരി സൂധീറയും വിട്ടുപോയി.

ചാക്ക ഐടിഐ ജങ്‌ഷനു സമീപത്തെ വീട്ടിൽ ഉമ്മ ജൂവൈരിയ്‌ക്കൊപ്പമാണ്‌ താമസം. അമ്മ വീട്ടുവേലയ്ക്ക് പോയി കിട്ടുന്ന തുച്ഛമായ പണമായിരുന്നു വീട്ടുചെലവിനും ചികിത്സാചെലവിനും ആശ്രയം. കാലിനു പരിക്കേറ്റതിനാൽ അമ്മയ്ക്ക് ഇപ്പോൾ വീട്ടുജോലിയ്ക്ക് പോകാൻ കഴിയുന്നില്ല.അച്ഛൻ ജീവിച്ചിരുന്നപ്പോൾ സഹകരണ ബാങ്കിൽനിന്ന്‌ വീട് പണിയ്ക്കായി എടുത്ത വായ്പാ തുക പകുതിയും ചികിത്സയ്ക്കായി ചെലവായി.  അടിസ്ഥാനംമാത്രം പൂർത്തീകരിച്ച  വീട് പണി തിരുവനന്തപുരം റോട്ടറി ക്ലബ്ബിന്റെ സ്‌നേഹവീട് പദ്ധതി പ്രകാരമാണ് പൂർത്തീകരിച്ചത്. വായ്പാ തിരിച്ചടവ് പ്രതിസന്ധിയിലായതും ഷാനവാസിന്റെ ജീവിതത്തിൽ കരിനിഴൽ വീഴ്‌ത്തുന്നു. തന്റെ ചിത്രങ്ങൾ വിൽക്കാൻ വേണ്ടി ആർട്‌സ്‌ വേൾഡ്‌ (Arts World) എന്ന പേരിൽ ഫെയ്‌സ്‌സ്ബുക്കിൽ പേജ് തുടങ്ങിയിട്ടുണ്ട്.

പ്ലസ്ടുവും ഇലകട്രോണിക്സിൽ ഐടിഐ ഡിപ്ലോമയും ഉള്ള ഷാനവാസിനെ സഹായിക്കാൻ നാട്ടുകാർചേർന്ന്‌ എസ്ബിഐ ചാക്ക ശാഖയിൽ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ –- -67177055542 (IFSC Code SBIN0070795). 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top