26 October Tuesday

ക്രമക്കേട്‌; സോണൽ ഓഫീസ്‌ അറ്റൻഡർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 14, 2021
കഴക്കൂട്ടം 
ന​ഗരസഭയുടെ ശ്രീകാര്യം സോണൽ ഓഫീസിലെ ക്രമക്കേടിൽ ഓഫീസ്‌ അറ്റൻഡർ കല്ലറ മുതുവിള നാനംകോട് അക്ഷര ഭവനിൽ ബിജു(42) അറസ്‌റ്റിൽ. കല്ലറയിലെ ചുള്ളാളത്ത് ഒളിവിൽ കഴിയവെയാണ് അറസ്റ്റ്. സോണൽ ഓഫീസ്‌ ക്രമക്കേട് സംഭവത്തിലെ ആദ്യ അറസ്‌റ്റാണിത്‌.
പണമടയ്ക്കാൻ ബാങ്കിലേക്ക് പോയിരുന്നത് ബിജുവാണ്. എന്നാൽ ബാങ്കിലിടാതെ അടച്ചെന്ന് ഇയാൾ  വ്യാജ ചെലാൻ ഉണ്ടാക്കി. 5. 7 ലക്ഷം രൂപയുടെ തിരിമറിയാണുണ്ടായത്‌. ക്രമക്കേട്‌ കണ്ടെത്തിയതോടെ 1.78 ലക്ഷം രൂപ ബിജു തിരിച്ചടച്ചു. ഇതോടെ മുഴുവൻ സോണൽ ഓഫീസിലും ഓഡിറ്റ്‌ നടത്താൻ ലോക്കൽ ഫണ്ട്‌ ഓഡിറ്റ്‌ വിഭാഗത്തോട്‌ കോർപറേഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമ നടപടികൾക്കായി പൊലീസിനെയും സമീപിച്ചു. ബിജു, ക്യാഷർ അനിൽകുമാർ, ഓഫീസ് ചുമതലയുള്ള ലളിതാംബിക എന്നിവരെ കോർപറേഷൻ സസ്‌പെൻഡ്‌ ചെയ്തിരുന്നു.  
സൈബർ സിറ്റി എസി സി എസ് ഹരിക്ക് കിട്ടിയ വിവരത്തെ തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ശ്രീകാര്യം എസ്എച്ച്ഒ ആസാദ് അബ്ദുൾ കലാം അടങ്ങിയ സംഘമാണ്‌ ബിജുവിനെ പിടികൂടിയത്‌. എസ് ഐ മാരായ ബിനോദ് കുമാർ, പ്രശാന്ത്, എഎസ്ഐ ശ്രീഹരി, എസ്‌സിപിഒ സുനിൽ, സിപിഒമാരായ വിനീത്, ബിജു എന്നിവരും ഒപ്പമുണ്ടായി.
അന്വേഷണം വേഗം 
പൂർത്തിയാക്കണം: 
കെഎംസിഎസ്‌യു
നികുതി ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്ന്‌ കെഎംസിഎസ്‌യു ആവശ്യപ്പെട്ടു. 
കോർപറേഷനിൽ നികുതിപ്പണം ഉൾപ്പെടെയുള്ള ഫീസുകൾ ഒടുക്കരുതെന്ന ബിജെപി നിലപാട് നഗരവികസനത്തിനെ പിന്നോട്ട് വലിക്കും.  ചില ജീവനക്കാർ നടത്തിയ കുറ്റത്തിന്‌ നഗരസഭാ ജീവനക്കാർ മുഴുവൻ അഴിമതിക്കാരാണെന്ന പ്രചാരണങ്ങളിൽനിന്ന്‌ പിന്മാറണം.
സോണൽ ഓഫീസ്‌ ക്രമക്കേട്‌ വിഷയത്തിൽ കേരള മുനിസിപ്പൽ കോർപറേഷൻ ആൻഡ്‌ സ്റ്റാഫ് യൂണിയൻ വിശദീകരണ യോഗം സംഘടിപ്പിച്ചു. 
ജനറൽ സെക്രട്ടറി പി സുരേഷ് ഉദ്‌ഘാടനം ചെയ്‌തു. രാജഗോപാൽ അധ്യക്ഷനായി. മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ്അസോസിയേഷൻ (സിഐടിയു) ജനറൽ സെക്രട്ടറി കണ്ണമ്മൂല വിജയൻ, എ ബി വിജയകുമാർ, എസ് എസ് മിനു, ഒ ബിജി, ആർ വി ഷിബു, സന്തോഷ്, എസ്‌ സജീവ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top