24 November Tuesday
കോൺ. നേതാവ്‌ പി കെ വേലായുധന്റെ ഭാര്യക്ക് ന​ഗരസഭ ഫ്ളാറ്റ് കൈമാറി

ഗിരിജയുടെ സന്തോഷങ്ങളിലേക്ക് ഈ താക്കോൽ

സ്വന്തം ലേഖകൻUpdated: Wednesday Oct 14, 2020

മുൻമന്ത്രി പി കെ വേലായുധന്റെ ഭാര്യ ഗിരിജ വേലായുധന് തിരുവനന്തപുരം നഗരസഭ നൽകുന്ന വീടിന്റെ താക്കോൽ മന്ത്രി എ കെ ബാലൻ കൈമാറിയപ്പോൾ. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മേയർ കെ ശ്രീകുമാർ എന്നിവർ സമീപം

തിരുവനന്തപുരം 
തിരുവനന്തപുരം നഗരസഭ അനുവദിച്ച ഫ്‌ളാറ്റിന്റെ താക്കോൽ മന്ത്രി എ കെ ബാലനിൽനിന്ന്‌ ഏറ്റുവാങ്ങുമ്പോൾ വാക്കുകളില്ലാതെ, കൈകൂപ്പി, അടരാൻ വെമ്പിയ കണ്ണീരടക്കി ​ഗിരിജ പറഞ്ഞു, ‘നന്ദി’. 
മുൻ മന്ത്രി പി കെ വേലായുധന്റെ ഭാര്യയായ ഗിരിജയ്ക്ക്‌ വീടനുവദിക്കാൻ ഇടയായ സാഹചര്യം മന്ത്രി പങ്കുവച്ചു– -‘‘ഒരു ദിവസം  ഗിരിജ കാണാനെത്തി. ഒരു കൂര മന്ത്രി ഇടപെട്ട്‌ വാങ്ങിത്തരണം. ഒരുസ്ഥലത്തുനിന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ കൂടുമാറി മാറി ഇനി വയ്യെന്ന്‌ പറഞ്ഞ്‌ അവർ കരഞ്ഞു. എംഎൽഎയും മന്ത്രിയും കെ കരുണാകരൻ, എ കെ ആന്റണി, ഉമ്മൻചാണ്ടി, വി എം സുധീരൻ എന്നിവരുമായി അടുത്ത ബന്ധവുമുണ്ടായിരുന്ന വേലായുധന്റെ കുടുംബം ഇത്തരമൊരു സ്ഥിതിയിലാണെന്ന്‌ വിശ്വസിക്കാനായില്ല. ഗിരിജയുടെ മുഖം കണ്ടപ്പോൾ അമ്മയെ‌ ഓർമ വന്നു. ചെറുപ്പത്തിൽ അമ്മയെ കുടിയിറക്കിയ രംഗം... ഉടൻ തിരുവനന്തപുരം മേയറെ വിളിച്ചു. 
ഒരു പ്രശ്‌നവുമില്ല, അപേക്ഷ കൈമാറിയാൽ മതിയെന്നായിരുന്നു മറുപടി. ഇപ്പോൾ ലൈഫിനെതിരെ ഉറഞ്ഞുതുള്ളുന്നവർ ഇത്‌ കാണണമെന്നും മന്ത്രി പറഞ്ഞു. 
രണ്ടര ലക്ഷംപേർക്ക്‌ കയറിക്കിടക്കാൻ വീട്‌ സമ്മാനിച്ച സർക്കാരിനെ അനുമോദിക്കുന്നതിന്‌ പകരം അപമാനിക്കാനുള്ള നീക്കമാണ്‌ നടക്കുന്നതെന്ന് വിശിഷ്ടാതിഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 
മേയർ കെ ശ്രീകുമാർ, സ്‌റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്‌സൺ എസ്‌ എസ്‌ സിന്ധു, സെക്രട്ടറി വി യു ബിനി എന്നിവർ സംസാരിച്ചു. കല്ലടിമുഖത്താണ്‌ നഗരസഭ ഗിരിജയ്ക്ക്‌ ഫ്‌ളാറ്റ്‌ അനുവദിച്ചത്‌.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top