12 November Tuesday

അക്ഷരപ്പൂരം

സ്വന്തം ലേഖികUpdated: Monday Oct 14, 2019

പട്ടം ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ അക്ഷരമുറ്റം ഉപജില്ലാ മത്സരത്തിന്റെ ജില്ലാതല ഉദ്‌ഘാടനത്തിനെത്തിയ ജോർജ്‌ ഓണക്കൂറിനും മുഖ്യാതിഥികൾക്കുമൊപ്പം മത്സരാർഥികൾ

തിരുവനന്തപുരം 
അറിവിന്റെ ആഘോഷമായി “അക്ഷരമുറ്റം’. കുട്ടിക്കൂട്ടത്തിന്‌ മുമ്പിൽ  പുത്തനറിവുകളുടെ വാതായനം തുറക്കുകയായിരുന്നു ഒഡീസിയ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ മത്സരം. കുട്ടികളുടെ നിറഞ്ഞ പങ്കാളിത്തം  ഉപജില്ലാ മത്സരത്തെ മികച്ചതാക്കി. ജില്ലയിലെ 12 ഉപജില്ലാ കേന്ദ്രങ്ങളിലായി ആയിരത്തോളം വിദ്യാർഥികളാണ്‌ മത്സരിച്ചത്‌.  
 
  ഉപജില്ലാ മത്സരങ്ങളുടെ ജില്ലാ  ഉദ്‌ഘാടനം പട്ടം ഗവ. ഗേൾസ്‌ ഹയർസെക്കൻഡറി സ്കൂളിൽ  ഡോ.  ജോർജ്‌ ഓണക്കൂർ നിർവഹിച്ചു. അറിവുനേടുന്നതിനായി നിരന്തരം പരിശ്രമിക്കണമെന്നും വായിച്ചും യാത്രചെയ്തും ആളുകളുമായി സംസാരിച്ചുമെല്ലാം ലഭിക്കുന്ന അറിവുകൾ ഹൃദയത്തിലുറപ്പിക്കണമെന്നും അദ്ദേഹം കുട്ടികളോട്‌ പറഞ്ഞു. മതനിരപേക്ഷതയ്‌ക്കും ജനാധിപത്യത്തിനും ഒപ്പം നിൽക്കുന്നവരായി വളരണം. ജനങ്ങളുടെ ശബ്ദമായി നിൽക്കുന്ന പത്രമാണ്‌ ദേശാഭിമാനി. നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പത്രം. പുത്തനറിവുകൾക്കായി ദേശാഭിമാനി “അക്ഷരമുറ്റം’ പേജ്‌ മുടങ്ങാതെ വായിക്കണമെന്നും ജോർജ്‌ ഓണക്കൂർ കുട്ടികളോട്‌ നിർദേശിച്ചു. 
 
  സംഘാടക സമിതി ചെയർമാൻ പ്രൊഫ. ടി എൻ രാമൻപിള്ള അധ്യക്ഷനായി. കെഎസ്‌ടിഎ ജില്ലാ സെക്രട്ടറി എം എസ്‌ പ്രശാന്ത്‌, പ്രസിഡന്റ്‌ സിജോവ്‌ സത്യൻ, ദേശാഭിമാനി ബ്യൂറോ ചീഫ്‌ കെ ശ്രീകണ്ഠൻ,  പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സുരേഷ്‌ വെള്ളിമംഗലം,  സ്കൂൾ പ്രിൻസിപ്പൽ രത്‌നകുമാർ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ്‌ മാനേജർ ഐ സെയ്‌ഫ്‌ സ്വാഗതവും കെഎസ്‌ടിഎ ഉപജില്ലാ സെക്രട്ടറി ഇസ്‌മയിൽ നന്ദിയും പറഞ്ഞു.  
 
  പകൽ പതിനൊന്നോടെയാണ്‌ മത്സരങ്ങൾ ആരംഭിച്ചത്‌. എൽപി, യുപി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായിരുന്നു മത്സരം. ആകെ 20 ചോദ്യങ്ങളാണ്‌ ഉണ്ടായിരുന്നത്‌. മുന്നിലെത്തുന്നവർക്ക്‌ ഒരേ മാർക്ക്‌ വന്നാൽ ചോദിക്കാൻ അഞ്ചുചോദ്യങ്ങൾ കൂടുതലായും നൽകിയിരുന്നു. പലയിടത്തും കുട്ടികൾ ഒപ്പത്തിനൊപ്പമായിരുന്നു. ഒന്നാംസ്ഥാനക്കാർക്ക്‌ ആയിരം രൂപയും രണ്ടാംസ്ഥാനക്കാർക്ക്‌ 750 രൂപയും മൂന്നാംസ്ഥാനക്കാർക്ക്‌ 500 രൂപയും നാലാംസ്ഥാനക്കാർക്ക്‌ 250 രൂപയുമായിരുന്നു ക്യാഷ്‌ പ്രൈസ്‌. കൂടാതെ സർട്ടിഫിക്കറ്റും മെമന്റോയും നൽകി.  പങ്കെടുത്ത എല്ലാ കുട്ടികൾക്കും  സർട്ടിഫിക്കറ്റ്‌  നൽകി. 
 
  ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക്‌ നവംബർ മൂന്നിന്‌ നടക്കുന്ന ജില്ലാമത്സരത്തിൽ പങ്കെടുക്കാം.
പ്രധാന വാർത്തകൾ
 Top