18 October Friday
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭൂമിയിലെ ആർഎസ്‌എസ്‌ കൈയേറ്റം

പുഷ്പാഞ്ജലി സ്വാമിയെ റവന്യു സംഘം സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
 
തിരുവനന്തപുരം
 ആർഎസ്എസുകാർ കൈയേറിയ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഞ്ചിറമഠം ഒഴിഞ്ഞുനൽകണമെന്ന്‌ ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന പുഷ്പാഞ്ജലി സ്വാമിയാർ പരമേശ്വര ബ്രഹ്മാനന്ദതീർഥയെ എഡിഎമ്മിന്റെ നേതൃത്വത്തിലുള്ള റവന്യു സംഘം സന്ദർശിച്ചു. കലക്ടറുടെ ചുമതലയുള്ള എഡിഎം വി ആർ  വിനോദ്, തഹസിൽദാർ ജി കെ സുരേഷ് ബാബു, വില്ലേജ് ഓഫീസർ രാജീവ് എന്നിവരടങ്ങിയ സംഘമാണ് സന്ദർശിച്ചത്. സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നുണ്ടെന്നും നിരാഹാരം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും സംഘം ആവശ്യപ്പട്ടു.
പരാതിയുടെ അടിസ്ഥാനത്തിൽ വിഷയത്തെക്കുറിച്ച് തഹസിൽദാർ കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും സംഘം സ്വാമിയെ അറിയിച്ചു. ഇതിനെ തുടർന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ, ജില്ലാ സപ്ലൈ ഓഫീസർ, ജില്ലാ നിയമ ഓഫീസർ എന്നിവരുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വിഷയവുമായി ബന്ധപ്പെട്ടവരുമായി കലക്ടർ ചർച്ച നടത്തും. ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ അനന്തശായി ബാലസദനം ഭാരവാഹികൾ, മുഞ്ചിറമഠം സ്വാമിയാർ എന്നിവരെയെല്ലാം കലക്ടർ രേഖകൾ ഹാജരാക്കാൻ പറഞ്ഞിട്ടുണ്ട്.
തഹസിൽദാർ നൽകിയ റിപ്പോർട്ട് പ്രകാരം ബാലസദനം പ്രവർത്തിക്കുന്ന സ്ഥലം മുഞ്ചിറമഠത്തിന്റെ പേരിലും കെട്ടിടത്തിന്റെ രേഖകൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ പേരിലുമാണ്. ആർഎസ് എസുകാർ ഭൂമി കൈയേറി നിലവിൽ അനന്തശായി ബാലസദനം അനധികൃതമായി നടത്തുന്നുവെന്നാണ് സ്വാമി ആരോപിക്കുന്നത്.
ആറു ദിവസമായി നിരാഹാരം നടത്തുന്ന പുഷ്പാഞ്ജലി സ്വാമിയുടെ ആരോഗ്യനില പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകി.ഈ സ്ഥലവും കെട്ടിടവും തിരികെ നൽകണമെന്നാവശ്യപ്പെട്ടും  ആചാരപ്രകാരം ചാതുർമാസ പൂജ നടത്താൻ സ്ഥാപന ഉടമകൾ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചുമാണ് സ്വമി നിരാഹാരസമരം നടത്തുന്നത്.
 
 
പ്രധാന വാർത്തകൾ
 Top