02 June Tuesday

ഗുരുദേവദർശനം പുതിയ നവോത്ഥാനത്തിന് വഴിയൊരുക്കണം:- മന്ത്രി സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 

കഴക്കൂട്ടം
 ജന്മിത്വത്തിൽനിന്ന്‌ നവോത്ഥാനത്തിന് വഴിതെളിച്ച ശ്രീനാരായണ ദർശനം ജാതിമത അന്ധതകൾക്കെതിരെ പൊരുതി സാമൂഹ്യനീതിക്ക് വഴിതെളിച്ചു. എന്നാൽ, പുതിയ കാലം നമുക്ക് സമ്മാനിക്കുന്ന കമ്പോളവ്യവസ്ഥ എല്ലാ നന്മകളെയും പണാധിപത്യത്തിലേക്ക് നയിക്കുകയാണെന്ന് മന്ത്രി സി രവീന്ദ്രനാഥ്  പറഞ്ഞു.
 ചെമ്പഴന്തി ഗുരുകുലത്തിൽ നടന്ന ശ്രീനാരായണഗുരു നൂറ്റി അറുപത്തഞ്ചാമത് ജയന്തി മഹാസമ്മേളനം ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുദേവ ദർശനങ്ങൾ കേരളത്തിന്റെ മനഃസാക്ഷിയെ ഉണർത്തുകയും ഉയർത്തുകയും ചെയ്‌തു. എല്ലാ നൻമകളെയും തകർക്കുന്നത് മുതലാളിത്തം സൃഷ്ടിച്ച കമ്പോള വ്യവസ്ഥയാണ്. കേരളത്തിന്റെ മനസ്സിനെ കീഴ്പെടുത്താൻ ശ്രമിയ്ക്കുന്ന കമ്പോള മനസ്സിനെ നിരാകരിയ്ക്കാൻ കഴിയണമെന്ന്‌ സി രവീന്ദ്രനാഥ്‌ പറഞ്ഞു.
മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ്   വിശുദ്ധാനന്ദ സ്വാമികൾ ജയന്തി സന്ദേശം നൽകി. സൂക്ഷ്മാനന്ദ സ്വാമികൾ, അടൂർ പ്രകാശ് എംപി, ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കരദാസ്, ശ്രീ നാരായണ അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ എം ആർ യശോധരൻ, കൗൺസിലർ കെ എസ് ഷീല തുടങ്ങിയവർ പങ്കെടുത്തു. ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനീഷ് ചെമ്പഴന്തി നന്ദിയും പറഞ്ഞു.
രാവിലെ നടന്ന ശ്രീനാരായണ ദർശനിക സമ്മേളനം പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉദ്‌ഘാടനംചെയ്തു.  മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷനായി. നടനും നിയമസഭാംഗവുമായ എം മുകേഷ് മുഖ്യാതിഥിയായി. സ്വാമി സൂക്ഷ്മാനന്ദ, ചെമ്പഴന്തി ശ്രീനാരായണഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുന്‍ എംഎല്‍എ ടി ശരത്ചന്ദ്രപ്രസാദ്, മോഹന്‍ദാസ് കോളേജ് ഓഫ് എന്‍ജിനിയറിങ് ചെയര്‍മാന്‍ ജി മോഹന്‍ദാസ്,  ഡോ. ഡി രാജു, ഡോ. എസ് ആര്‍ ജിത,  അണിയൂര്‍ എം പ്രസന്നകുമാര്‍, അണിയൂര്‍ ജയകുമാര്‍ എന്നിവരും പങ്കെടുത്തു. ആഘോഷക്കമ്മിറ്റി ജോയിന്റ് സെക്രട്ടറിമാരായ  ഷൈജു പവിത്രന്‍ സ്വാഗതവും കുണ്ടൂര്‍ എസ് സനല്‍ നന്ദിയും പറഞ്ഞു.
വൈകിട്ട്‌ നടന്ന ജയന്തി ഘോഷയാത്രസമ്മേളനം തുറമുഖ മന്ത്രി  രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്‌ഘാടനംചെയ്‌തു.  ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അധ്യക്ഷയായി.  പിന്നോക്ക വികസന കോർപറേഷൻ ചെയർമാൻ ടി കെ സുരേഷ്, ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം ഉഴമലയ്ക്കൽ വേണുഗോപാൽ, വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ സി സുദർശനൻ, ശ്രീമദ് സൂഷ്മാനന്ദ സ്വാമികൾ, ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവർ സംസാരിച്ചു. ഘോഷയാത്ര കൺവീനർ പി മഹാദേവൻ സ്വാഗതവും ഘോഷയാത്ര കൺവീനർ ജയശങ്കർ ജെ വി നന്ദിയും പറഞ്ഞു. ജയന്തി ഘോഷയാത്ര ഗുരുകുലത്തിൽനിന്ന്‌ ആരംഭിച്ച് ഉദയഗിരി, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക് ജങ്‌ഷൻ, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റാഫീസ് ജങ്‌ഷൻ ചുറ്റി  തിരിച്ച് ഗുരുകുലത്തിൽ സമാപിച്ചു. വിശേഷാൽ ദീപാരാധന, സമൂഹപ്രാർഥന എന്നിവയും നടന്നു.
 
 
 
പ്രധാന വാർത്തകൾ
 Top