16 December Monday

സാന്ത്വനത്തിലും സ്‌മാർട്ട്‌ സിറ്റി: ‘മേയർ ബ്രോ ഹീറോ’

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

തിരുവനന്തപുരം

ഉരുൾപൊട്ടലിലും പ്രളയത്തിലും എല്ലാം നഷ്‌ടപ്പെട്ടവർക്കായി തിരുവനന്തപുരം കൂട്ടായ പ്രവർത്തനം തുടരുന്നു. ജില്ലയിലെ കലക്ഷൻ സെന്ററുകളിലേക്ക്‌ ചൊവ്വാഴ്‌ചയും നിരവധിയാളുകൾ സഹായവുമായി എത്തി. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിച്ച ദുരിതാശ്വാസ ശേഖരണ കൗണ്ടറുകളിൽ ശേഖരിച്ച 25 ലോഡ് സാധനങ്ങൾ വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അയച്ചു. അഞ്ച് ലോഡ് സാധനങ്ങൾകൂടി കയറ്റിയയയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. തിരുവനന്തപുരം കോർപറേഷന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകയെന്ന്‌ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനത്തിന്‌ നേതൃത്വം നൽകുന്ന മേയർ വി കെ പ്രശാന്ത്‌, സ്‌റ്റാൻഡിങ്‌ സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, ഉദ്യോഗസ്ഥർ, കലക്‌ഷൻ സെന്ററുകളിലേക്ക്‌ സഹായം എത്തിക്കുന്ന നാട്ടുകാർ എന്നിവരെ അഭിനന്ദിക്കുന്നതായും കോടിയേരി പറഞ്ഞു.  കോർപറേഷൻ ഓഫീസിലെ കലക്ഷൻ സെന്റർ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ കലക്ഷൻ കേന്ദ്രങ്ങളിലേക്ക് വിവിധ ഭാഗങ്ങളിൽനിന്നും സാധനസാമഗ്രികൾ ഒഴുകുകയാണ്. സാധനങ്ങൾ എത്തിക്കുന്നവർക്ക് നഗരസഭയുടെ സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.  മെയിൻ ഓഫീസിലും വിമൻസ് കോളേജിലുമായി രണ്ട് ശേഖരണ കേന്ദ്രങ്ങളാണ് നഗരസഭയ്ക്കുള്ളത്. കലക്ഷൻ കേന്ദ്രങ്ങളിൽ നേരിട്ട് എത്തുന്നതിന് പുറമെ വളന്റിയർമാർ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും നിന്നും സാധനങ്ങൾ ശേഖരിക്കുന്നുണ്ട്‌.  ശുചീകരണസാമഗ്രികളാണ് നഗരസഭയ്ക്ക് നിലവിൽ ആവശ്യമുള്ളത്. വേണം വാഹനം ലോഡുകൾ അയക്കാനുള്ള വാഹനമില്ലാത്തത് നഗരസഭ അധികൃതരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. നിലവിൽ ദുരന്തമുഖത്തേക്ക് ലോഡുകളുമായി പോയ വാഹനങ്ങൾ തിരിച്ചെത്തിയാൽ മാത്രമേ ഇവ കയറ്റിഅയക്കുവാൻ സാധിക്കുകയുള്ളൂ. വാഹനങ്ങൾ വിട്ടുനൽകാൻ സന്നദ്ധതയുള്ളവർ വന്നാൽ എത്രയും വേഗം ലോഡുകൾ എത്തിക്കാൻ കഴിയും. 

 
പ്രധാന വാർത്തകൾ
 Top