26 August Monday

കൈകോർത്ത്‌ പഞ്ചായത്തുകൾ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

തിരുവന്തപുരം

ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ  ജില്ലാ പഞ്ചായത്ത് ഓഫീസിൽ തിങ്കളാഴ്ച ആരംഭിച്ച വിഭവ സമാഹാരണ കേന്ദ്രത്തിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജില്ലാ പഞ്ചായത്ത് സമാഹരിച്ച നാല് ലോഡ് അവശ്യവസ്തുക്കൾ മലപ്പുറം, വയനാട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തിരിച്ചു. ഇതിന് പുറമെ ജില്ലാ പഞ്ചായത്ത് സമാഹരിച്ച 15 ലക്ഷം രൂപയുടെ അവശ്യ മരുന്നുകളുടെ ഒരു ലോഡ് കൂടി  ക്യാമ്പുകളിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലയിലെ എല്ലാ ഗ്രാമ, -ബ്ലോക്ക് കേന്ദ്രങ്ങളിലും ചൊവ്വാഴ്ച രാവിലെ മുതൽ കലക്ഷൻ സെന്ററുകൾ തുറന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ, ജില്ലാ ലൈബ്രറി കൗൺസിൽ, കുടുംബശ്രീ തുടങ്ങിയവയുടെ നേതൃത്വത്തിലായിരുന്നു വിഭവസമാഹരണം. പഞ്ചായത്ത് കേന്ദ്രങ്ങളിൽ സംഭരിച്ച അവശ്യ വസ്തുക്കൾ  രാവിലെയോടെ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് എത്തിച്ചുതുടങ്ങി. യുവവളണ്ടിയർമാരും ജില്ലാ പഞ്ചായത്ത് ജീവനക്കാരും ചേർന്നാണ്  കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, വസ്ത്രം, മരുന്നുകൾ, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ തരംതിരിച്ച് കെട്ടുകളാക്കി വാഹനങ്ങളിൽ കയറ്റിയത്.  ഗ്രന്ഥശാലാ സംഘം, കുടുംബശ്രീ പ്രതിനിധികളടങ്ങിയതാണ് വളണ്ടിയർ സംഘം. ചൊവ്വാഴ്ച രാത്രിയോടെ 100 വളണ്ടിയർമാർ കൂടി സംഘത്തോടൊപ്പം ചേരും. ജില്ലാ ആശുപത്രികൾ, പാലിയേറ്റീവ് യൂണിറ്റുകൾ, ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള മെഡിക്കൽ ഷോപ്പുകൾ എന്നിവിടങ്ങളിൽ നിന്നായി സംഭരിച്ച 10 ലക്ഷം രൂപയുടെ മരുന്നുകളും കെഎംഎസ്ആർഎ സംഭാവന ചെയ്ത അഞ്ച്‌ ലക്ഷം രൂപയുടെ മരുന്നുകളുമടങ്ങിയ പ്രത്യേക ലോഡ് ചൊവ്വാഴ്ച രാത്രിയോടെ കലക്ഷൻ പോയിന്റിൽ നിന്നും ക്യാമ്പുകളിലേക്ക് തിരിച്ചു. ഇതിന് പുറമെ ദുരിത ബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനത്തിനായി അഞ്ച്‌ സംഘത്തെ അയക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. പട്ടത്തെ ജില്ലാ പഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കലക്ഷൻ പോയിന്റിലോ ഗ്രാമ-ബ്ലോക്ക് കേന്ദ്രങ്ങളിലോ  വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും വിഭവങ്ങൾ സംഭാവന ചെയ്യാം. തിരുവനന്തപുരം എൻജിനിയറിങ്‌ കോളേജിലെ (സിഇടി) വിദ്യാർഥികൾ ദുരിതബാധിതമേഖലകളിലേക്ക് സമാഹരിച്ച അവശ്യവസ്തുക്കളുമായുള്ള ആദ്യ വാഹനം ചൊവ്വാഴ്‌ച യാത്ര തിരിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഫ്ലാഗ്‌ ഓഫ്‌ ചെയ്തു. സിഐടിയു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം  കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (കെസിഇയു) ദുരിതാശ്വാസ കലക്ഷൻ സെന്റർ ആരംഭിച്ചു. പട്ടം സെന്റ്‌ മേരീസ്‌ ഹയർസെക്കൻഡറി  സ്കൂളിൽ  എൻസിസി,  എസ് പിസി,  സ്കൗട്ട്, സന്നദ്ധ സേന , എൻഎസ്എസ്  തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച കലക്ഷൻ സെന്റർ 15 വരെ പ്രവർത്തിക്കും. തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കലക്ഷൻ സെന്റർ പ്രവർത്തനമാരംഭിച്ചു. വ്യാഴാഴ്‌ച ഉച്ചവരെ സെന്ററിൽ സാധനങ്ങൾ എത്തിക്കാം. എൻഎസ്എസ്, എസ്‌‌പിസി, ജെആർസി സ്റ്റുഡൻസ് പൊലീസ് വളണ്ടിയർമാർ അവശ്യ സാധനങ്ങൾ സംഭരിക്കാൻ വീടുകളിൽ എത്തുകയും ചെയ്യും. സെക്രട്ടറിയറ്റ്‌ എപ്ലോയീസ്‌ അസോസിയേഷന്റെ നേതൃത്വത്തിലും കലക്ഷൻ സെന്റർ ആരംഭിച്ചു. തിരുവനന്തപുരം ചെങ്കൽചൂള ഫയർ സ്‌റ്റേഷനിൽ ഫയർ സർവീസ്‌ അസോസിയേഷൻ ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ ശേഖരിച്ചു. ബുധനാഴ്‌ച മലപ്പുറത്തേക്ക്‌ സാധനങ്ങൾ എത്തിക്കും

പ്രധാന വാർത്തകൾ
 Top