16 September Monday

കലക്ഷൻ സെന്ററിൽ നിന്ന്‌ മടങ്ങിയ ഡിവൈഎഫ്ഐ പ്രവർത്തകരെ ബിജെപിക്കാർ ആക്രമിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

കോവളം 

ദുരിതബാധിതർക്ക്‌ നൽകാൻ അവശ്യവസ്തുക്കൾ നഗരസഭ കലക്ഷൻ സെന്ററിൽ എത്തിച്ച ശേഷം മടങ്ങിവരവേ വാഹനത്തിന്റെ ഡ്രൈവറേയും ഡിവൈഎഫ്ഐ പ്രവർത്തകരേയും ബിജെപിക്കാർ ആക്രമിച്ചു. വാഹനത്തിന്റെ ഡ്രൈവർ കുളത്തൂർ ഉച്ചക്കട ചാമവിള വീട്ടിൽ ബിനുവിന് ഗുരുതര പരുക്കേറ്റു. ഇയാളെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകൻ കോവളം സ്വദേശി സുഭാഷിനെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളം ജങ്‌ഷനിൽവച്ച് ചൊവ്വാഴ്ച വൈകിട്ട് അഞ്ചിനായിരുന്നു സംഭവം. വാഹനത്തിൽ ഡിവൈഎഫ്ഐയുടെ  കൊടി കെട്ടിയിരുന്നതാണ്‌ ബിജെപിക്കാരെ പ്രകോപിപ്പിച്ചത്. കോവളം ജങ്‌ഷനിൽവച്ച് സുഭാഷും മറ്റ് മൂന്ന് ബിജെപിക്കാരും ചേർന്ന് ബിജുവിന്റെ വാഹനം തടഞ്ഞ്‌ ഡിവൈഎഫ്ഐയുടെ കൊടി അഴിച്ചു മാറ്റാൻ ആവശ്യപ്പെട്ടു. കുളത്തൂരിലെ ഡിവൈഎഫ്ഐ പ്രവർത്തകർ ശേഖരിച്ച ദുരിതബാധിതർക്കുള്ള വസ്തുക്കൾ കലക്ഷൻ സെന്ററിൽ ഏൽപ്പിച്ചിട്ടു വരികയാണെന്ന് പറഞ്ഞപ്പോൾ സുഭാഷ് ബിനുവിന്റെ മൂക്കിൽ ആഞ്ഞിടിക്കുകയും കൊടി അഴിച്ചുമാറ്റുകയും കൂടെ ഉണ്ടായിരുന്നവർ ബിനുവിനേയും ഡിവൈഎഫ്ഐ പ്രവർത്തകരേയും ക്രൂരമായി മർദിക്കുകയും ചെയ്തു.

പ്രധാന വാർത്തകൾ
 Top