19 September Thursday

കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

തിരുവനന്തപുരം

കഞ്ചാവ് മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റ യുവാവ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ. വെട്ടുകാട് ബാലനഗർ ടി സി 80/15 46 -ൽ ഫിലോമിനയുടെ മകൻ മിഥുൻ (30) ആണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. ടൈറ്റാനിയം ഫാക്ടറിയിലെ ജീവനക്കാരനായ മിഥുൻ ഭാര്യയും കുഞ്ഞുമൊത്ത് പൂന്തുറയിലാണ് ഇപ്പോൾ താമസം. ഞായറാഴ്ച രാത്രി പത്തരയോടെ ബാലനഗറിലെ വീട്ടിൽ അമ്മ തനിച്ചായതിനാൽ എത്തിയിരുന്നു. ഭക്ഷണം കഴിച്ചശേഷം അമ്മ പതിനൊന്നരയോടെ മകന്റെ ഞരക്കം കേട്ടാണുണർന്നത്. രക്തത്തിൽ കുളിച്ചു കിടന്ന ഇയാളെ ഫിലോമിന ഒറ്റയ്ക്ക് റോഡിലെത്തിച്ച് അതുവഴി കടന്നു പോയ പൊലീസ് ജീപ്പിൽ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മിഥുന്റെ കൂട്ടുകാർ രാത്രി ഇയാളെ വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് ഫിലോമിന പറഞ്ഞു. ശരീരത്തിൽ നിരവധി വെട്ടേറ്റ മുറിവുണ്ടായിരുന്നു. പ്രതികളും മിഥുനും കോൺഗ്രസ് അനുഭാവികളുമാണ്. കഞ്ചാവ് വിൽപ്പനയും ഉപയോഗവും സംബന്ധിച്ച വാക്കുതർക്കമാണ് ആക്രമണത്തിനു കാരണമെന്നറിയുന്നു. വലിയതുറ പൊലീസ് കേസെടുത്തു.

പ്രധാന വാർത്തകൾ
 Top