25 August Sunday

അജ്ഞാത ജീവിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 14, 2019
നെയ്യാറ്റിൻകര 
കൊടങ്ങാവിള ഭാഗത്ത‌് ഭീതി പരത്തിയ  അജ്ഞാത ജീവിയെ പിടികൂടാൻ വനംവകുപ്പ് കൂട് വച്ചു. ഫോറസ്റ്റ് ഓഫീസർ സന്തോഷ‌്കുമാറിന്റെ നേതൃത്വത്തിൽ നാലം​ഗ സംഘമാണ് ഞായറാഴ്ച പരുത്തിപ്പള്ളി റെയ്ഞ്ചിൽ നിന്നെത്തി കൂട് സ്ഥാപിച്ചത‌്. കോഴിയെ കെട്ടിയിട്ടാണ‌് കൂട‌് തയ്യാറാക്കിയിരിക്കുന്നത‌്. ജിവി കുടുങ്ങിയില്ലെങ്കിൽ തിങ്കളാഴ്ച പട്ടിയെ കെട്ടിയിടുമെന്നും ഇവർ അറിയിച്ചു. പത്തടി നീളവും ഏഴ് അടിയോളം വീതിയും അഞ്ചടിയിലേറെ പൊക്കവുമുളളതാണ് കൂട്. കാട് പിടിച്ചുകിടക്കുന്ന പറമ്പുവിളയ്ക്കുള്ളിൽ തന്നെയാണ് കൂട് സ്ഥാപിച്ചത‌്. കഴിഞ്ഞ രണ്ട് മാസമായി ഈ പ്രദേശത്ത്  അജ്ഞാത ജീവി വിഹരിക്കുകയാണ‌്. രാത്രികാലങ്ങളിൽ വീടുകളിൽ നിന്ന് ആട്, കോഴി എന്നിവയെ പിടിച്ചു തിന്നുകയായിരുന്നു പതിവ്.
 
നായ‌്ക്കളാണെന്നാണ‌് നാട്ടുകാർ കരുതിയത്. എന്നാൽ സ്ഥലവാസി ബിന്ദു, മരപ്പണിക്കാരൻ ബാലു എന്നിവർ മൂന്നടിയിലേറെ പൊക്കമുളള ഒരു ജീവിയെ ഇവിടെ കണ്ടു. ഈ പ്രദേശത്ത് പണിപൂർത്തിയാകാതെ കിടക്കുന്ന കെട്ടിടങ്ങളും ഒൻപതേക്കറിലേറെ വരുന്ന ചുറ്റും വേലികെട്ടിയ പുരയിടവുമാണ് ഇതിന്റെ ആവാസ കേന്ദ്രമെന്ന‌് കരുതുന്നു. ഇവിടെ നിന്ന‌് ലഭിച്ച ജീവിയുടെ കാൽപ്പാടുകൾ തമ്മിൽ മൂന്നടിയിലേറെ അകലമുണ്ട്. ഇത‌് പുലിയുടേതിന‌് സമാനമാണ‌്.എന്നാൽ  പുലിയാകാനിടയില്ലെന്ന‌്  ഫോറസ്റ്റ് ഓഫീസർ ജ​ഗദീശൻ പറഞ്ഞു. ജനങ്ങളുടെ ഭീതിയകറ്റാൻ ന​ഗരസഭ പ്രതിജ്ഞാബദ്ധമാണെന്നും നെയ്യാറ്റിൻകര മുനിസിപ്പൽവൈസ് ചെയർമാൻ കെ ​കെ ഷിബു അറിയിച്ചു
 
പ്രധാന വാർത്തകൾ
 Top