20 July Saturday

ഭയം മാറി; നിയാസുദീൻ ബംഗ്ലാദേശിലേക്ക‌് മടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019
പേരൂർക്കട
ഭയപ്പെടുത്തുന്ന ഓർമകളെ തുരത്തി നിയാസുദീൻ സ്വന്തം രാജ്യത്തേക്ക‌് മടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽനിന്ന‌് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ ബംഗ്ലാദേശ‌് സ്വദേശി നിയാസുദീൻ എട്ടുമാസത്തോളം ജില്ലാ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.
 
കോടതി നിർദേശപ്രകാരമാണ‌് നിയാസുദീനെ മാനസികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചത‌്. ചികിത്സ തുടങ്ങുമ്പോൾ നിയാസുദീൻ ഭയചകിതനായിരുന്നു. ആരെയും അടുത്ത‌ുചെല്ലാൻ അനുവദിച്ചിരുന്നില്ല. അടുത്തുവരുന്നവർ തന്നെ ഉപദ്രവിക്കുമെന്ന ചിന്തയായിരുന്നു ഇയാൾക്ക്. കുറച്ചുദിവസത്തെ പരിചരണത്തിനുശേഷം മരുന്ന‌് കഴിച്ചുതുടങ്ങി.  ഇയാൾക്ക‌് ബംഗാളി ഭാഷ മാത്രമേ അറിയൂ എന്നത് ചികിത്സയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കി. ബംഗാളി ഭാഷ അറിയാവുന്ന സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെയാണ് കൗൺസലിങ‌് ആരംഭിച്ചത‌്. ഡോ. വി അരുണിന്റെ നേതൃത്വത്തിലാണ് ചികിത്സ നടത്തിയത്. 
 
ആശുപത്രി സൂപ്രണ്ട് ടി സാഗറിന്റെയും സാമൂഹ്യപ്രവർത്തകരുടെയും ശ്രമഫലമായി വിദേശമന്ത്രാലയം വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. ബന്ധുക്കൾക്ക് കേരളത്തിലെത്താൻ സംസ്ഥാന സർക്കാർ ഇടപെട്ടു. തോട്ടപ്പള്ളി കോസ്റ്റൽ പൊലീസ് എസ്ഐ കെ ജി രതീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ മോഹൻദാസ്, സുമേഷ് എന്നിവരുടെ സംരക്ഷണയിൽ നിയാസുദീനെ പശ്ചിമ ബംഗാൾ ഹരിദാസ്‌പുർ എമിഗ്രേഷൻ ഓഫീസിൽ എത്തിക്കും. അവിടുന്ന് ബംഗ്ലാദേശിലേക്ക‌് കൊണ്ടുപോകും.
പ്രധാന വാർത്തകൾ
 Top