19 September Thursday

ജില്ലയിൽ മാത‍ൃയാനം പദ്ധതിക്ക‌് തുടക്കം

സ്വന്തം ലേഖകൻUpdated: Tuesday May 14, 2019

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ മാതൃയാനം പദ്ധതിയുടെ ഫ്ലാഗ‌് ഓഫ‌് ആരോ​ഗ്യ കേരളം ജില്ലാ പ്രോ​ഗ്രാം മാനേജർ ഡോ. പി വി അരുൺ, ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവൻ എന്നിവർ നിർവഹിക്കുന്നു

നെയ്യാറ്റിൻകര
സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന അമ്മയെയും നവജാത ശിശുവിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി ഇനി തലസ്ഥാന ജില്ലയിലും. നിർധന കുടുംബങ്ങൾക്ക‌് ആശ്വാസമാകുന്ന പദ്ധതിയുടെ ജില്ലാ  ഉദ്ഘാടനം തിങ്കളാഴ്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടന്നു. ആരോ​ഗ്യ കേരളം ജില്ലാ പ്രോ​ഗ്രാം മാനേജർ ഡോ. പി വി അരുൺ, നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ദിവ്യ സദാശിവൻ എന്നിവർ ഫ്ലാ​ഗ് ഓഫ് ചെയ്തു. പുല്ലുവിള സ്വദേശിനി രാജിയും കു‍ഞ്ഞും മാതൃയാനത്തിന്റെ കന്നിയാത്രക്കാരായി. 
 
ദേശീയ ആരോ​ഗ്യദൗത്യത്തിനു കീഴിലുള്ള ജെഎസ്എസ‌്‌കെ പദ്ധതിയിലുൾപ്പെടുത്തിയാണ‌് പദ്ധതി നടപ്പാക്കുന്നത‌്. മൊബൈൽ ആപ്ലിക്കേഷനിലൂടെ ടാക്സി ഡ്രൈവർമാർക്ക് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം. പ്രസവശേഷം ആശുപത്രിയിൽനിന്ന്‌ ഡിസ്ചാർജ് ആകുമ്പോൾ നിർദിഷ്ട ഫോറം പൂരിപ്പിച്ചുനൽകിയാൽ അമ്മയ്ക്കും കു‍ഞ്ഞിനും ടാക്സി സേവനം ലഭ്യമാകും. മുമ്പ‌് സർക്കാർ ആശുപത്രിയിൽ പ്രസവിക്കുന്ന സ്ത്രീക്ക‌് യാത്രാച്ചെലവായി 500 രൂപ നൽകിയിരുന്നു. പലപ്പോഴും ഈ തുക മതിയാകാതെ വരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഴുവൻ യാത്രാച്ചെലവും സർക്കാർ വഹിക്കുന്ന പദ്ധതിക്ക് രൂപംനൽകിയത്. അടുത്തഘട്ടത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്കും പദ്ധതി വ്യാപിപ്പിക്കും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top